- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിനേയും പിണറായിയേയും തിരുത്താൻ തന്റേടമുള്ള നേതാക്കളുണ്ടായിരുന്നു; വെളിയത്തിനും ചന്ദ്രപ്പനും ശേഷം അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജ്ജവമില്ല; ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നത് പക്വത കുറവ്; പ്രായം പ്രശ്‌നമില്ല; 75 വയസ്സെന്നത് തീരുമാനമല്ല നിബന്ധന മാത്രം; മറുനാടനോട് മനസ്സ് തുറന്ന് സി ദിവാകരൻ; സിപിഐയിൽ പ്രശ്‌നം തുടരുമ്പോൾ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കടന്നാക്രമിച്ച് മുതിർന്ന നേതാവ് സി ദിവാകരൻ. 75 വയസ്സ് കഴിഞ്ഞവരെ നേതൃത്വ നിരയിൽ നിന്ന് ഒഴിവാക്കണമെന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വനം നൽകിയ മാർഗ നിർദ്ദേശം മാത്രമാണ്. അത് പാർട്ടി തീരുമാനം ആകണമെങ്കിൽ വിഷയത്തിന്മേൽ ചർച്ച നടക്കണം. പാർട്ടി അംഗങ്ങളും ഘടകങ്ങളും അത് അംഗീകരിക്കണം. അല്ലാതെ മാർഗ നിർദ്ദേശം തീരുമാനം ആണെന്ന് തെറ്റായി വ്യാഖ്യാനിച്ച് വീണ്ടും പദവികളിൽ അഭിരമിക്കാനുള്ള നീക്കം നടത്തുന്നവരുടെ നടപടി പക്വതയില്ലാത്തതാണെന്നായിരുന്നു സി ദിവാകരന്റെ പ്രധാന വിമർശനം.
സിപിഐ വ്യക്തികേന്ദ്രീകൃത പാർട്ടി ആക്കാനുള്ള നീക്കം തടയുമെന്ന് സി ദിവാകരൻ മറുനാടനോട് പറഞ്ഞു. പ്രായം ഒരു പ്രശ്‌നമല്ല: 75 വയസ്സ് നിബന്ധന തീരുമാനമല്ല.അതൊരു മാർഗ നീർദ്ദേശം മാത്രമാണെന്നും സി ദിവാകരൻ മറുനാടൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാർട്ടിയുടെ അമരത്ത് പക്വതയുള്ള നേതാവ് വരണമെന്ന് മുതിർന്ന നേതാവ് തുറന്നു പറഞ്ഞു. സിപിഐയിൽ കാനം രാജേന്ദ്രനെതിരെ അതിശക്തമായ നിലപാട് മറുവിഭാഗം തുടരുമെന്നതിന് തെളിവാണ് ഈ അഭിമുഖം
ഇത്തവണ പാർട്ടി സമ്മേളനം ഗംഭീരമായി നടക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എല്ലാ വിഷയങ്ങളിലും പുരോഗമന പരമായ ചർച്ചകൾ നടക്കും. ചർച്ചകളിലൂടെയാണ് നയ തീരുമാനങ്ങൾ രൂപീകരിക്കപ്പെടുന്നത്. അതിന് മുമ്പ് ചിലരുടെ ആഗ്രഹങ്ങൾ പാർട്ടി തീരുമാനമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇക്കാര്യം പരസ്യമായി പറയുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്നും സി ദിവാകരൻ പറഞ്ഞു. പിണറായി വിജയനോടും വി എസ് അച്യുതാനന്ദൻ തുടങ്ങിയ വലിയ സിപിഎം നേതാക്കളോടും ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ തന്റേടമുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വെളിയം ഭാർഗവൻ, സികെ ചന്ദ്രപ്പൻ എന്നിവർക്ക് ശേഷം സിപിഐയുടെ അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജവും ഇല്ലാതെ പോയി.
