- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയും ആർ ചന്ദ്രശേഖരനും തമ്മിൽ 'മച്ചാൻ-മച്ചാൻ'തന്നെ! ഐഎൻടിയുസി ആസ്ഥാന മന്ദിരം പണിതുയർത്തിയത് സിപിഎം ഭരിക്കുന്ന കോർപ്പറേഷനിൽ പ്ളാൻ പോലും സമർപ്പിക്കാതെ; ഐഎൻടിയുസി നേതാവിന് മുന്നിൽ ചട്ടങ്ങളെല്ലാം വഴിമാറി; രാഹുൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി ചറപറ കത്തുകൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോടികൾ മുടക്കി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ബഹുനില മന്ദിരം പണിതത് കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നുമുൾപ്പെടെ യാതൊരു അനുമതിയും വാങ്ങാതെ. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും കോർപ്പറഷൻ ഓഫീസുകളിലെ എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കും ഇതുസംബന്ധിച്ച പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനുവേണ്ടി നിയമങ്ങളെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപമാണ് ഉയരുന്നത്. പ്ളാൻ സമർപ്പണം മുതലുള്ള യാതൊരു അപേക്ഷയും നൽകാതെ കോർപ്പറേഷനിൽ നിന്ന് പുതിയ കെട്ടിട നമ്പർവരെ കെട്ടിടത്തിന് നൽകിയെന്നാണ് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതോടെ അടുത്തമാസം മൂന്നിന് ആണ് കെ.കരുണാകരൻ സ്മാരകമായി നിർമ്മിച്ച ഐഎൻടിയുസി സംസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽഗാന്ധിയെ തന്നെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും കെട്ടിടം നിർമ്മിച്ചത് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണെന്ന് എഐസിസി ആസ്ഥാനത്തേക്കും കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും വിവരാവകാശ രേഖ സഹിതം കത്തുകൾ അയച്ചിരിക്കുകയാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കൾ. രാഹുൽ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയാൽ കോർപ്പറേഷനിലെ മുഖ്യ പ്രതിപക്ഷമായ ബിജെപിതന്നെ ഇക്കാര്യം ഉയർത്തിക്കാട്ടി രാഹുലിനെതിരെ പ്രതിഷേധവുമായി എത്തുന്നത് നാണക്കേടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മെയ് മൂന്നിന് നടത്താനിരുന്ന കെട്ടിടോദ്ഘാടനവും അനിശ്ചിതത്വത്തിലായി.
സാധാരണക്കാരനായ ഒരാൾ വീടുവയ്ക്കുമ്പോഴോ മറ്റെന്തെങ്കിലും കെട്ടിടം നിർമ്മിക്കുമ്പോഴോ റോഡിൽ നിന്നുള്ള ദൂരപരിധി മുതൽ സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും വരെ അളന്നും കുഴിച്ചും നൂറുനൂറ് നുലാമാലകൾ തീർക്കുന്നതിൽ കുപ്രസിദ്ധമാണ് തിരുവനന്തപുരം കോർപ്പറേഷൻ. സിപിഎമ്മിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഭരിക്കുന്ന കോർപ്പറേഷൻ ഇപ്പോൾ മുഖ്യ എതിരാളികളായ കോൺഗ്രസിന്റെ തൊഴിലാളി വിഭാഗത്തിന് വേണ്ടി ആസ്ഥാന മന്ദിരം നിർമ്മിച്ചതിന് വഴിവിട്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുപ്പം ഇതിനുമുമ്പും പലകുറി ചർച്ചയായതാണ്.
അടുത്തിടെ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് നടന്ന വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം വഴിതടയാനും കടകൾ അടപ്പിക്കാനും ഐഎൻടിയുസിയേയും തോളോടുതോൾ ചന്ദ്രശേഖരൻ അണിനിരത്തിയത് ്പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ പലയിടത്തും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും അരങ്ങേറി. ഇതെല്ലാം ചർച്ചയാകുന്നതിനിടെയാണ് സിപിഎം ഭരിക്കുന്ന തലസ്ഥാന കോർപ്പറേഷൻ ഐഎൻടിയുസിയുടെ ആസ്ഥാന മന്ദിരത്തിന് വഴിവിട്ട സഹായം ചെയ്ത് അനധികൃതമായി കെട്ടിടം കെട്ടിയുയർത്താൻ സഹായം നൽകിയിരിക്കുന്നത്.
