- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ ത്രില്ലർ; ആവേശം അവസാന പന്തുവരെ; ഹെറ്റ്മെയറും ഋഷഭുമൊരുക്കിയ തീപ്പൊരി ആളിക്കത്തിയില്ല; അവസാന 2 പന്തിൽ ഫോറടിച്ച് പന്ത്; എന്നിട്ടും ബാംഗ്ലൂരിന് ഒരു റൺ ജയം!
അഹമ്മദാബാദ്: അവസാന പന്ത് വരെ ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരൊറ്റ റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസായിരുന്നു. എന്നാൽ സിറാജ് എറിഞ്ഞ ആ ഓവറിൽ 12 റൺസ് കണ്ടെത്താനെ ഋഷഭ് പന്തിനും ഷിമ്രോൺ ഹെറ്റ്മെയറിനും കഴിഞ്ഞുള്ളു. കെയ്ൽ ജമെയ്സൺ എറിഞ്ഞ 18-ാം ഓവറിൽ മൂന്നു സികസ് അടിച്ച് ഹെറ്റ്മെയർ ഡൽഹിയെ വിജത്തിലേക്ക് വഴികാട്ടിയെങ്കിലും 19-ാം ഓവറിൽ ഹർഷൽ പട്ടേൽ വരിഞ്ഞുമുറുക്കി. ഈ ഓവറിൽ ഡൽഹി നേടിയത് 11 റൺസ് മാത്രമാണ്.
അഞ്ചാം വിക്കറ്റിൽ പന്തും ഹെറ്റ്മെയറും ചേർന്ന് 78 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹെറ്റ്മെയർ 25 പന്തിൽ നാല് സിക്സും രണ്ട് ഫോറും സഹിതം 53 റൺസ് അടിച്ചുകൂട്ടിയപ്പോൾ പന്ത് ആറു ഫോറിന്റെ സഹായത്തോടെ 48 പന്തിൽ 58 റൺസ് നേടി. പൃഥ്വി ഷാ 21 റൺസിനും ശിഖർ ധവാൻ ആറ് റൺസിനും സ്റ്റീവൻ സ്മിത്ത് നാല് റൺസിനും പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആർസിബി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഒരു ഘട്ടത്തിൽ തകർച്ചയിലായിരുന്ന ആർസിബിയെ എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്ങാണ് കര കയറ്റിയത്. ഡിവില്ലിയേഴ്‌സ് 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു.അവസാന ഓവറിൽ ഡിവില്ലിയേഴ്‌സ് കത്തിക്കയറുകയായിരുന്നു. സ്റ്റോയ്ൻസ് എറിഞ്ഞ 20-ാം ഓവറിൽ ഡിവില്ലിയേഴ്‌സ് നേടിയത് മൂന്നു സിക്‌സുൾപ്പെടെ 22 റൺസാണ്. ആദ്യ പന്ത് വൈഡ് കൂടി ആയതോടെ ആ ഓവറിൽ പിറന്നത് 23 റൺസാണ്. 31 റൺസോടെ രജത് പാട്ടിദർ ഡിവില്ലിയേഴ്‌സിന് പിന്തുണ നൽകി.
ഓപ്പണർമാരായ വിരാട് കോലിയേയും ദേവ്ദത്ത് പടിക്കിലിനേയും ഡൽഹി പേസർമാർ വേഗത്തിൽ തിരിച്ചയച്ചു. കോലി 12 റൺസെടുത്തപ്പോൾ 17 റൺസായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം. 20 പന്തിൽ 25 റൺസെടുത്ത മാക്‌സ്വെല്ലിനും അധികം ആയുസുണ്ടായിരുന്നില്ല. വാഷിങ്ടൺ സുന്ദർ ആറു റൺസെടുത്ത് പുറത്തായി. മൂന്നു റൺസോടെ ഡാനിയൽ സാംസ് ഡിവില്ലിയേഴ്‌സിനൊപ്പം പുറത്താകാതെ നിന്നു.
വിജയത്തോടെ ആർസിബി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നാണ് വിരാട് കോലിയുടേയും ടീമിന്റേയും നേട്ടം.
സ്പോർട്സ് ഡെസ്ക്