ന്യൂയോർക്ക്:  ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ യുവപ്രതിഭ സിബിൻ തോമസിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ ഭാഗമായി  നോർത്ത്  അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ  ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ഒരു ലക്ഷം രൂപ സിബിന്റെ കുടുംബത്തിനു നല്കി. പത്തനംതിട്ടയിലെ റാന്നി സ്വദേശി സിബിൻ തോമസ്   ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ വെബ്‌സൈറ്റ്  നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.

അബുദാബിയിൽ ജോലി കിട്ടിയെന്നറിഞ്ഞ് അവിടെയ്ക്ക് പോയ സിബിനെ   2014  ഡിസംബർ 5ന്   കെട്ടിടത്തിന്റെ മുകളിൽ നിന്ന്  താഴെ വീണു  മരിച്ച നിലയിലാണ് കണ്ടെത്തിയത് . മരണ കാരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു.  അച്ഛനും അമ്മയും രണ്ടിളയ സഹോദരങ്ങളും അടങ്ങിയ കുടുംബത്തിനു താങ്ങും തണലുമായിരുന്നു സിബിൻ എന്ന   23 വയസുകാരൻ. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള ഈ കുടുംബത്തിന്റെ ഏക വരുമാനം  സിബിൻ വഴിയായിരുന്നു. പ്രതിഭാശാലിയായ സിബിൻ നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ചില ഓൺലൈൻ പത്രങ്ങളിൽ എഡിറ്റർ ആയി പ്രവർത്തിച്ചു. വിദ്യാഭാസ കാലത്ത്   സംഘടന  പ്രവർത്തനങ്ങളിൽ   സജീവമായിരുന്നു.

സിബിൻ തോമസിന്റെ പെട്ടന്നുള്ള  മരണം ഇൻഡോഅമേരിക്കൻ പ്രസ്‌ക്ലബ് അംഗങ്ങളെ ഞെട്ടിച്ചതായി  ഐഎപിസി പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു. സിബിന്റെ മരണത്തിൽ ആകെ തകർന്നു പോയ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ പ്രസ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വരികയായിരുന്നു എന്ന്  ഐഎപിസി ജനറൽ സെക്രട്ടറി വിനീത നായർ പറഞ്ഞു.  സിബിൻ തോമസിന്റെ കുടുംബത്തെ സഹായിച്ച എല്ലാ  അംഗങ്ങൾക്കും ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ബോർഡ് ഓഫ് ഡയറക്ടർസ്   ചെയർമാൻ ജിൻസ്‌മോൻ സക്കറിയ നന്ദി രേഖപ്പെടുത്തി .