കോർപ്പറേഷനിലെ മുഖ്യപ്രതിപക്ഷമായ ബിജെപി ഈ വിഷയത്തിൽ ബന്ധപ്പെട്ട വിവരാവകാശ രേഖകൾ എല്ലാം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽഗാന്ധി നേരിട്ട് ഉദ്ഘാടനം ചെയ്യുമ്പോൾ വിഷയം ദേശീയ തലത്തിൽ തന്നെ അവർ ചർച്ചയാക്കുമെന്നുമാണ് കോൺഗ്രസിലെ ഒരുവിഭാഗം മുതിർന്ന നേതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നത്. ബിജെപി നേതാവ് വി.വി. രാജേഷാണ് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ്. രാജേഷിന് ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇന്ന് രാഹുൽഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് താരിഖ് അൻവർ, ദേശീയ ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ എന്നിവർക്കെല്ലാം ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിരിക്കുകയാണ് നേതാക്കളിൽ ചിലർ. ഇതോടെ മെയ് മൂന്നിന് നടത്താനിരിക്കുന്ന കെട്ടിടോത്ഘാടനത്തിലും അന്നുതന്നെ കോവളത്ത് നടക്കുന്ന ഐഎൻടിയുസി പ്ളാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും രാഹുൽഗാന്ധി പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് 2014-15 കാലഘട്ടത്തിലാണ് തലസ്ഥാനത്ത് ദേശീയപാതയുടെ അടുത്തുതന്നെ എട്ടര സെന്റും ഒരു നില കെട്ടിടവും ഐഎൻടിയുസിക്കായി കോടികൾ മുടക്കി വാങ്ങുന്നത്. ഈ കെട്ടിടം മൂന്നുനില കെട്ടിടമാക്കി ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സഹിതമാണ് പുതുക്കി പണിതത്. എന്നാൽ മുൻകെട്ടിടത്തിന് നികുതിയിനത്തിൽ തന്നെ ലക്ഷങ്ങൾ കുടിശ്ശികയുണ്ടായിട്ടും അതുപോലും വാങ്ങാതെ പുതിയ നമ്പർ അനുവദിച്ചുകൊടുക്കുകയായിരുന്നു കോർപ്പറേഷൻ. ഇതോടൊപ്പം ഫയർഫോഴ്സിൽ നിന്നും ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും കെഎസ്ഇബിയിൽ നിന്ന് ലിഫ്റ്റ് സ്ഥാപിക്കാൻ എൻഒസിയുമെല്ലാം ഒപ്പിച്ചുകൊടുത്ത് വിവിധ സർക്കാർ വകുപ്പുകളും വഴിവിട്ട സഹായം ചെയ്തു. ഇതിനു പുറമെ എയർപോർട്ടിന് സമീപത്ത് ആയതിനാൽ ലഭിക്കേണ്ട എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടേയും സതേൺ എയർ കമാന്റിന്റെ അനുമതിയുമെല്ലാം കോർപ്പറേഷനിൽ നിന്ന് വഴിവിട്ട രേഖകൾ ഹാജരാക്കി നേടിയെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ വിവരാവകാശ രേഖകൾ സഹിതമാണ് രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ കത്തുനൽകിയിട്ടുള്ളത്. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.
കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായും പണാപഹരണവുമായും മറ്റ് കൃത്രിമങ്ങളുമായും ബന്ധപ്പെട്ട് വിവിധ സോണൽ ഓഫീസുകളിലെ ജീവനക്കാർ അറസ്റ്റിലാവുകയും സസ്പെൻഷനിലാവുകയും ചെയ്തത് അടുത്തിടെയാണ്. ഇതിൽ ചിലരുടെ സഹായത്തോടെ തന്നെയാണ് ഐഎൻടിയുസി സ്മാരകമന്ദിരത്തിന് പ്ളാൻപോലും നൽകാതെ പുതിയ ടിസി നമ്പർ നൽകിയതെന്നാണ് ആക്ഷേപം. മുട്ടത്തറ വാർഡിലെ ബിൽഡിങ് ഇൻസ്പെക്ടർക്ക് എതിരെയുൾപ്പെടെ ഇതുസംബന്ധിച്ച് ആക്ഷേപം ഉയരുകയും പരാതികൾ കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും നൽകുകയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
രാഹുൽ പങ്കെടുക്കുന്നത് പുനപരിശോധിക്കണമെന്ന് നേതാക്കൾ
മെയ് മൂന്ന് നാല് തീയതികളിൽ തിരുവനന്തപുരത്ത നടക്കുന്ന ഐഎൻടിയുസി അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി മീറ്റിങ് അങ്ങാണ് ഉദ്ഘാടനം ചെയ്യുന്നത് എ്ന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നുപറഞ്ഞാണ് രാഹുൽ ഗാന്ധിക്കുവേണ്ടി തയ്യാറാക്കിയ കത്ത് ആരംഭിക്കുന്നത്. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസും അങ്ങാണ് ഉദ്ഘാടനം ചെയ്യുന്നത് എ്ന്നാണ് പരസ്യം ചെയ്തിട്ടുള്ളത്. ഈ കെട്ടിടം സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തിരുവനന്തപുരം സിറ്റി കോർപ്പറേഷന് കീഴിൽ വരുന്ന ഈ കെട്ടിടത്തിന് യാതൊരുവിധ ഔദ്യോഗിക അപേക്ഷയോ പ്ളാനിനൊപ്പം സമർപ്പിക്കേണ്ട ഫയർആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റഅ, എയർ പോർട്ടിന് അടുത്തായതിനാൽ സതേൺ എയർകമാന്റ്, എയർപോർട്ട് അഥോറിറ്റി എന്നിവരുടെ എൻഒസി, ജില്ലാ ഇലക്ടറൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് ലിഫ്റ്റ് സ്ഥാപിക്കാൻ ലഭിക്കേണ്ട എൻഒസി എന്നിവയൊന്നും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ അയച്ച കത്തിൽ പറയുന്നു. കോർപ്പറേഷന് ഏതെങ്കിലും തരത്തിലുള്ള ബാധ്യത ഉണ്ടെങ്കിൽ കുടിശ്ശിക രഹിത സർട്ടിഫിക്കറ്റ്, പ്ളാനിന്റെ കോപ്പി, കരം അടച്ച രസീതുകൾ അടക്കം ഒന്നും സമർപ്പിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ രേഖകൾ ശേഖരിച്ച് പ്രതിഷേധത്തിനായി കാത്തിരിക്കുകയാണ്. - കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കോർപ്പറേഷനിൽ നിന്ന് ചില ഉദ്യോഗസ്ഥർ യാതൊരു രേഖയും വാങ്ങാതെ അമിതമായി പണം കൈക്കൂലിയായി വാങ്ങി കെട്ടിടത്തിന് ഔദ്യോഗികമായി വ്യാജ നമ്പരുകൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ സസ്പെൻഷനിലും അന്വേഷണപരിധിയിലുമാണ്. ഇതിലെ യാഥാർത്ഥ്യം തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിൽ വിവരാവകാശ പ്രകാരം ലഭിച്ച പത്ത് രേഖകൾ സഹിതമാണ് രാഹുലിനും കെസി വേണുഗോപാലിനും താരിഖ് അൻവറിനും ഉൾപ്പെടെ കത്തുകൾ അയച്ചിട്ടുള്ളത്.
