- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം; ബാക്കി ഭാഗത്ത് മുക്കുപണ്ടവും; ആ നെക്ലേസുകളെല്ലാം തിരൂർ പൊന്ന്; ചെമ്പിൽ സ്വർണം പൂശി തട്ടിച്ചെടുത്തത് 2.72 കോടി; ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നടന്നത് തട്ടിപ്പിന്റെ അതിബുദ്ധി
കാസർകോട്: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നാണ് സ്വർണ വായ്പയുടെ പേരിൽ വൻ തട്ടിപ്പ് അരങ്ങേറിയത് സമാനതകളില്ലാത്ത തട്ടിപ്പ്. മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം തന്നെ വയ്ക്കുകയും ബാക്കി ഭാഗത്ത് മുക്കുപണ്ടവും ചേർത്താണ് കള്ളക്കളി നടത്തിയത്. ഇതു പോലൊരു തട്ടിപ്പ് ഇതുവരെ മറ്റൊരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബാങ്കിൽ പണയപ്പെടുത്തിയ ആഭരണങ്ങളിൽ ഏറെയും നെക്ലേസ് വിഭാഗത്തിലുള്ളതായിരുന്നു. പുതിയ മാലകളായിരുന്നു പണയത്തിനായി കൊണ്ടു വന്നിരുന്നത്. ഒറ്റ നോട്ടത്തിൽ സ്വർണം തന്നെ. ഉരച്ചു നോക്കിയപ്പോഴും 916. സംശയമൊന്നും തോന്നാതെ ബാങ്ക് അധികൃതർ വായ്പയായി 2.72 കോടി രൂപ നൽകി. പിന്നെയാണ് ഉരച്ചു നോക്കുന്നിടത്ത് മാത്രമേ സ്വർണ്ണമുള്ളൂവെന്ന് മനസ്സിലാക്കുന്നത്. ബാങ്കുകാർക്ക് സ്വർണ്ണ വായ്പ നൽകുന്നതിൽ പുതിയ വെല്ലുവിളിയാണ് ഈ രീതി.
'തിരൂർ പൊന്ന്' എന്നു പറയുന്ന ചെമ്പിൽ സ്വർണംപൂശിയ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ബാങ്ക് മാനേജർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബാങ്ക് മാനേജർ റിജുവിന്റെ പരാതിയിൽ 13 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഇവർ ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. ഉദുമ ശാഖയിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തൽസ്ഥാനത്തുനിന്നു മാറ്റി. അപ്രൈസറുടെ അറവില്ലാതെ ഈ തട്ടിപ്പ് പ്രായോഗികമല്ല.
മേൽപ്പറമ്പ് അരമങ്ങാനം സുനൈബ് വില്ലയിൽ കെ.എം.മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം സുഹൈർ ആണ് 3 തവണ സ്വർണം പണയപ്പെടുത്തിയത്. പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടർന്ന് വിവിധ അക്കൗണ്ടുകളിലൂടെ സ്വർണം പണയപ്പെടുത്തി തട്ടിപ്പ് തുടർന്നു.
ഒന്നാം പ്രതിയായ സുഹൈർ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തു. പണയപ്പെടുത്തിയവർ ഏറെ വിശ്വാസമുള്ള ആളുകളായതിനാൽ ബാങ്ക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയില്ല. ഓഡിറ്റിങ് സമയത്ത് സ്വർണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മുഴുവൻ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നിർദ്ദേശപ്രകാശം ബേക്കൽ സിഐ പി.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്ദുൽ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുല്ല എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ റിമാൻഡിലാണ്.
സുഹൈറും കൂട്ടാളികളും ചേർന്നു 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള 9 മാസക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാൻ ഉപയോഗിക്കുന്ന സാമഗ്രികൾ, ബാങ്കിൽ പണയപ്പെടുത്തിയതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തു. സുഹൈൽ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