- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറത്ത് വെടിയുണ്ടകളും മൈനുകളും നിക്ഷേപിച്ചത് കലാപമുണ്ടാക്കാനുള്ള ശ്രമമോ? സൈന്യത്തിൽ നിന്നോ ആയുധം നശിപ്പിക്കാൻ നൽകുന്ന ഡിപ്പോയിൽ നിന്നോ തരപ്പെടുത്തി നിക്ഷേപിച്ച് അയ്യപ്പന്മാരെ ലക്ഷ്യമിട്ടെന്ന പ്രചരണം നടന്നതും ആസൂത്രിതം; സൈന്യത്തിന്റെ നിസ്സഹകരണത്തിലും സംശയമുണ്ടെന്ന തരത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട്
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ ബോംബ് നിക്ഷേപിച്ചത് ബോധപൂർവ്വമായ നീക്കമാണെന്ന് സംശയം. സൈന്യവുമായോ ഓർഡിനൻസ് ഡിപ്പോയുമായോ ബന്ധമുള്ളവരായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ശ്രമം സംഭവത്തിനു പിന്നിലുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സ്ഥലം സന്ദർശിച്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ശബരിമലയിലേക്കു പോകുന്ന അയ്യപ്പ ഭക്തരെയും മിനി പമ്പയെയും ലക്ഷ്യമിട്ടാണ് ബോംബ് നിക്ഷേപിച്ചതെന്ന് നേരത്തെ അഭ്യൂഹങ്ങൾ പടർന്നിരുന്നു. മാവോയിസ്റ്റുകളാകാം സംഭവത്തിനു പിന്നിലെന്നും സംശയം ഉയർന്നു. എന്നാൽ സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകളും മൈനുകളും ആണെന്നതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. സൈന്യവുമായോ, നശിപ്പിക്കാനുള്ള ആയുധങ്ങൾ നൽകുന്ന ഡിപ്പോയുമായോ ബന്ധമുള്ളവരാകാം ഈ ആയുധങ്ങൾ നിക്ഷേപിച്ചതിന് പിന്നിലെന്നാണ് നിഗമനം. ആയുധങ്ങൾ തരപ്പെടുത്തി പാലത്തിനടിയിൽ നിക്ഷേപിച്ചതിനു പിന്നിൽ ബോധപൂർവമായ അജണ്ടയുണ്ടെന്നാണ് വിലയിരുത്തു
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ ബോംബ് നിക്ഷേപിച്ചത് ബോധപൂർവ്വമായ നീക്കമാണെന്ന് സംശയം. സൈന്യവുമായോ ഓർഡിനൻസ് ഡിപ്പോയുമായോ ബന്ധമുള്ളവരായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ശ്രമം സംഭവത്തിനു പിന്നിലുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സ്ഥലം സന്ദർശിച്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നു.
ശബരിമലയിലേക്കു പോകുന്ന അയ്യപ്പ ഭക്തരെയും മിനി പമ്പയെയും ലക്ഷ്യമിട്ടാണ് ബോംബ് നിക്ഷേപിച്ചതെന്ന് നേരത്തെ അഭ്യൂഹങ്ങൾ പടർന്നിരുന്നു. മാവോയിസ്റ്റുകളാകാം സംഭവത്തിനു പിന്നിലെന്നും സംശയം ഉയർന്നു. എന്നാൽ സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകളും മൈനുകളും ആണെന്നതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നത്. സൈന്യവുമായോ, നശിപ്പിക്കാനുള്ള ആയുധങ്ങൾ നൽകുന്ന ഡിപ്പോയുമായോ ബന്ധമുള്ളവരാകാം ഈ ആയുധങ്ങൾ നിക്ഷേപിച്ചതിന് പിന്നിലെന്നാണ് നിഗമനം. ആയുധങ്ങൾ തരപ്പെടുത്തി പാലത്തിനടിയിൽ നിക്ഷേപിച്ചതിനു പിന്നിൽ ബോധപൂർവമായ അജണ്ടയുണ്ടെന്നാണ് വിലയിരുത്തുന്നത്.
