തിരുവനന്തപുരം: വക്കത്തു പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ അടിച്ചുകൊന്ന കേസിലെ മുഖ്യ പ്രതിക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന. അതുകൊണ്ട് തന്നെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല ഷബീറിനെ മർദിച്ചതെന്ന മൊഴി പൊലീസ് വിശ്വാസത്തിൽ എടുക്കില്ല. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊല നടത്തിയത്. സതീഷിന് പ്രാദേശിക ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആയുധങ്ങളുമായി ഫേസ്‌ബുക്കിൽ സതീഷ് പോസ്റ്റിട്ടിരുന്നു. ഈ ആയുധ ശേഖരം എവിടെയാണെന്നും അത് ആരാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തും.

ഗൗരവത്തോടെയുള്ള ഗൂഡാലോചയനയുടെ ഫലമാണ് ഈ കൊലപാതകം. ഫേസ്‌ബുക്കിലെ ഫോട്ടോയിലുള്ള വാളും ആയുധങ്ങളും ആരുടേതെന്ന് പൊലീസ് കണ്ടെത്തും. അവർക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. വർഗ്ഗീയ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ഗൂഡാസലോചനയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അമ്പലത്തിലെ പ്രശ്‌നങ്ങളുമായി ഷബീറിന്റെ മരണത്തെ കൂട്ടിക്കുഴയ്ക്കാനുള്ള നീക്കവും ഗൗരവത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുത്തൻനട ക്ഷേത്ര ഭാരവാഹികളുടെ ഇടപെടലാണ് അത്തരമൊരു സാഹചര്യം ഒഴിവാക്കിയത്.

2015 മാർച്ചിലാണ് സതീഷ് വാളുകളുടെ ചിത്രം ഫെയ്‌സ് ബുക്കിൽ കവർ ഫോട്ടോ ആക്കിയിരുന്നത്. അതിന് മുമ്പ് വാളും പിടിച്ചുള്ള ചിത്രവും എത്തി. ആരുടേതാണ് ഈ ആയുധങ്ങളെന്നാണ് ഉയരുന്ന ചോദ്യം. ആയുധങ്ങളുമായി സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. ഇതൊന്നും അന്ന് ആരും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ സതീഷിന്റെ സുഹൃത്തുക്കളേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഷബീർ വധക്കേസിൽ കുറ്റം സമ്മതിച്ചെങ്കിലും കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകും. ഈ പോസ്റ്റുകൾ ഇപ്പോഴും സതീഷ് പ്രസന്നൻ എന്ന എഫ് ബി അക്കൗണ്ടിൽ ലഭ്യമാണെന്നതും പൊലീസിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ആരും ക്രിമിനൽ സ്വഭാമുള്ള പോസ്റ്റിനെ ചോദ്യം ചെയ്യാത്തതെന്താണ് ഉയരുന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ ഈ വിഷയം സജീവ ചർച്ചാ വിഷയമാണ്.

വാളുകൾ മാത്രമുള്ള ചിത്രമാണെങ്കിൽ ഗൂഗിളിൽ നിന്ന് കിട്ടിയെന്ന വാദം ഉയർത്താൻ കഴിയുമായിരുന്നു. എന്നാൽ ആയുധ ശേഖരത്തിന് അടുത്ത് സതീഷും കൂട്ടുകാരും നിൽക്കുന്നുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഒന്നുമറിയില്ലെന്ന് സതീഷിന് പറയാനും കഴിയില്ല. ഷബീർ കൊലക്കേസിൽ ഏഴു പ്രതികളിൽ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വക്കം ഷബീർ വധക്കേസിൽ വക്കം മൂന്നാലുംവീട്ടിൽ സതീഷ്(22), സഹോദരൻ സന്തോഷ് (23), കുഞ്ചംവിളാകം വീട്ടീൽ ഉണ്ണിക്കുട്ടൻ എന്നുവിളിക്കുന്ന വിനായക് (21), ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടിൽ വാവ എന്നു വിളിക്കുന്ന കിരൺകുമാർ ഇവരുടെ സഹായി അപ്പി എന്ന രാജു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഇതിൽ സന്തോഷിന്റെബന്ധങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടാത്തലവന്റെ രീതിയിലേക്ക് സതീഷിന്റെ സ്വഭാവം മാറിയിരുന്നു. ഇത് എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. ആദ്യ നാലു പ്രതികൾക്കും ഷബീറുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇവർ വാക്കേറ്റത്തിലും കൈയേറ്റത്തിലും ഏർപ്പെടുന്നതു പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ നിരവധി പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 28ന് സന്തോഷിന്റെയും സതീഷിന്റെയും വീട്ടിലെത്തിയ ഷബീർ വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തു. ഇതിനുപകരം വീട്ടാനാണ് സതീഷും സംഘവും ഷബീറിനെ അക്രമിച്ചത്. എന്നാൽ, തലയ്ക്കു ഗുരുതര പരുക്കേറ്റ ഷബീർ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിനു ദൃക്‌സാക്ഷിയുണ്ട്. അയാളാണ് കൃത്യം മൊബൈലിൽ പകർത്തിയത്.

ഒളിവിൽപോയ പ്രതികളിൽ ഒരാൾ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. പലതരത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ രണ്ടുപേരെ കായലോരത്തു നിന്നും, ഒരാളെ ബസ് സ്റ്റാൻഡിൽ നിന്നും, മറ്റൊരാളെ വക്കത്തു നിന്നുമാണ് പിടികൂടിയത്. അതിന് ശേഷം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല ഷബീറിനെ മർദിച്ചതെന്ന് പിടിയിലായവർ പൊലീസിനു മൊഴി നൽകി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തടഞ്ഞു മർദിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഒരു അടി ഷബീറിന്റെ തലയ്ക്കു പുറകിൽ ഏറ്റു. ഇതാണ് മരണകാരണമായതെന്ന തരത്തിലാണ് മൊഴി. ഇതെല്ലാം ഏതോ കേന്ദ്രങ്ങൾ ബോധപൂർവ്വം ഉപദേശിച്ചതിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു.

നാട്ടുകാരുടെ ഇടപെടലിന്റെ ഫലമായി വക്കത്ത് സംഘർഷ സാധ്യത പൂർണ്ണമായും അകന്നു. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായി. ഇതോടെ പൊലീസും ബന്തവസ്സും കുറച്ചിട്ടുണ്ട്.