തിരുവനന്തപുരം: എൽഎൽ.ബി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പൊലീസ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പിടിയിലായ സംഭവത്തിൽ ഡി.ജി.പി. റിപ്പോർട്ട് തേടി. ലോ അക്കാദമി ലോ കോളേജിൽ പബ്ലിക് ഇന്റർനാഷണൽ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പൊലീസ് ട്രെയിനിങ് കോളേജിലെ സീനിയർ ലോ ഇൻസ്‌പെക്ടർ ആദർശിനെ കോപ്പിയടിച്ചതിനു സർവകലാശാല സ്‌ക്വാഡ് പിടികൂടിയത്. സിഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആദർശ്.

കോപ്പിയടിച്ചതിന് പൊലീസ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേരെയാണ് സർവകലാശാലാ സ്‌ക്വാഡ് പിടികൂടിയത്. പിടിയിലായ പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇൻസ്‌പെക്ടർ ആദർശ് ലോ അക്കാദമി ലോ കോളജിൽ ഈവനിങ് കോഴ്‌സ് വിദ്യാർത്ഥിയാണ്. ഉദ്യോഗസ്ഥനെതിരെ സർവകലാശാലയുടെ നടപടിക്കു പുറമേ വകുപ്പു തല നടപടിയും ഉണ്ടാകുമെന്നാണു സൂചന.

കോപ്പിയടിക്കു പിടിയിലായ മറ്റു മൂന്നു പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിയിടെയായിരുന്നു സ്‌ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയ്ക്കിടെ വിവിധ ഹാളുകളിൽ നിന്നാണു നാല് പേർ പിടിയിലായത്.

കോപ്പിയടി ഉൾപ്പെടെ ക്രമക്കേടുകൾ തടയാൻ കോളജ് അധികൃതർ നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കിനിൽക്കെയാണ് കോപ്പിയടി നടന്നത്. ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിലെടുത്ത പരിശോധക സംഘം പരീക്ഷാർഥികളിൽ നിന്നു സത്യവാങ്മൂലവും എഴുതിവാങ്ങി.

കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്ക് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നു തൊണ്ടിയായി പിടിച്ചെടുത്തു. പഠനാവശ്യത്തിനെന്ന പേരിൽ രണ്ടു മാസമായി ഉദ്യോഗസ്ഥൻ അവധിയിലാണെന്ന് ട്രെയിനിങ് കോളജ് അധികൃതർ അറിയിച്ചു. ക്രമക്കേടിനു പിടിയിലായവരുടെ ഹിയറിങ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.

പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജോൺകുട്ടിയോടാണ് റിപ്പോർട്ട് നൽകാൻ ഡി.ജി.പി. ആവശ്യപ്പട്ടിട്ടുള്ളത്. നിയമവിദ്യാർത്ഥിയായിരിക്കെത്തന്നെ പൊലീസ് ട്രെയിനികൾക്ക് നിയമത്തെക്കുറിച്ച് ആദർശ് ക്ലാസെടുത്തിരുന്നു. നിയമ വിദ്യാർത്ഥിയായിരിക്കെ ഇങ്ങനെ ക്ലാസ് എടുക്കാമോയെന്നും അന്വേഷിക്കുന്നു. പ്രിൻസിപ്പലിന്റെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും.

കോപ്പിയടിച്ചതിന് പിടിയിലായ ഒരു വിദ്യാർത്ഥി സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയതാണ്. രണ്ടുപേർ റെഗുലർ കോഴ്സ് വിദ്യാർത്ഥികളാണ്. പരിശോധനാസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയും അച്ചടക്കനടപടി സ്വീകരിക്കും.