എന്നാൽ അന്വേഷണവുമായി സൈന്യം സഹകരിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനു ശേഷം കേന്ദ്രത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താതിരുന്നത് ഏറെ ചർച്ചയായിരുന്നു. വീണ്ടും വെടിയുണ്ടകൾ കണ്ടെടുത്തതോടെ സംഭവം ഗൗരവത്തോടെ കാണാൻ നിർബന്ധിതരാവുകയായിരുന്നു.
ഒരാഴ്ചക്കിടെ രണ്ട് തവണകളായാണ് കുറ്റിപ്പുറത്ത് ഭരതപ്പുഴയിൽ നിന്ന് വെടിക്കോപ്പുകൾ കണ്ടെടുത്തത്. ആദ്യം സൈന്യം ഉപയോഗിക്കുന്ന 5 മൈനുകളും രണ്ടാമത് ചാക്കിൽ കെട്ടിയ നിലയിൽ അഞ്ഞൂറോളം വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. മലപ്പുറം ഡി.സി.ആർ.ബി ഡി.വൈ.എസ്‌പി ജയ്സൺ കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ചന്ദ്രാപ്പൂരിലുള്ള പട്ടാളത്തിന്റെ ബോംബ് നിർമ്മാണശാലയിൽ നിർമ്മിച്ച് പുൽഗാവിലെ ആയുധപ്പുരയിലേക്ക് കൈമാറിയതാണ് ആയുധങ്ങളെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ തുടർന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം മഹാരാഷ്ട്രയിൽ എത്തിയിരുന്നെങ്കിലും ഏത് സൈനിക ക്യാമ്പിലേക്കാണ് ഈ ആയുധങ്ങൾ എത്തിയിട്ടുള്ളതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പുൽഗാവിലെ ആയുധപ്പുരയിൽ നിന്ന് പഞ്ചാബ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിലേക്കെല്ലാം ആയുധങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടേക്ക് വിതരണം ചെയ്തിട്ടുള്ള ആയുധങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ ദഹുറ റോഡിലുള്ള ആയുധ ഫാക്ടറിയിലെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും സൈന്യം സഹകരിക്കാത്തതിനാൽ ലഭ്യമായില്ല. വർഷങ്ങൾക്കു മുമ്പുള്ള രേഖകളായതിനാൽ പരിശോധിക്കാൻ സമയമെടുക്കുമെന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ തിരിച്ചു വിടുകയായിരുന്നു. ഇ-മെയിൽ മുഖേന വിവരങ്ങൾ കൈമാറാമെന്ന് സൈന്യം അറിയിച്ചതായി പൊലീസ് പറയുന്നു.
അതേസമയം ചണ്ഡീഗഢിലെ സൈനിക ക്യാമ്പുകളിലേക്ക് ആയുധങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായി അടുത്ത ദിവസം ചണ്ഡീഗഢിലേക്ക് അന്വേഷണ സംഘം പുറപ്പെടും. സൈനിക ക്യാമ്പുകളിൽ നിന്ന് രേഖകൾ പരിശോധിക്കുന്നതിനും മറ്റും പൊലീസിന് അനുമതിയില്ലെന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. പട്ടാള ക്യാമ്പിലുള്ളവർ സഹകരിക്കാത്തതുകൊണ്ടു തന്നെ അന്വേഷണ സംഘത്തിന് ദിവസങ്ങളോളമാണ് തങ്ങേണ്ടി വരുന്നത്. ഈ സാഹചര്യചത്തിൽ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന അഭിപ്രായവും പൊലീസിനുണ്ട്.
ചിലഘട്ടങ്ങളിൽ കാലാവധി തീരുന്നതിനു മുമ്പുതന്നെ പഴക്കം ചെന്ന ആയുധ സാമഗ്രികൾ നശിപ്പിക്കാനായി നൽകാറുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നശിപ്പിക്കാനുള്ള ആയുധങ്ങൾ ഓർഡിനൻസ് ഡിപ്പോയിലേക്കാണ് മാറ്റാറുള്ളത്. ഡിപ്പോയിൽ നിന്നോ സൈനിക ക്യാമ്പിൽ നിന്നോ തരപ്പെടുത്തിയതാകാം ആയുധങ്ങളെന്നാണ് സംശയിക്കുന്നത്. ഡിപ്പോയിൽ നിന്ന് മറ്റാർക്കെങ്കിലും മറിച്ചു വിൽക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.