ന്യൂഡൽഹി: ഇന്ത്യൻ നരേന്ദ്ര മോദിയുടെ പരിവേഷം മുസ്ലിം വിരുദ്ധനെന്നാകാം. എന്നാൽ, ആഗോള ഇസ്സാമിക ലോകത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരിവേഷം മറ്റൊന്നാണ്. സൗദിയിലും യു.എ.ഇയിലും ഇറാനിലും വിജയകരമായ സന്ദർശനങ്ങൾ പൂർത്തിയാക്കിയ മോദി അുത്തതായി പോകുന്നത് അഫ്ഗാനിസ്താനിലേക്കും ഖത്തറിലേക്കും.

ജൂൺ നാലിനാണ് മോദിയുടെ അഫ്ഗാൻ സന്ദർശനം തുടങ്ങുന്നത്. ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച സൽമ ഡാം ഉദ്ഘാടനമാണ് സന്ദർശനോദ്ദേശ്യം. അന്നുതന്നെ മോദി ഖത്തറിലെത്തും. 2015 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ഖത്തർ എമിർ ഷെയ്ഖ് തമിം ബിൻ ഹമാദ് അൽ താനി മോദിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു.

പ്രകൃതിവാതക വിതരണ രംഗത്ത് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊ്ന്നാണ് ഖത്തർ. മോദി സർക്കാർ ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയാണെന്നും ഇന്ത്യയിൽ വൻ തോതിലുള്ള നിക്ഷേപങ്ങൾ നടത്തുമെന്നും ഹമാദ് അൽതാനി ഇന്ത്യൻ സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പുകൾ മുതലാക്കുകയാണ് മോദിയുടെ സന്ദർശന ലക്ഷ്യം.

2014-15 കാലയളവിൽ 15 ബില്യൺ ഡോളറിലേറെയാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം. ഇന്ത്യയുടെ പ്രകൃതി വാതക ഇറക്കുമതിയിൽ 65 ശതമാനവും ഖത്തറിൽനിന്നാണെന്ന് പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടി വ്യക്തമാക്കിക്കൊണ്ട് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

സുരക്ഷാ കാര്യത്തിലും ഇന്ത്യയും ഖത്തറും ചർച്ചകൾ നടത്തിയേക്കും. അഫ്ഗാൻ താലിബാന് ദോഹയിൽ താവളം നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ പൊങ്ങിവരും. ആറരലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇവരുടെ സുരക്ഷയും ചർച്ചയിൽ പ്രധാന വിഷയമായി വരും.