കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരേ ഒരാഴ്ച നീളുന്ന ദേശീയ പണിമുടക്ക് നടത്താൻ ആലോചനയുമായി ഐ.എൻ.ടി.യു.സി രംഗത്ത്. കൊച്ചിയിൽ നടന്ന ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്തതായി ഐ.എൻ.ടി.യു.സി. ദേശീയ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഡി പറഞ്ഞു.

തൊഴിലാളിപ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് താക്കീത് നൽകാനാണ് സമരം നടത്തുന്നത്. തീയതികൾ നിശ്ചയിക്കുക ഇതര ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് സഞ്ജീവ റെഡ്ഡി പറഞ്ഞു.

സ്വകാര്യവത്കരണത്തിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തും. കേന്ദ്ര ബജറ്റിൽ തൊഴിലാളിവിരുദ്ധ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കും. ബജറ്റ് അവതരണദിനം തന്നെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ ശക്തമായി ചെറുക്കും. സ്വകാര്യവത്കരണം, അടച്ചുപൂട്ടൽ, ലിക്വിഡേഷൻ എന്നിങ്ങനെ പല പേരുകളിൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുകയാണ്.

പ്രതിരോധം, കൽക്കരി, ഊർജം, ഖനി, വ്യോമയാനം, ഇൻഷുറൻസ്, നിർമ്മാണം, പെൻഷൻ ഫണ്ട്, റയിൽവേ, ഫാർമസ്യൂട്ടിക്കൽ തുടങ്ങി നിർണായക മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക വഴി ഈ മേഖലകളിൽ രാജ്യത്തിനുള്ള നിയന്ത്രണം നഷ്ടമാകുകയും സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

സർക്കാരുകളിൽ കോർപ്പറേറ്റുകൾ പിടിമുറുക്കുന്നത് തൊഴിലാളിവർഗത്തിന് കടുത്ത വെല്ലുവിളിയാണെന്ന് ദേശീയ പ്രവർത്തക സമിതി വിലയിരുത്തി. ട്രേഡ് യൂണിയനുകളുടെ ഐക്യത്തോടെയുള്ള പോരാട്ടം അനിവാര്യമാണ്. കേന്ദ്രതലത്തിലുള്ള സഹകരണം താഴെത്തട്ടിൽ എത്തിക്കാൻ യൂണിയൻ നേതൃത്വങ്ങൾ ശ്രമിക്കണം.

കരാർ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാത്തത് ആശങ്കാജനകമാണ്. ലോക ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങൾ ലോക ശ്രദ്ധയിൽ കൊണ്ടുവരാനും പ്രവർത്തക സമിതി ആഹ്വനം ചെയ്തു.