ന്യൂയോർക്ക്: ഇന്ത്യയിലെ കർഷകരെ ദുരിതത്തിലാക്കുന്ന മോദി സർക്കാരിന്റെ പുതിയ കാർഷിക നയത്തിനെതിരെ കർഷകർ നയിക്കുന്ന സമരം അതിന്റെ ഏറ്റവും അതിരൂക്ഷമായ അവസ്ഥയിൽ എത്തി നിൽക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തിന്റെ ആത്യന്തിക അടിസ്ഥാനമായ കാർഷിക സംസ്‌കാരം നഷ്ടപ്പെടാതിരിക്കാൻ കർഷകരുടെ ജീവന്മരണ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ്ലീലാ മാരേട്ട് അറിയിച്ചു .

ഇന്ത്യൻ കർഷകരുടെ സമരത്തെ പിന്തുണച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ വരെ രംഗത്തു വന്ന സാഹചര്യമാണിപ്പോൾ ഉള്ളത് .അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ ഈ സമരത്തിന്റെ പ്രാധാന്യം ലോക നേതാക്കൾ വരെ തിരിച്ചറിഞ്ഞുകഴിഞ്ഞു .ഈ സാഹചര്യത്തിൽ ശക്തമായി കർഷകർക്ക് പിന്തുണയുമായി ലോക മലയാളികൾ മുന്നിട്ടിറങ്ങണം .ഇപ്പോഴത്തെ ഡൽഹിയിലെ സാഹചര്യം മനസിലാക്കണം .അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം കർഷകരാണ് ഡൽഹിയിലേക്കുള്ള അതിർത്തികളിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. മോദി ഗവണ്മെന്റ് കൊണ്ടുവന്ന മൂന്ന് പുതിയ നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നത് ഉൾപ്പെടെ പത്തോളം ആവശ്യങ്ങളാണ് കർഷകർക്കുള്ളത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച അടവുനയങ്ങളൊന്നും സമരക്കാരുടെ മുമ്പിൽ വിജയിച്ചില്ല. കർഷക സമരത്തെ കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാറിന് പറ്റിയ വീഴ്ചകളും സമരത്തിന്റെ പ്രാധാന്യവും സമരത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടതുമൊന്നുംഅവർക്ക് വിഷയമായില്ല എന്നത് തന്നെ വരാനിരിക്കുന്ന തിക്ത ഫലങ്ങളുടെ സൂചനയല്ലേ .

'കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ലക്ഷക്കണക്കിന് കർഷകർ ഇതിനകം ജീവനൊടുക്കിക്കഴിഞ്ഞു. മാറി മാറി നാടുഭരിച്ച കക്ഷികളെല്ലാം സ്വീകരിച്ച സാമ്പത്തിക വികസന നയങ്ങൾ കർഷകരെ തകർക്കുന്നവ ആയിരുന്നു'. ഇതിന് പരിഹാരമെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ മൂന്ന് പുതിയ നിയമങ്ങൾ നിർമ്മിച്ചത്. എന്നാൽ ഇവയുടെ ലക്ഷ്യം കർഷകനെ ഭൂമിയിൽ നിന്ന് വേർപ്പെടുത്തുന്നതിനും കോർപറേറ്റുകൾക്ക് ഭൂമി അധീനമാക്കുന്നതിനുമാണെന്ന് കർഷകർ പെട്ടെന്ന് തിരിച്ചറിഞ്ഞു. കമ്പോള ജനാധിപത്യത്തിന്റെ വക്താക്കളായ മോദി ഗവണ്മെന്റ്കൃഷിയെയും കർഷകരെയും തുറന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്റെ ഔദാര്യത്തിനു വിടുകയാണ് ചെയ്തത്. കൃഷി അങ്ങനെ ഒരു വ്യാപാര വ്യവസ്ഥയുടെ കീഴിൽ നിലനിൽക്കില്ലെന്ന് കർഷകർ തിരിച്ചറിഞ്ഞു . മറ്റു രാജ്യങ്ങളിലെ കൃഷി പോലെയല്ല ഇന്ത്യയിലെ കൃഷി.

ഇന്ത്യയിലെ ജിഡിപിയിൽ കേവലം ആറിലൊന്ന് മാത്രം വരുന്നതാണ് കാർഷിക മേഖല. എന്നാൽ രാജ്യത്തെ ജനങ്ങളിൽ മുഴുവൻ പേരുടെയും ഭക്ഷണവും മൂന്നിൽ രണ്ട് പേരുടെ ജീവനോപാധികളും കൃഷിയെ ആശ്രയിച്ചാണ്. യു എസിലും മറ്റും കേവലം രണ്ട് ശതമാനം പേരാണ് കൃഷി പ്രധാന വരുമാനമായുള്ളത്. ഇന്ത്യയിൽ ചെറുകിട ഭൂഉടമകളാണ് മഹാ ഭൂരിപക്ഷവും. ഒപ്പം ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത വലിയൊരു വിഭാഗം കർഷകത്തൊഴിലാളികളും ഉണ്ട്. ഉത്പന്ന വില കമ്പോള വ്യവസ്ഥക്കു വിട്ടാൽ വൻ തോതിൽ പണം ഇറക്കാൻ കഴിയുന്ന കോർപറേറ്റുകൾ അതിന്റെ നിയന്ത്രണം കൈയാളും. കർഷകരുടെ രക്തം അവർ ഊറ്റിക്കുടിക്കും. വിളവെടുക്കുന്ന കാലത്ത് കമ്പോളവില താഴ്‌ത്തി അവ ശേഖരിക്കാനും സംഭരിക്കാനും സംസ്‌കരിക്കാനും ഇവർക്ക് കഴിയും. എങ്ങനെയും വിളവുകൾ വിറ്റ് കടം വീട്ടേണ്ടതിനാൽ അവർക്ക് മറ്റു വഴികളില്ല. ഇതിനുള്ള ഒരു ചെറിയ പരിഹാരമായിരുന്നു ഉത്പന്നങ്ങളുടെ താങ്ങു വില എന്നത്.

പുതിയ കേന്ദ്ര നിയമങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നം അതിൽ താങ്ങുവില ഉറപ്പാക്കുന്നില്ല എന്നതാണ്. ഇതാണ് കർഷകരെ രോക്ഷാകുലരാക്കിയത് .ഈ സാഹചര്യത്തിൽ വരാൻ വരാൻ പോകുന്ന കർഷകരുടെ കഷ്ടതകൾ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട് .ആ ബോധ്യത്തിനൊപ്പം നിലകൊള്ളുകയാണ് കോൺഗ്രസ് .ഈ സമരത്തിന്റെ തുടക്കം രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു എന്നതും നമുക്ക് അഭിമാനിക്കാവുന്ന തന്നെ .കർഷകരുടെ ഭാരതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കേണ്ടത് .അതിനായി നമുക്ക് ഇന്ത്യൻ കർഷകർക്കൊപ്പം നിലകൊള്ളാം .ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ഭാരതത്തിലെ കർഷകർക്കൊപ്പം ,അവരുടെ നിലപാടുകൾക്കൊപ്പം നിലകൊള്ളുന്നതായി ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട്, കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട് എന്നിവർ മീറ്റിംഗിൽ കർഷക ബില്ലിന് എതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.