- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദ്ദേഹം എന്തൊരു താരമാണ്! രണ്ട് ഇന്നിങ്സിൽ നിന്നും 152 സ്ട്രൈക്ക് റേറ്റിൽ 155 റൺസ്; ഏകദിന പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യത്യാസം ഋഷഭ് പന്തെന്ന് ഇൻസമാം; താരതമ്യം ചെയ്തത് വിവിയൻ റിച്ചർഡ്സിനോട്
കറാച്ചി: ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ - ഇംഗ്ലണ്ട് ടീമുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് മാത്രമായിരുന്നുവെന്ന് പാക്കിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന പന്ത് രണ്ടാം മത്സരത്തിനാണ് ഇന്ത്യൻ നിരയിൽ ഇടംപിടിച്ചത്.
രണ്ട് ഇന്നിങ്സുകളിൽനിന്ന് 152 സ്ട്രൈക്ക് റേറ്റിൽ 155 റൺസ് നേടാൻ പന്തിനായി. രണ്ടാം ഏകദിനത്തിൽ വെറും 40 പന്തിൽനിന്ന് 77 റൺസടിച്ച് ഏകദിനത്തിൽ തന്റെ ഉയർന്ന സ്കോർ കുറിച്ച പന്ത്, മൂന്നാം ഏകദിനത്തിൽ 62 പന്തിൽ 78 റൺസടിച്ച് വ്യക്തിഗത സ്കോർ ഒന്നുകൂടി പുതുക്കിയിരുന്നു. ആദ്യ ഏകദിനത്തിൽ പുറത്തിരുന്ന പന്തിന്, ശ്രേയസ് അയ്യർക്ക് പരുക്കേറ്റതോടെയാണ് ടീമിൽ ഇടംലഭിച്ചത്.
റൺനിരക്ക് ഉയർത്തുക എന്ന കടമയുമായി രണ്ട് തവണയും ക്രീസിലെത്തിയ താരം, വിജയകരമായി തന്റെ ദൗത്യം പൂർത്തിയാക്കിയാണ് മടങ്ങിയത്. ഏകദിനത്തിലെ കന്നി സെഞ്ചുറിയെന്ന നേട്ടം രണ്ടു തവണയും അകന്നുപോയതു മാത്രമാണ് നിരാശ. രണ്ട് മത്സരങ്ങളിൽനിന്നായി 11 സിക്സും എട്ടു ഫോറുകളുമാണ് പന്ത് നേടിയത്. നേടിയ സിക്സറുകൾ ഇന്ത്യൻ താരങ്ങളുടെ കൂട്ടത്തിൽ ഒന്നാമതാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ മാത്രമേ കളിച്ചുള്ളൂവെങ്കിലും പന്തിന്റെ സംഭാവനകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നുവെന്നാണ് ഇൻസമാം അഭിപ്രായപ്പെട്ടത്.
'അദ്ദേഹം എന്തൊരു താരമാണ്! ആരാധകരുടെ പ്രതീക്ഷകൾ കവച്ചു വയ്ക്കുന്ന രീതിയിൽ കളിക്കുന്ന ഒരാളെ ഏറെ നാളുകൾക്കു ശേഷമാണ് നാം കാണുന്നത്. ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയതു മുതൽ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു. ഒരു ഘട്ടത്തിലും പന്ത് സമ്മർദ്ദിന് അടിപ്പെടുന്നതായി തോന്നിയിട്ടില്ല' തന്റെ യുട്യൂബ് ചാനലിൽ ഇൻസമാം പറയുന്നു.
'ഓസ്ട്രേലിയയിൽ മുതിർന്ന താരങ്ങൾ പരുക്കേറ്റ് പുറത്തായിട്ടുപോലും അദ്ദേഹത്തിന്റെ ബാറ്റിങ് ശ്രദ്ധിച്ചോ? ഇന്ത്യയ്ക്ക് ഒറ്റ വിക്കറ്റും നഷ്ടമായിട്ടില്ലെന്ന രീതിയിലാണ് പന്ത് മധ്യനിരയിൽ ബാറ്റു ചെയ്തത്. ഓസ്ട്രേലിയൻ മണ്ണിലാണ് കളിക്കുന്നതെന്ന തോന്നലും പന്തിനില്ല' ഇൻസമാം വിശദീകരിച്ചു.