മുന്നണി സംവിധാനത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അത് രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഏടുക്കേണ്ടതാണ്. സിപിഎം വലിയ പാർട്ടിയാണ്. സുപ്രധാനപ്പെട്ട അധികാരങ്ങളൊക്കെ കയ്യാളുന്ന പാർട്ടി സിപിഎം ആണ്. അതുകൊണ്ട് സിപിഐക്ക് പലപ്പൊഴും സിപിഎം എടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കേണ്ടി വന്നിട്ടുണ്ട്.അതൊരു കുറവായി കാണേണ്ടതില്ലെന്നും സി ദിവാകരൻ വ്യക്തമാക്കി. സമ്മേളനം തുടങ്ങും മുമ്പേ ഞാനാണ് എല്ലാം ഇനിയും ഞാൻ തന്നെയാകും എല്ലാം എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ ശക്തമായി പറയും-ദിവാകരൻ പറഞ്ഞു.
സിപിഐയിൽ പക്ഷങ്ങളുണ്ടെന്ന് പറയുന്നതും സമർത്ഥിക്കാൻ ശ്രമിക്കുന്നതും മാധ്യമങ്ങളാണ്. എനിക്ക് പക്ഷം ഇല്ലെന്നും എന്റേ പേരിൽ ഗ്രൂപ്പില്ലെന്നും സി ദിവാകരൻ അടിവരയിട്ടു. തനിക്കൊപ്പം നിന്നാൽ ഒന്നും കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം.അതുകൊണ്ടാകാം തന്റെ പേരിൽ ആരും ഗ്രൂപ്പ് തുടങ്ങാത്തത്. എന്റെ ഗ്രൂപ്പും പക്ഷവും സിപിഐ ആണ്. ആജീവനാന്തം പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യരെ പ്രായത്തിന്റെ പേരിൽ അകറ്റുന്നതിനോടാണ് വിയോജിപ്പ്.അത് പാർട്ടി വേദികളിൽ ഇനിയും ശക്തമായി ഉന്നയിക്കും. ഇതേ കാര്യം പാർട്ടി തീരുമാനമായി വരികയാണെങ്കിൽ താൻ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളാനാകില്ല. എന്നാൽ സമവായത്തിലൂടെ കാര്യങ്ങളിൽ തീരുമാനം വരും എന്നാണ് തന്റെ പ്രതീക്ഷ. കാനം തന്നെ പാർട്ടി സെക്രട്ടറിയായി തുടരാനുള്ള സാധ്യതയും സി ദിവാകരൻ തള്ളിക്കളയുന്നില്ല.
കെല്ലം ജില്ലയാണ് പാർട്ടിയുടെ ശക്തി കേന്ദ്രം. കെ പ്രകാശ് ബാബു തുടങ്ങിയ നേതാക്കൾ അമരത്തേക്ക് വരണമെന്ന് അണികൾ ആഗ്രഹിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. രണ്ടാം ഇടതുമുന്നണി സർക്കാരിലെ സിപിഐ മന്ത്രിമാർ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വിമർശനങ്ങൾ ധാരാളം ഉണ്ട്. അതിനെല്ലാം മറുപടി പറയാനും എല്ലാവരെയും പ്രീതിപ്പെടുത്താനും മന്ത്രിമാർക്ക് ആകണമെന്നില്ല. എങ്കിലും മന്ത്രിമാരെല്ലാം മോശക്കാരെന്ന വിമർശനത്തോട് യോജിക്കാൻ കഴിയില്ല .
മലബാറിൽ സിപിഐ തീരെ ശക്തിയില്ലാത്ത പാർട്ടിയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെ പാർട്ടി ശക്തമാണ്. മലബാർ മേഖയിൽ പാർട്ടി ശക്തമാകണം. സി കെ ചന്ദ്രപ്പൻ വരെയുള്ള പാർട്ടിയോട് ഇന്നത്തെ പാർട്ടിയെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. ഇന്നുള്ള നേതൃത്വത്തിന് മുൻ നേതാക്കളുടെ അത്ര പക്വത ഇല്ല. ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരെ അണികൾ ഉൾക്കൊള്ളുകയില്ല. നിർഭാഗ്യവശാൽ ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ഇന്ന് സിപിഐ എന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.
അതേ സമയം ആരോപണങ്ങൾക്ക് പരസ്യമായി ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും പാർട്ടി സമ്മേളനം കഴിഞ്ഞ് പരസ്യ പ്രതികരണം നടത്താമെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു .