ഷാർജ: ഐപിഎല്ലിൽ അവേശകരമായ അന്ത്യത്തിലേക്ക്. കഴിഞ്ഞ ദിവസം പഞ്ചാബ് ജയം നേടിയതോടെ നാലാമതായി ക്വാളിഫൈയറിലേക്ക് വരുന്നു ടീമുകൾ തമ്മിൽ മത്സരം കടുത്തു. നിലവിൽ ചെന്നൈ മാത്രമാണ് ക്വാളിഫൈയർ ഉറപ്പിച്ചത്. ഡൽഹി, ബാംഗ്ലൂരും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു.നാലാമത്തെ ടീമിനായാണ് ഇപ്പോൾ മത്സരം കടുക്കുന്നത്. മുംബൈ, പഞ്ചാബ്, കൊൽക്കത്ത എന്നീ ടീമുകളും ഇവരുടെ എല്ലാവരുടെയും മത്സരഫലം അനുകൂലമായാൽ രാജസ്ഥാൻ റോയിൽസിനും ക്വാളിഫൈയറിലേക്ക് സാധ്യതയുണ്ട്.

ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. വൈകീട്ട് 3.30ന് ഷാർജയിൽ പ്ലേ ഓഫ് ഉറപ്പിക്കാനൊരുങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. മുംബൈക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്.തുടർതോൽവികൾക്ക് ശേഷം മുംബൈ വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് പ്ലേഓഫിലേക്കുള്ള വഴി എളുപ്പമാക്കാൻ ജയം അനിവാര്യമാണ്.

തുടക്കം പിഴച്ച്, അവസാനമത്സരങ്ങളിലെ മിന്നുംപ്രകടനത്തോടെ കിരീടത്തിലെത്തിയ ഭൂതകാലം മുംബൈക്ക് പ്രതീക്ഷ നൽകും. ഒരു ജയമകെ പ്ലേഓഫ് സ്ഥാനമുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ അനുഭവം ഡൽഹിക്ക് നല്ല ഓർമയല്ല. നാല് കളിയിൽ തുടരെ തോറ്റ ഡൽഹി അവസാന നിമിഷമാണ് അന്ന് പ്ലേഓഫ് ഉറപ്പിച്ചത്.

ഈ സീസണിൽ മുംബൈയെ തോൽപ്പിച്ച ആത്മവിശ്വാസം ഡൽഹിക്കുണ്ട്. പരിക്കേറ്റ് കൊൽക്കത്തയ്ക്കെതിരെ പുറത്തിരുന്ന പൃഥി ഷോ ഡൽഹി നിരയിൽ തിരിച്ചെത്തിയേക്കും. ഒരു മത്സരം കൂടി വിശ്രമം അനുവദിച്ചാൽ സ്റ്റീവ് സ്മിത്തോ സാം ബില്ലിങ്സോ ആവും പകരമെത്തുക. ബൗളിങ്ങിൽ മാറ്റത്തിന് സാധ്യതയില്ല.

മുംബൈ നിരയിൽ സൗരഭ് തിവാരിക്ക് പകരം ഡൽഹിക്കെതിരെ മികച്ച റെക്കോർഡുള്ള ജയന്ത് യാദവിനെ കൊണ്ടുവന്നേക്കാം. ഡെത്ത് ഓവറിലെ മെല്ലെപ്പോക്കാണ് മുംബൈ നേരിടുന്ന പ്രധാനപ്രശ്നം. കഴിഞ്ഞ രണ്ട് സീസണുകളിൽ പരസ്പരം ഏറ്റമുട്ടിയ അഞ്ചിൽ നാലിലും ജയിച്ചത് മുംബൈ. പരസ്പരമുള്ള 29 മത്സരങ്ങളിൽ 16 തവണ മുംബൈ ജയിച്ചപ്പോൾ 13 തവണ ജയം ഡെൽഹിക്കൊപ്പം നിന്നു.

രാത്രി 7.30ന് അബുദാബിയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പർ കിങ്സാണ് രാജസ്ഥാന്റെ എതിരാളികൾ.തുടർതോൽവികളിൽ വലയുകയാണ് രാജസ്ഥാൻ. മറുവശത്ത് ചെന്നൈയാവട്ടെ ജയം ശീലമാക്കിയവർ. ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ ഫാഫ് ഡു പ്ലെസിസ്- റിതുരാജ് ഗെയ്കവാദ് നൽകുന്ന തുടക്കമാണ് ചെന്നൈയുടെ കരുത്ത്. മോയിൻ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി തുടങ്ങി ബാറ്റിങ് നിരയുടെ ആഴം വാലറ്റത്തോളം വരും.

ഒരു താരത്തിൽ ആശ്രയിക്കേണ്ട ഗതികേടില്ലെന്നതാണ് ചെന്നൈയുടെ മുൻതൂക്കം. ജയിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴ് വ്യത്യസ്ത താരങ്ങളാണ് മാൻ ഓഫ് ദ മാച്ചായത് എന്നത് ശ്രദ്ധേയം. ക്യാപ്റ്റൻ സഞ്ജുവിൽ മാത്രമാണ് ഹാട്രിക് തോൽവി വഴങ്ങിയ രാജസ്ഥാന്റെ പ്രതീക്ഷ. മിക്ക ബാറ്റ്സ്മാന്മാരും ഫോമൗട്ട്.

ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിൽ നിന്ന് ടീമിന് ഗുണം കിട്ടുന്നില്ലെന്നതും നിരാശ. ജോഫ്ര ആർച്ചറിന് പകരം വയ്ക്കാനൊരു ബൗളറില്ലെന്നത് മറ്റൊരു തിരിച്ചടി. ഒരു തോൽവി പോലും പ്ലേ ഓഫിന് പുറത്തേക്ക് വഴികാട്ടുമെന്നതിനാൽ സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം. പരസ്പരമേറ്റുമുട്ടിയ 24 മത്സരങ്ങളിൽ 15ലും ജയിച്ചത് ചെന്നൈ. ഈ സീസണിലെ ആദ്യമത്സരത്തിലും 45 റൺസിന്റെ വമ്പൻ ജയം ചെന്നൈക്ക്.