വാഷിങ്ടൺ: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കൈകൊടുക്കാൻ അമേരിക്ക തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ മോദി പ്രധാനമന്ത്രിയാകുമ്പോൾ എന്താകും ഇന്ത്യാ-അമേരിക്കാ ബന്ധത്തിൽ സംഭവിക്കുകയെന്ന ചർച്ചകളും സജീവമായി. എന്നാൽ മോദിയുടെ പ്രധാനമന്ത്രിപദത്തെ അമേരിക്ക ഇരുകൈയും നീട്ടി സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മോദിയും സൗഹൃദത്തിന്റെ പുത്തൻ തലങ്ങളിലെത്തിച്ചു.

പ്രധാനമന്ത്രിയായ ശേഷം മോദി വിദേശകാര്യത്തിൽ ഏറെ പ്രധാന്യം നൽകി. നിരന്തര വിദേശ യാത്രകാണ് പ്രധാനമന്ത്രി നടത്തിയത്. അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദിയുടെ വിദേശപര്യടനം നാലിന് വീണ്ടും ആരംഭിക്കും. അഫ്!ഗാനിസ്ഥാൻ, ഖത്തർ, സ്വി?റ്റ്‌സർലൻഡ്, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണു മോദി സന്ദർശിക്കുക. നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഏഴിനു വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. അതായത് ഈ സന്ദർശനത്തിലും അമേരിക്കൻ പര്യടനത്തിന് മോദി എത്തുന്നു. പ്രധാനമന്ത്രി മോദിയും ഒബാമയും തമ്മിലുള്ള ഏഴാമത്തെ കൂടിക്കാഴ്ചയാകും ഇത്. യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷി അല്ലാത്ത ഒരു രാഷ്ട്രത്തിന്റെ തലവനുമായി യുഎസ് പ്രസിഡന്റ് രണ്ടുവർഷത്തിനിടെ ഇത്രയും കൂടിക്കാഴ്ചകൾ നടത്തുന്നതും അപൂർവം. ഒബാമയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന മോദി എട്ടിനു യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലും പ്രസംഗിക്കും.

രണ്ടു വർഷത്തിനിടെ ഒബാമയ്ക്കും മോദിക്കുമിടയിൽ ഉണ്ടായ സൗഹൃദവളർച്ച ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും ഗുണപരമായ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ടെന്നാണു യുഎസിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മോദിസർക്കാരിന്റെ വിദേശനയം വിജയകരമാണെന്നും യുഎസ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മോദിയെ അടുത്ത സുഹൃത്തായാണ് ഒബാമയും കാണുന്നത്. ഈ വ്യക്തിപരമായ സൗഹൃദവും ഇന്ത്യാ-അമേരിക്കൻ ബന്ധത്തിന് കരുത്താണ്. അടുത്ത അമേരിക്കൻ പ്രസിന്റിനും ഇത് തുടരേണ്ടി വരും. ഇന്ത്യയുമായി ഏറ്റുമുട്ടിലനില്ലെന്ന സന്ദേശം തന്നെയാണ് അമേരിക്ക നൽകികൊണ്ടിരിക്കുന്നതും. ഇറാനിലെ ചാബഹാർ തുറമുഖ വികസന ജോലികൾ ഏറ്റെടുത്തുകൊണ്ട് ഇന്ത്യ ഇറാനുമായുണ്ടാക്കിയ കരാറിൽ ഒബാമ ഭരണകൂടം വിയോജിപ്പു പ്രകടിപ്പിച്ചിട്ടില്ലെന്നു റിപ്പോർട്ടും ഇതിന് തെളിവാണ്.

ഇന്ത്യാ-ഇറാൻ കരാറിൽ ചില സെനറ്റ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണു പ്രധാനമായും മോദി അമേരിക്കൻ ബന്ധത്തെ ഉപയോഗിക്കുന്നതെന്നും അമേരിക്കൻ നയപരിപാടികൾക്കു പൂർണപിന്തുണ നൽകുകയല്ല ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്. ഇറാന്റെ തെക്കൻ തീരത്തുള്ള ചാബഹാർ തുറമുഖത്തുനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണു പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാർ തുറമുഖം. ചൈന ഗ്വാദാർ തുറമുഖത്തു കോടികൾ മുടക്കി വൻകിട പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊട്ടടുത്ത് ഇറാനിലെ ചാബഹാർ തുറമുഖത്തിന്റെ നിയന്ത്രണം നേടാൻ കഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.

ചാബഹാർ തുറമുഖത്തിന്റെ നിയന്ത്രണം സാധ്യമാകുന്നതോടെ ഇന്ത്യക്കാർക്കു പാക്കിസ്ഥാനിലൂടെയല്ലാതെ അഫ്ഗാനിസ്ഥാനിലേക്കും റഷ്യയിലേക്കും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പോകാം എന്നതാണു മറ്റൊരു പ്രധാന നേട്ടം. ഇതിനേയും വിവാദകണ്ണോടെ കാണേണ്ടതില്ലെന്നാണ് ഒബാമ ഭരണകൂടത്തിന്റെ നിലപാട്.