ദുബായ്: രാജസ്ഥാൻ റോയൽസ് ഇന്ന് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. വൈകീട്ട് 7.30 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടി രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.

വമ്പൻ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രാജസ്ഥാനിൽ കാർത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോൾ കഴിഞ്ഞ മത്സരം നഷ്ടമായ ക്രിസ് മോറിയും എവിൻ ലൂയിസും തിരിച്ചെത്തി. സൺറൈസേഴ്സിൽ ഡേവിഡ് വാർണർക്ക് പകരം ജേസൻ റോയും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്ക്കും കേദാർ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാർഗും അഭിഷേക് ശർമ്മയും പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം സിദ്ധാർഥ് കൗളും പ്ലേയിങ് ഇലവനിലെത്തി.

രാജസ്ഥാൻ വിജയം മാത്രം ലക്ഷ്യം വച്ചാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ. മറുവശത്ത് പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച സൺറൈസേഴ്സ് മാനം രക്ഷിക്കാനാണ് കളിക്കാനിറങ്ങുന്നത്.

അവസാന മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ ഡൽഹി ക്യാപിറ്റൽസിനോട് തോൽവി വഴങ്ങി. അർധസെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച സഞ്ജു മാത്രമാണ് മത്സരത്തിൽ രാജസ്ഥാന് വേണ്ടി തിളങ്ങിയത്. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം മോശം പ്രകടനം പുറത്തെടുക്കുന്നത് രാജസ്ഥാന് തലവേദന സൃഷ്ടിക്കുന്നു. ശക്തമായ ബൗളിങ് ഡിപ്പാർട്ട്മെന്റിലാണ് ടീമിന്റെ പ്രതീക്ഷ

മറുവശത്ത് പഞ്ചാബിനെതിരായ മത്സരം അവസാന നിമിഷം കൈവിട്ടതിന്റെ രോഷത്തിലാണ് സൺറൈസേഴ്സ് കളിക്കാനിറങ്ങുന്നത്. മികച്ച ബൗളർമാരുണ്ടായിട്ടും ബാറ്റ്സ്മാന്മാർ തീർത്തും നിറം മങ്ങുന്നു. ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ തുടങ്ങിയ മികച്ച താരങ്ങളെല്ലാം തുടർച്ചയായി മത്സരങ്ങളിൽ പരാജയപ്പെടുന്നു. റാഷിദ്ഖാൻ നയിക്കുന്ന ബൗളിങ് ഡിപ്പാർട്ട്മെന്റ് കരുത്തുറ്റതാണ്.

നിലവിൽ പോയന്റ് പട്ടികയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി രാജസ്ഥാൻ ആറാമതാണ്. ഒരുജയം മാത്രം നേടി രണ്ട് പോയന്റുള്ള സൺറൈസേഴ്സ് അവസാന സ്ഥാനത്തും. ഇന്ന് ജയിച്ചാൽ രാജസ്ഥാന് നാലാം സ്ഥാനത്തേക്ക് ഉയരാം.