'ബാറ്റിങ് നിരയിൽ കുറച്ചു താഴെ കളിക്കുമ്പോൾ ഏതു താരവും ബുദ്ധിമുട്ടും. പന്തിന് അങ്ങനുള്ള പ്രശ്നങ്ങളേയില്ല. എഴുപതുകളിൽ വെസ്റ്റിൻഡീസിനെയും മറ്റു ടീമുകളെയും വേർതിരിച്ചിരുന്ന പ്രധാന ഘടകം വിവിയൻ റിച്ചർഡ്സായിരുന്നു. അതുപോലെ, ഇംഗ്ലണ്ട്ഇന്ത്യ പരമ്പരയിൽ ഇരു ടീമുകൾക്കുമിടയിലെ വ്യത്യാസം പന്തായിരുന്നു'
ബാറ്റിങ് ഓർഡറിൽ പന്തിന് പ്രമോഷൻ നൽകാനുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനത്തെയും ഇൻസമാം പുകഴ്ത്തി. 'വിരാട് കോലി മോയിൻ അലിയുടെ പന്തിൽ ബൗൾഡായ ആ വിക്കറ്റിൽ സ്പിന്നർമാരെ നേരിടുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, 62 പന്തിൽനിന്ന് 78 റൺസടിച്ച് പന്ത് ടീമിന് കരുത്തായി. 100നു മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റ്. മറ്റു ബാറ്റ്സ്മാന്മാർക്കൊന്നും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നില്ല' ഇൻസമാം ചൂണ്ടിക്കാട്ടി.
'ബാറ്റിങ് ഓർഡറിൽ പന്തിന് സ്ഥാനക്കയറ്റം നൽകിയ കോലിയുടെ തീരുമാനം മികച്ചതായി. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി എന്നീ മുതിർന്ന താരങ്ങളുടെ വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. പക്ഷേ, പന്തിന്റെ ഇന്നിങ്സോടെ സമ്മർദ്ദം അകന്നു' ഇൻസമാം വ്യക്തമാക്കി.
എംഎസ് ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ സെലക്ടർമാർ കണ്ടെത്തിയ കളിക്കാരനാണ് റിഷഭ് പന്ത്. കരിയറിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ലെങ്കിലും പിന്നീട് റിഷഭ് പന്ത് തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ആഘോഷിക്കപ്പെട്ടത്. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20യിലും ഏകദിനത്തിലും താരം മിന്നുന്ന ഫോമിലാണ്.
റിഷഭ് പന്തിനെ ലോകക്രിക്കറ്റിലെ തന്ന വൻസംഭവമായാണ് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ് കാണുന്നത്. കഴിഞ്ഞ 30-35 വർഷത്തിനിടയിൽ ക്രിക്കറ്റ് ലോകത്ത് ആദം ഗിൽക്രിസ്റ്റും എംഎസ് ധോണിയും കഴിഞ്ഞാൽ അത് പോലെ കളിക്കുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്താണെന്ന് ഇൻസമാം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ യുവ താരങ്ങളെ പുകഴ്ത്തി ഇൻസമാം നേരത്തെ രംഗത്ത് വന്നിരുന്നു. പുതിയ താരങ്ങളെ ഉണ്ടാക്കുന്ന യന്ത്രമുണ്ടോയെന്ന ചോദ്യമാണ് ഇൻസമാം അദ്ദേഹത്തിന്റെ യു ട്യൂബ് ചാനലിൽ ഉന്നയിച്ചത്. .സമീപകാലത്തായി അരങ്ങേറിയ പുതുമുഖങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായ പ്രകടനം.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ തന്നെ പുതുമുഖങ്ങളെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രീതിയിലേക്ക് മാറ്റാൻ ഇന്ത്യയ്ക്ക് കഴിയുന്നു . ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിനു ക്രുനാൽ പാണ്ഡ്യയെയും പ്രസീദ് കൃഷ്ണയെയും ഇൻസമാം ഉൽ ഹഖ് പ്രശംസിച്ചിരുന്നു.
അടുത്തിടെ നടന്ന മത്സരങ്ങളിൽ ഇന്ത്യയുടെ യുവനിരയും അരങ്ങേറ്റ താരങ്ങളും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇൻസമാമിന്റെ വിലയിരുത്തൽ . ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ നവാഗതരായ ക്രുനാൽ പാണ്ഡ്യ, പ്രസീദ് കൃഷ്ണ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത് . പുതിയ കളിക്കാരെ ഇത്തരത്തിൽ സജ്ജമാക്കാൻ ഇന്ത്യ ഒരുതരം യന്ത്രം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താൻ കരുതുന്നത് . മുതിർന്ന ക്രിക്കറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി വ്യക്തമായ സൂചനകളും നൽകുന്നു, ''ഇൻസമാം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
''ഓസ്ട്രേലിയ പരമ്പര മുതൽ എല്ലാ മത്സരങ്ങളിലും ചെറുപ്പക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നു. സീനിയേഴ്സിനും അതിൽ പങ്കുണ്ട്, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു, ''ഇൻസമാം പറഞ്ഞു.
സ്പോർട്സ് ഡെസ്ക്