ഷാർജ: ഷാർജ: അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ആറുറൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ. ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ.

പ്ലേ ഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂർ. ചെന്നൈയും ഡൽഹിയും നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് പോകുകയായിരുന്ന പഞ്ചാബിനെ ബാംഗ്ലൂർ ബൗളർമാർ വരിഞ്ഞുമുറുക്കി. ആദ്യ വിക്കറ്റിൽ രാഹുലും , മായങ്കും 91 റൺസ് ചേർത്ത ശേഷമാണ് പഞ്ചാബിന്റെ തോൽവി. മധ്യനിര ബാറ്റ്സ്മാന്മാർ ഫോമിലേക്കുയരാഞ്ഞതാണ് ഈ കളിയിലും പഞ്ചാബിന് തിരിച്ചടിയായത്. നിർണായക മത്സരത്തിൽ തോൽവി നേരിട്ടതോടെ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായി.

അതിഗംഭീര തുടക്കമാണ് കെ എൽ രാഹുലും മായങ്ക് അഗർവാളും പഞ്ചാബിന് നൽകിയത്. 6.1 ഓവറിൽ 50 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 11-ാം ഓവറിൽ ടീം സ്‌കോർ 91ൽ നിൽക്കേ ഷെഹ്ബാസാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 35 പന്തിൽ 39 റൺസെടുത്ത കെ എൽ രാഹുൽ ഹർഷാലിന്റെ കൈകളിലെത്തി. ചാഹൽ എറിഞ്ഞ 13-ാം ഓവറിൽ മായങ്ക്(36 പന്തിൽ) അർധ സെഞ്ചുറി തികച്ചു. എന്നാൽ ഇതേ ഓവറിൽ പുരാൻ(7 പന്തിൽ 3) പടിക്കലിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ ടീം സ്‌കോർ 100 തികഞ്ഞു.

അർധ സെഞ്ചുറിക്ക് പിന്നാലെ 16-ാം ഓവറിൽ മായങ്കിനെയും(42 പന്തിൽ 57) ചാഹൽ മടക്കി. മൂന്ന് പന്തിന്റെ ഇടവേളയിൽ സർഫറാസ് ഖാനും(0) ചാഹലിന് മുന്നിൽ ബൗൾഡായി. ഗാർട്ടന്റെ അടുത്ത ഓവറിൽ എയ്ഡൻ മർക്രാം(14 പന്തിൽ 20) ക്രിസ്റ്റ്യാന്റെ കൈകളിലെത്തിയതോടെ പഞ്ചാബ് 127-5 എന്ന നിലയിൽ പ്രതിരോധത്തിലായി. അവസാന രണ്ട് ഓവറിൽ 27 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഹർഷാലിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ ഷാരൂഖ് ഖാൻ(11 പന്തിൽ 16) റണ്ണൗട്ടായി. പഞ്ചാബ് തോൽക്കുമ്പോൾ ഹെന്റിക്വസും(12*), ഹർപ്രീതും(3*) ക്രീസിലുണ്ടായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെൻ മാക്സ്വെല്ലിന്റെ വെടിക്കെട്ടിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. പഞ്ചാബിനായി മൊയ്സസ് ഹെന്റിക്വസും, മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം നേടി.

പവർപ്ലേയിൽ മിന്നും തുടക്കമാണ് വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ആർസിബിക്ക് നൽകിയത്. പവർപ്ലേയിൽ ആർസിബി വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസെടുത്തു. എന്നാൽ ടീമിലിടം കിട്ടിയ മൊയ്സസ് ഹെന്റിക്വസ് ആർസിബിക്ക് കനത്ത തിരിച്ചടി നൽകി. 10-ാം ഓവറിലെ നാലാം പന്തിൽ വിരാട് കോലിയും(24 പന്തിൽ 25), അഞ്ചാം പന്തിൽ ഡാനിയേൽ ക്രിസ്റ്റ്യനും(1 പന്തിൽ 0) പുറത്ത്. കോലി ബൗൾഡായപ്പോൾ സർഫറാസിനായിരുന്നു ക്രിസ്റ്റ്യന്റെ ക്യാച്ച്. ഒരോവറിന്റെ ഇടവേളയിൽ വീണ്ടും പന്തെറിയാനെത്തിയപ്പോൾ ദേവ്ദത്ത് പടിക്കിലിനെ(38 പന്തിൽ 40) രാഹുലിന്റെ കൈകളിലെത്തിച്ചു. ഒരുവേള 68-1 എന്ന നിലയിലായിരുന്ന ആർസിബി ഇതോടെ 73-3.


എന്നാൽ ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും ക്രീസിലൊന്നിച്ചതോടെ ആർസിബി ശക്തമായി തിരിച്ചെത്തി. 29 പന്തിൽ മാക്സി അർധ സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ 19-ാം ഓവറിലെ ആദ്യ പന്തിൽ സർഫറാസിന്റെ നേരിട്ടുള്ള ത്രോ എബിഡിയുടെ(18 പന്തിൽ 23) വിക്കറ്റ് തെറിപ്പിച്ചു. ഷമിയുടെ അവസാന ഓവറിൽ മാക്സ്വെല്ലും(33 പന്തിൽ 57), ഷെഹ്ബാസും(4 പന്തിൽ 8), ഗാർട്ടണും(1 പന്തിൽ 0) പുറത്തായി. ശ്രീകറും(0*), ഹർഷാലും(1*) പുറത്താകാതെ നിന്നു.