തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതരാഷ്ട്രീയനേതാക്കളുടെ ബന്ധം ആരോപിക്കുന്ന മൂന്നു കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണത്തിന് അവധി കൊടുത്ത് സുഖവാസകേന്ദ്രങ്ങളിലേക്ക്. വിജിലൻസ് ഡയറക്ടർ വിൻസെൻ എം.പോൾ, ഡി.ജി.പി എം.എൻ. കൃഷ്ണമൂർത്തി, ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് അവധിയിലുള്ളത്.

പാറ്റൂർ, ബാർകോഴ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡയറക്ടർ 12 ദിവസത്തെ ലീവെടുത്ത് സിക്കിമിലേക്ക് ഇതിനോടകം പോയി. വിജിലൻസ് ഡയറക്ടറുടെ അഭാവത്തിൽ പാറ്റൂർ ഭൂമി ഇടപാട് കേസിൽ ലോകായുക്തയ്ക്ക് വിജിലൻസ് എഡിജിപി ജേക്കബ്ബ് തോമസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് തള്ളിയിരുന്നു. പാറ്റൂർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണിനും വ്യക്തമായ പങ്കുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടുള്ള രണ്ടാമത്തെ റിപ്പോർട്ടാണു ജേക്കബ് തോമസ് സമർപ്പിച്ചത്. ഇതു സമർപ്പിക്കുമെന്നു മുൻകൂട്ടി കണ്ടാണ് വിൻസെൻ എം. പോൾ നേരത്തേ അവധിയെടുത്തു മുങ്ങിയതെന്ന് ആരോപണമുയർന്നിരുന്നു, റിപ്പോർട്ട് സമർപ്പിക്കുമ്പോൾ താനുണ്ടായിരുന്നില്ലെന്നു പറഞ്ഞു തടിയൂരാമല്ലോ.

ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ സോളാർ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.ജി.പി എം.എൻ.കൃഷ്ണമൂർത്തിയും വിൻസെൻ എം. പോളിന്റെ ചുവടുപിടിച്ച് സിക്കിമിലേക്കാണ് ഉല്ലാസയാത്ര. ഫെബ്രുവരി 28ന് സർവീസിൽനിന്നു വിരമിക്കുന്നതിനു മുമ്പ് ലീവ് എടുക്കുകയാണെന്നാണ് ഇദ്ദേഹം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ബാർ കോഴ വിവാദം അന്വേഷിച്ച എഡിജിപി ജേക്കബ്ബ് തോമസിന് അടുത്തിടെ ഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു. സ്ഥാനക്കയറ്റം നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ജേക്കബ്ബ് തോമസും അവധിയെടുത്ത് അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഈ മൂന്ന് ഉദ്യോഗസ്ഥരും ഒരേ സമയം തന്നെ അവധിയിൽ പ്രവേശിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നാണ് ആരോപണം. ബാർ കേസ് അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഒരു പോലെ സമ്മർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉല്ലാസയാത്ര. ധനമന്ത്രി കെ.എം.മാണിക്കെതിരെ ബിജു രമേശ് തെളിവുകൾ പുറത്തുവിട്ട സാഹചര്യത്തിൽ കേസന്വേഷണം മരവിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ ഉദ്യോഗസ്ഥർക്ക് അവധി നൽകി സംസ്ഥാനത്തിന് പുറത്തു കടത്തിയതെന്നാണ് ആരോപണം.

ബാർ കേസിൽ ധനമന്ത്രിക്കെതിരെയുള്ള ആരോപണത്തിൽ ക്വിക് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത് വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ ആയിരുന്നു. ബാർകോഴ കേസിൽ പണം നൽകിയെന്നതിനു തെളിവായി ശബ്ദരേഖ പുറപ്പെടുവിച്ചതിനു പിന്നാലെ ജനുവരി 21 ന് ഇദ്ദേഹത്തിനു ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി. എന്നാൽ സ്ഥാനക്കയറ്റം നൽകിയത് വ്യവസ്ഥകൾക്ക് വിധേയമായിട്ടല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണമുള്ള പാറ്റൂർ, സോളാർ കേസുകളും കോഴക്കേസിൽ ആരോപണവിധേയനായ കെ.എം.മാണി ഉൾപ്പെട്ട ബാർ കോഴ കേസിന്റെ അന്വേഷണവും നിലവിൽ മരവിച്ച അവസ്ഥയിലാണ്.