ന്യൂഡൽഹി : മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശനാണ്യചട്ടം ലംഘിച്ചതിനാണ് അന്വേഷണം നടത്തുക.കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുക. 

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്നും മന്ത്രി കെ ടി ജലീൽ റംസാൻ കിറ്റ് അടക്കമുള്ള സഹായം സ്വീകരിച്ചതാണ് വിവാദമായത്. യുഎഇ കോൺസുലേറ്റിൽ നിന്നും സഹായം കൈപ്പറ്റിയതായി മന്ത്രി ജലീൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് വിദേശനാണ്യനിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കേന്ദ്രസർക്കാരിന് മുന്നിലെത്തിയത്. ഇതേത്തുടർന്നാണ് അന്വേഷണത്തിന് തീരുമാനിച്ചത്.

എൻഫോഴ്സ്മെന്റും ഇക്കാര്യത്തിൽ അന്വേഷണം നടത്തും. കേന്ദ്രസർക്കാർ അനുമതിയില്ലാതെ നേരിട്ട് കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടത് ചട്ടലംഘനമാണ്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ മറ്റുരാജ്യങ്ങളുടെ കോൺസുലേറ്റിൽ നിന്നും പണമോ, പാരിതോഷികങ്ങളോ കൈപ്പറ്റരുതെന്നാണ് ചട്ടം.

എന്നാൽ ജലീലിന്റെ കാര്യത്തിൽ ഇത് പ്രഥമദൃഷ്ട്യാ ലംഘിക്കപ്പെട്ടു എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കൂടാതെ യുഎഇ കോൺസുലേറ്റിൽ നിന്നും ഖുർ ആൻ കൊണ്ടു വന്നതിനെപ്പറ്റിയും അന്വേഷിക്കും. ഇക്കാര്യത്തിൽ എൻഐഎയും അന്വേഷണം നടത്തുമെന്നാണ് സൂചന. അന്വേഷണം സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങും.

അതേ സമയം യുഎഇ കോൺസുലേറ്റ് വഴി വന്ന പതിനെട്ടു ടൺ ഈന്തപ്പഴത്തിന്റെ വിതരണ ഉദ്ഘാടനം നിർവഹിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയനും കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയ മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്നാരോപിച്ച് വിദേശകാര്യമന്ത്രാലയത്തിനു പരാതി പോയിരിരുന്നു എഫ്സിആർഎ ഡയറക്ടർക്കും ഡയറക്ടർക്കും എൻഐഎയ്ക്കും സിബിഐക്കും ഇതേ കാര്യത്തിൽ പരാതി പോയിട്ടുണ്ട്.

സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയിരുന്നത്. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്, അതിഗുരുതരമായ ലംഘനമാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല. വിദേശകാര്യാമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

പാവപ്പെട്ടവർക്ക് സക്കാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തതെന്ന് മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചത്.

'ഇതിന്റെ പേരിൽ യു.ഡി.എഫ്. കൺവീനർ ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റു വാങ്ങാൻ ആയിരം വട്ടം ഞാനൊരുക്കമാണ്.' ഒരിടത്തും അപ്പീലിന് പോലും പോകില്ലെന്നും ജലീൽ പ്രതികരിച്ചിരുന്നു. രാജ്യദ്രോഹം, പ്രോട്ടോക്കോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം? എന്ന ചോദ്യത്തോടെയാണ് ജലീൽ കുറിപ്പിലൂടെ പ്രതികരിച്ചത്.