- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുലക്ഷം രൂപയ്ക്ക് ഓരോ ദിവസവും 450 രൂപ വാഗ്ദാനം; പണമിടപാടുകൾക്ക് പ്രത്യേകം ആപ്പ്; മണിചെയിൻ മാതൃകയിൽ മഞ്ചേശ്വരത്ത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്; തട്ടിപ്പിലേക്ക് വഴി തുറന്നത് യുവാവിനെ കാണാതായ കേസ്; മലേഷ്യൻ കമ്പനി സ്കീമിനെത്തേടി പൊലീസ്
കാസർകോട്: മണിചെയ്ൻ മാതൃകയിൽ മഞ്ചേശ്വരത്ത് കോടികളുടെ നിക്ഷേപതട്ടിപ്പ്.47.72 കോടി രൂപ തട്ടിയെടുത്തതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപത്തുകയിൽ വൻലാഭം വാഗ്ദാനംചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരുലക്ഷം രൂപയ്ക്ക് ഓരോ ദിവസവും 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.പ്രത്യേക ആപ്ലിക്കേഷൻ വഴിയാണ് പണം സ്വീകരിക്കുന്നത്.മലേഷ്യൻ കമ്പനി സ്കീം എന്ന പേരിലാണ് തട്ടിപ്പ്.
മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ നിന്നുമാണ് വമ്പൻ തട്ടിപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.ഇതേ സമയത്താണ് നിക്ഷേപത്തട്ടിപ്പിനിരയായി എന്ന പേരിൽ ഹൊസങ്കടി സ്വദേശി ഷഫീഖിന്റെ പരാതിയും ലഭിക്കുന്നത്.ഇതേത്തുടർന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
ആദ്യം നിക്ഷേപിച്ചവർക്ക് ഇത്രയും തുക ലഭിച്ചു. ഇവർ മറ്റുള്ളവരെ ഏജന്റുമാരായി ചേർത്തതോടെ നിക്ഷേപകരുടെ എണ്ണം കൂടി. പണം നിക്ഷേപിക്കുന്നവർക്ക് 10 ശതമാനം തുക ഉടൻ നൽകിയതിനാൽ ആളുകളെ ഇവർ വേഗത്തിൽ വിശ്വാസിപ്പിച്ചെന്നും ഇതാണ് നിക്ഷേപകർ കൂടാനിടയാക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.കാസർകോട്ടടക്കം ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ കമ്പനിക്ക് ഏജന്റുമാരും നിക്ഷേപവുമുണ്ട്.
കാസർകോട് ഡിവൈ.എസ്പി. പി.പി.സദാനന്ദന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. മഞ്ചേശ്വരം ഇൻസ്പെക്ടർ സിജിത്ത്, സൈബർ സെൽ എസ്ഐ. അജിത്ത് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ട്.
തട്ടിപ്പ് പുറത്തായത് ക്രിപ്റ്റോ കറൻസിയിൽ തുടങ്ങിയ തർക്കം
ക്രിപ്റ്റോ കറൻസി ഇടപാടുമായി ഉടലെടുത്ത തർക്കത്തിൽ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയതാണ് തട്ടിപ്പിലേക്ക് വഴിതുറന്നത്.ഏപ്രിൽ 22-ന് മംഗളൂരു കെ.സി. റോഡ്, ഹൊസങ്കടി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. ഇവർ വഴി പണം നിക്ഷേപിച്ച മഞ്ചേശ്വരം അത്താവർ സ്വദേശി അഹമ്മദ് ഇക്ബാലിന് ഉദ്ദേശിച്ച ലാഭം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. കൂടുതൽ പണം ലഭിക്കാത്തതിൽ പ്രകോപിതനായ ഇക്ബാൽ മഞ്ചേശ്വരം സ്വദേശി ഉമർ നൗഫലിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് അഷ്റഫിനെയും ജാവേദിനെയും തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാസർകോട്, മഞ്ചേശ്വരം, ഉപ്പള സ്വദേശികളായ ഏഴുപേരെ ചോദ്യംചെയ്തതോടെയാണ് ഇതിനു പിന്നിൽ മറഞ്ഞിരുന്ന വലിയ നിക്ഷേപത്തട്ടിപ്പ് പുറത്തുവന്നത്. അന്ന് തട്ടിക്കൊണ്ടുപോയ അഹമ്മദ് അഷ്റഫ്, സുഹൃത്ത് ജാവേദ് എന്നിവർ ഈ നിക്ഷേപത്തട്ടിപ്പ് കമ്പനിക്കുവേണ്ടി പ്രവർത്തിച്ച ഏജന്റുമാരായിരുന്നു.യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഇവർ രണ്ടുപേർ കൂടാതെ അഞ്ചുപേർകൂടി പ്രതികളായുണ്ട്.
ക്രിപ്റ്റോ കറൻസി
ക്രിപ്റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോ കറൻസി. സങ്കീർണമായ പ്രോഗ്രാമുകളിലൂടെയാണ് ഇവ നിർമ്മിച്ചെടുക്കുന്നത്. സോഫ്റ്റ്വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറൻസി' എന്ന് വിളിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