നികുതി കുടിശ്ശിക അടയ്ക്കാതെ പുതിയ നമ്പർ
മുട്ടത്തറ വാർഡിൽ ഈഞ്ചക്കലിൽ നിന്ന് പൂന്തുറയിലേക്ക് പോകുന്ന വഴി ദേശീയപാതയുടെ വലതുവശത്താണ് പരുത്തിക്കുഴിയിൽ പുതിയ ഐഎൻടിയുസി മന്ദിരം. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ വാർഷി നികുതി 18,055 രൂപയായിരുന്നു. ഇത് 2014-15 വർഷംവരെ ഒടുക്കിയിട്ടുണ്ട്. അതായത് ഐഎൻടിയുസിക്കായി വാങ്ങുന്നത് വരെ മാത്രം. അതിന് ശേഷം നികുതി അടക്കാതായതോടെ 1,39,751 രൂപ കുടിശ്ശികയായി. അതിനാൽ തന്നെ ബാധ്യതാ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നികുതി കുടിശ്ശികയുള്ള കെട്ടിടത്തിന് മുകളിൽ നിലകൾ പണിയുന്നതിന് അനുമതി ലഭിക്കണമെങ്കിൽ ബാധ്യത തീർത്ത് അപേക്ഷ നൽകണമെന്നാണ് ചട്ടം. എന്നാൽ അപേക്ഷ പോലും നൽകാതെ പണിത കെട്ടിടത്തിന് പുതിയ ടിസി നമ്പർ നൽകുകയായിരുന്നു കോർപ്പറേഷൻ.
സമാനമായ രീതിയിലാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് ലിഫ്റ്റിന് അനുമതി നേടിയെടുത്തതെന്നും അതിനും ലിഫ്റ്റ് സ്ഥാപിക്കാനുമെല്ലാം സർക്കാരിലെ അടുപ്പം മുതലെടുത്ത് ഇടപെടലുകൾ നടത്തിയെന്നുമാണ് ആക്ഷേപം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വിവിധ വകുപ്പുകളിൽ മുഖ്യമന്ത്രി പിണറായിയുമായുള്ള ബന്ധം ഉപയോഗിച്ച് വഴിവിട്ട ഇടപെടലുകൾ നടത്തിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലിഫ്റ്റിന് ഉൾപ്പെടെ അനുമതി നൽകാൻ വിസമ്മതിച്ച ഒരു കെഎസ്ഇബി ഓഫീസറെ സ്ഥലംമാറ്റിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിന് പുറമെ പാർക്കിങ്് ഏരിയ അനുവദിച്ചതിലെ ക്രമക്കേടും സൈഡ് യാർഡ്, റിയർ യാർഡ് എന്നിവയൊന്നും പാലിക്കാതെ കെട്ടിടം ഉയർത്തിയെന്ന പരാതിയും ഉയർന്നിട്ടുള്ളത്.
ഇക്കാര്യങ്ങളെല്ലാം കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുന്നിലും എത്തിച്ചിരുന്നെന്നും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നു. പക്ഷേ, സുധാകരനും ഈ വിഷയം രാഹുൽഗാന്ധിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപെടുത്തുന്നതിന് ശ്രദ്ധിച്ചില്ലെന്ന ആക്ഷേപമാണ് അവർ ഉയർത്തുന്നത്. ഏതായാലും വിഷയം ഹൈക്കമാന്റിന് മുന്നിൽ എത്തിയതോടെ ഇനി രാഹുൽഗാന്ധി ഈ കെട്ടിടം ഉദ്ഘാടനത്തിലും ഐഎൻടിയുസി സമ്മേളനത്തിലും പങ്കെടുക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. രാഹുൽ വരുന്ന സാഹചര്യമുണ്ടായാൽ വിഷയം മാധ്യമങ്ങളിലൂടെ ഉയർത്തി ദേശീയ തലത്തിൽ തന്നെ ഇക്കാര്യം ബിജെപി ചർച്ചയാക്കുമോ എന്നതും ചർച്ചയായിട്ടുണ്ട്.
കെ എം വിനോദ്കുമാര് തിരുവനന്തപുരം ന്യൂസ് കോണ്ട്രിബ്യൂട്ടര്