ന്യൂയോർക്ക്: ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) അംഗീകാരമുള്ളതും, ഡോ. സാം പിട്രോഡ ഗ്ലോബൽ ചെയർമാനായും, എ.ഐ.സി.സി സെക്രട്ടറി ഇൻ ചാർജ് ഹിമാൻഷു വൈയാസ്, നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്.എ പ്രസിഡന്റ് മൊഹീന്ദർ സിങ് ഗുൽസ്യൻ, ഹർബചൻ സിങ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓഫ് അമേരിക്കയുടെ സെക്രട്ടറിയായി രാജൻ പടവത്തിലിനെ നിയമിച്ചു.

നീണ്ട അഞ്ചു പതിറ്റാണ്ടുകളായി കേരളത്തിലും അമേരിക്കയിലുമായി സമൂഹത്തിലും, സമുദായത്തിലും സംഘടനകളിലും രാഷ്ട്രീയത്തിലും നേതൃനിരയിൽ പ്രവർത്തിച്ച അനുഭവസമ്പത്തും, പ്രവർത്തിപരിചയവും ആണ് രാജൻ പാടവത്തിലെ ഈ സ്ഥാനത്തിന് അർഹനാക്കിയത്. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെ പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ഡി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം അമേരിക്കയിലെ ഫ്ളോറിഡയിൽ എത്തി തന്റെ പ്രവർത്തന മേഖല തുടർന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്റ്, ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്, കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ്, ഫൊക്കാനയുടെ 2004-2006-ലെ കൺവൻഷൻ ചെയർമാൻ, ഫൊക്കാന വൈസ് പ്രസിഡന്റ്, ഫൊക്കാന ബോര്ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ, ഫൗണ്ടേഷൻ ചെയർമാൻ, ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ സ്റ്റാറ്റർജി പ്ലാനിങ് കമ്മീഷൻ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജോയിന്റ് സെക്രട്ടറി, പിന്നീട് സെക്രട്ടറി, ഐ.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ്, പിന്നീട് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജൻ പടവത്തിലിന്റെ പ്രവർത്തനങ്ങൾ ഐ.ഒ.സി യു.എസ്.എയ്ക്ക് ഒരു മുതൽക്കൂട്ടുതന്നെ ആയിരിക്കുമെന്ന് എല്ലാ ദേശീയ നേതാക്കളും അഭിപ്രായപ്പെട്ടു.