തിരുവനന്തപുരം: യുവതിയും ആൺസുഹൃത്തും ചേർന്ന് തന്റെ ലിംഗം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. കേസിൽ താൻ തെറ്റുകാരനല്ല. തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവർക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസിലെ ഗൂഢാലോചനയിൽ ഡിജിപി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും എല്ലാം മാഡത്തിന്റെ അറിവോടെയാണെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസിൽ യുവതിയേയും ആൺസുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേർക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

'പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.'സ്വാമി പറഞ്ഞു.

തന്റെ ലിംഗം മുറിച്ചത് എന്തിനാണെന്നും ഉണർന്നപ്പോൾ രക്തം ചീറ്റുന്നതാണ് കണ്ടതെന്നും ഗംഗേശാനന്ദ പറയുന്നു. താൻ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ 24 ലക്ഷം രൂപ ചെലവാക്കി പെൺകുട്ടിയുടെ വീട്ടുകാർ വാങ്ങി നൽകിയതാണെന്നും ഗംഗേശാനന്ദ പറയുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചുവെന്ന് പറഞ്ഞ യുവതി പിന്നീട് കേസിൽ സ്വാമിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവുണ്ടായത്. തനിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരാണ് എല്ലാത്തിനും പിന്നിലെന്നാണ് ഗംഗേശാനന്ദ പറയുന്നത്.

പരാതിക്കാരിയായ യുവതിയും ആൺസുഹൃത്ത് അയ്യപ്പദാസും ചേർന്നാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഢാലോചന നടത്തിയത്. കേസിൽ ഇരുവരേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.

സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുൻപ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലുംവച്ചു കൂടിക്കാഴ്ച നടത്തുകയും ജനനേന്ദ്രിയം ഏതു തരത്തിൽ ഛേദിക്കണമെന്ന് ചർച്ച നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.