- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ വനംകൊള്ള: സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്; തീരുമാനം, ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നെന്ന സംശയം ഉയർന്നതോടെ; അന്വേഷണ ചുമതല വനം വിജിലൻസ് സിസിഎഫിന്; കൂടുതൽ മരംമുറി നടന്നെന്ന് ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ
വയനാട്: മുട്ടിലിൽ ഇട്ടിമരം കൊള്ളയിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്. വനംമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. വനം വിജിലൻസ് സിസിഎഫിനാണ് ചുമതല. ഈട്ടിമരം കൊള്ളയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ, ഏതോക്കെ ഉദ്യോഗസ്ഥരാണ് പിന്നിൽ പ്രവർത്തിച്ചത്, സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക.
ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കുവെച്ചത്. ഇതോടെയാണ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ വനംവകുപ്പ് തീരുമാനിച്ചത്.
ഇതിനിടെ മുട്ടിൽ വീട്ടിമരം കൊള്ളയിൽ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരൻ തങ്കച്ചൻ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാൻ എത്തിയ സംഘത്തിൽ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടിൽ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചൻ പറയുന്നു.
തങ്കച്ചന്റെ ആരോപണത്തെകുറിച്ചും വനംവകുപ്പ് അന്വേഷണം തുടങ്ങി. മരം സൂക്ഷിക്കാനുള്ള ലൈസൻസിന്റെ മറവിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന അതിർത്ഥിയിൽ തമിഴ്നാട്ടിൽനിന്നും അനധികൃതമായി ഈട്ടിമരം കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം ഉദ്യോഗസ്ഥർക്കുണ്ട്. ഇതേക്കുറിച്ചും ഉടൻ അന്വേഷണം തുടങ്ങും.
വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മുഖ്യ പ്രതികളെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരോട് മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. വനംവകുപ്പ് മേപ്പാടി റേഞ്ച് ഓഫീസർ ഷമീറാണ് കേസ് അന്വേഷിക്കുന്നത്.
ആദിവാസി ഭൂവുടമകളും മരംമുറി തൊഴിലാളികളുമുൾപ്പെടെ 67 പേർക്കെതിരെയാണ് വനംവകുപ്പ് കേസ്. തെളിവെടുപ്പുൾപ്പെടെ പൂർത്തിയായതായാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. കേസിലെ മറ്റെല്ലാ പ്രതികളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.
സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ വിലക്കുന്ന നിയമത്തെ മറികടന്ന് മരം മുറിക്ക് സഹായകമായ പുതിയ ഉത്തരവ് വന്നതെങ്ങനെയെന്നാണ് ഉയരുന്ന പ്രധാനചോദ്യം. വനംവകുപ്പിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് പ്രതിപക്ഷ എംഎൽഎമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.




