കൊച്ചി: യുവ നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായി മാറുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെയുണ്ടെന്ന് പറയാതെ മുഖ്യപ്രതി പൾസർ സുനി ഒളിച്ചുകളിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. പിടിയിലായദിവസത്തെ ചോദ്യം ചെയ്യലിൽ മൊബൈൽ ഓടയിലെറിഞ്ഞുവെന്നാണ് സുനി പറഞ്ഞത്. ഇതേത്തുടർന്ന ഓടകളിൽ അന്ന് രാത്രിതന്നെ പൊലീസ് മണിക്കൂറുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

എന്നാൽ ഇപ്പോൾ നടിയെ ആക്രമിക്കുകയും ബഌക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഫോൺ കായലിൽ എറിഞ്ഞെന്നാണ് സുനി പറയുന്നത്. ഗോശ്രീ പാലത്തിൽ നിന്ന് താഴേക്ക് ഇട്ടെന്ന മൊഴി നൽകിയതോടെ ഇതിനായി തിരച്ചിൽ നടത്തി കണ്ടെത്തൽ അസാധ്യമാകും. ഇത് കേസിൽ രക്ഷപ്പെടാൻ പഴുതാകുമെന്നാണ് പ്രതിയുടെ കണക്കുകൂട്ടലെന്നും ഒരുകാരണവശാലും ഈ മൊബൈലിനെ പറ്റിയോ ദൃശ്യങ്ങൾ എവിടെയെന്നോ പറയരുതെന്ന് സുനിക്ക് വേണ്ടപ്പെട്ടവരിൽ നിന്ന് ഉപദേശം ലഭിച്ചിട്ടുണ്ടെന്നും ആണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

ഇപ്പോൾ പ്രതികളെ വെവ്വേറെ ചോദ്യംചെയ്തും ചോദ്യങ്ങൾ ആവർത്തിച്ചും മൊഴികളിൽ ഭിന്നതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇന്ന് വിജേഷിനെയും സുനിലിനേയും കോയമ്പത്തൂരിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഇതേ സമീപനമാണ് കൈക്കൊണ്ടത്. ഒരോരുത്തരേയായി മുറിയിൽ കൊണ്ടുപോയി തെളിവെടുക്കുകയായിരുന്നു.

സംഭവം ആസൂത്രണം ചെയ്തത് താൻതന്നെയാണെന്നും മറ്റാരും ക്വട്ടേഷൻ തന്നതല്ലെന്നും മറ്റുമാണ് സുനി പറയുന്നത്. ഇതെല്ലാം പറഞ്ഞു പഠിപ്പിച്ച് വിട്ട രീതിയിലാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. മാത്രമല്ല, പകർത്തിയ ദൃശ്യങ്ങൾ ഒളിവിൽ കഴിഞ്ഞ വേളയിൽ വേണ്ടപ്പെട്ടവരിലേക്ക് സുനി എത്തിച്ചുവെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഫോണിന്റെ കാര്യത്തിൽ പ്രതി കാര്യങ്ങൾ മാറ്റിപ്പറയുന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്.

അങ്ങനെയെങ്കിൽ കേസിൽ നിന്ന് പിൻതിരിപ്പിക്കാനോ ഭാവിയിൽ നടിയെ വീണ്ടും ബഌക്ക് മെയിൽ ചെയ്യാൻ ഈ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡോ ഫോണോ ലഭിച്ചാലും ഇത് ആർക്കെങ്കിലും പകർത്തി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും സംശയം ഉയർന്നിട്ടുണ്ട്.

കോടതിയിൽ കീഴടങ്ങാനായി കൊച്ചിയിൽ എത്തിയ ദിവസം രാവിലെ മൊബൈൽ ഫോൺ ഗോശ്രീപാലത്തിൽ നിന്ന് താഴെയ്ക്ക് എറിഞ്ഞുവെന്നാണ് പൾസർ സുനിയുടെ മൊഴി. നടിയുടെ ചിത്രങ്ങൾ പകർത്തിയ വെള്ള സാംസങ്ങ് ഫോണാണ് പൊലീസ് തിരയുന്നത്. മൊബൈൽ ഫോൺ എറിഞ്ഞ് കളഞ്ഞ സ്ഥലം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിനിടെ സുനി പൊലീസിന് കാട്ടി കൊടുത്തിരുന്നു. കൊച്ചി കായലിൽ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തിൽ എറിഞ്ഞ മൊബൈൽ ഫോൺ കണ്ടെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കറുകുറ്റിയിലെ അഭിഭാഷകന് നൽകിയ കവറിലുണ്ടെന്നാണ് സുനി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അഭിഭാഷകൻ ആലുവ കോടതിയിൽ ഹാജരാക്കിയ കവറിലെ പേഴ്‌സിൽ നിന്ന് ഒരു മെമ്മറി കാർഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഫോണും സമർപ്പിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായാൽ മാത്രമെ സുനിയുടെ മൊഴി സത്യമാണോ എന്നത് വ്യക്തമാകുകയുള്ളൂ. ഈ മെമ്മറി കാർഡിൽ നിന്ന് ചിത്രങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞാൽ നടിയുടെ മൊഴി സാധൂകരിക്കുന്ന നിർണ്ണായക തെളിവായി ഇത് മാറും. മതിൽ ചാടിക്കടന്ന് പോയ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മൊബൈലുകളും ഐ പാഡുമെല്ലാം ഇത്തരത്തിൽ പരിശോധനയ്ക്ക വിധേയമാക്കും. ഇവിടെയും മെമ്മറി കാർഡുകൾ കണ്ടെടുത്തിരുന്നു.

ഇന്നു പുലർച്ചെ കോയമ്പത്തൂർ പീളമേട്ടിലെ ശ്രീറാം കോളനിയിൽ സുനി ഒളിവിൽ താമസിച്ച വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോണും ചാർജറും പിടിച്ചെടുത്തിരുന്നു. എന്നാൽ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ആണോ കിട്ടിയിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല. എന്നാൽ ഇവർ എവിടെയെല്ലാം പോയിയെന്ന കാര്യം പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വഴികളിലെ സി.സി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ സുനി ഇത് കൂട്ടുപ്രതികളെ കാണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിലും ഭിന്നങ്ങളായ മൊഴിയാണ് ലഭിക്കുന്നത്.