കൊച്ചി: ആഗോള നിക്ഷേപകസംഗമത്തിന്റെ ഭാഗമെന്ന വ്യാജേന കൊച്ചിയിൽ കേരള ചേംബർ ഓഫ് കൊമേഴ്‌സും ചെറുപുഷ്പം ഫിലിംസും സംയുക്തമായി നിർമ്മിച്ച കേരള ട്രേഡ് സെന്റർ നിർമ്മാണത്തിലെ കോടികളുടെ വെട്ടിപ്പ് സംബന്ധിച്ചുള്ള അന്വേഷണം ഇഴയുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാകുകയാണ്. സംസ്ഥാന അർബൻ അഫയേഴ്‌സ് വകുപ്പും വിജിലൻസും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2003-ൽ ആഗോള നിക്ഷേപകസംഗമമായ ജിമ്മിന്റെ ഭാഗമെന്നു പ്രഖ്യാപിച്ചാണ് പ്രവാസികളടക്കമുള്ളവരിൽനിന്ന് കോടികൾ കേരള ചേംബർ ഓഫ് കൊമേഴ്‌സ് പിരിച്ചത്.

ഒമ്പതു കോടിരൂപയ്ക്ക് നിർമ്മാണച്ചുമതല ഏറ്റിരുന്ന ശിൽപ കൺസ്ട്രക്ഷൻസ് 2008-ൽ 80 ശതമാനം പണികളും പൂർത്തിയാക്കിയിരുന്നു. നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും കേരള ചേംബർ ഓഫ് കൊമേഴ്‌സിലെ മൂന്നു ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചു. കെ.എൻ.മർസൂക്ക്, കെ.എം.അബ്ദുള്ള. ഇ.എസ് ജോസ് എന്നിവരായിരുന്നു അംഗങ്ങൾ. എന്നാൽ 2014 ആയപ്പോഴേക്കും കേരള ട്രേഡ് സെന്റർ നിർമ്മാണത്തിന് 40 കോടി രൂപ ചെലവായെന്നാണ് ഇപ്പോൾ സബ് കമ്മിറ്റിയുടെ വാദം.

ട്രേഡ് സെന്റർ നിർമ്മാണത്തിൽ നടന്ന വ്യാപക അഴിമതി ചോദ്യം ചെയ്തത് ചേംബർ ഓഫ് കൊമേഴ്‌സ് മുൻ വൈസ് ചെയർമാനായ എൻ.കെ. അൻസാരിയാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് മറ്റംഗങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു. സബ് കമ്മിറ്റി അംഗമായ ഇ. എസ് ജോസും കണക്കുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 2003ൽ ആരംഭിച്ച ട്രേഡ് സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകൾ ഇന്നേ വരെ ഓഡിറ്റ് ചെയ്യാത്തത് നിർമ്മാണത്തിന് പിറകിൽ വൻ അഴിമതിയുള്ളതിനാലാണെന്ന് എൻ.കെ.അൻസാരി ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ കെട്ടിടനിർമ്മാണചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രേഡ് സെന്ററിന് കൊച്ചി കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. കെട്ടിടത്തിന്റെ രൂപരേഖപ്രകാരം 12 നിലകൾക്കായിരുന്നു അനുമതി. എന്നാൽ അനധികൃതമായി പതിമൂന്നാം നിലയിൽ ഫഌറ്റുകൾ നിർമ്മിക്കുകയും ചെയ്തു. ഇതിനെതിരെ ദക്ഷിണ നാവികാസ്ഥാനവും കൊച്ചിൻ പോർട്ട് ട്രസ്റ്റും രംഗത്തെത്തി. ഇതോടെ കെട്ടിടത്തിന് നമ്പർ നൽകില്ല എന്നു കോർപറേഷനും വ്യക്തമാക്കി. കേരള ചേംബർ ഓഫ് കൊമേഴസിലെ ചില അംഗങ്ങളുടെ പേരിലാണ് പതിമൂന്നാം നിലയിലെ ഫഌറ്റുകൾ.

2013-ൽ കേരള ട്രേഡ് സെന്റർ ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രണബ് മുഖർജിയെ ക്ഷണിക്കുകയും രാഷ്ട്രപതിയുടെ ഓഫീസ് അതിന്് അനുമതി നൽകുകയും ചെയ്തു. എന്നാൽ അതിനു ശേഷം കേന്ദ്രരഹസ്യാന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തെ തുടർന്ന് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നതിലെ അപകാത രാഷ്്ട്രപതിയുടെ ഓഫീസിനെ അറിയിച്ചു. സംസ്ഥാന ഇന്റലിജൻസ് മേധാവിയും പ്രതികൂല റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ട്രേഡ് സെന്റർ ഉദ്ഘാടനത്തിൽനിന്നു രാഷ്ട്രപതി വിട്ടു നിൽക്കുകയായിരുന്നു.

'സിനിമാ തിയേറ്റർ നിർമ്മാണത്തിനായി ജിസിഡിഎ ചെറുപുഷ്പം ഫിലിംസിനു പാട്ടത്തിനു നൽകിയ സ്ഥലമാണ് ആഗോള നിക്ഷേപകസംഗമത്തിൽ ഉൾപ്പെടുത്തി വേൾഡ് സെന്റർ മാതൃകയിൽ കേരള ട്രേഡ് സെന്റർ നിർമ്മിക്കാനായി തീരുമാനിച്ചത്. പദ്ധതി ആരംഭിച്ച് 12 വർഷം കഴിഞ്ഞിട്ടും സ്ഥാപനം പ്രവർത്തിക്കാനോ കണക്കുകൾ വ്യക്തമാക്കാനോ ചേംബർ ഓഫ് കൊമേഴ്‌സ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എൻ.കെ. അൻസാരി പറയുന്നു. നഗരത്തിലെ വീടുകളുടെ നിർമ്മാണത്തിൽ പോലും കാർക്കശ്യം കാണിക്കുന്ന കൊച്ചി കോർപറേഷന്റെ മൗനവും ദുരൂഹമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.