മുംബൈ: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യൻസിന് വൻ നാണക്കേട് ഒഴിവാക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. കൊൽക്കത്തയുടെ കാര്യവും ആശാവഹമല്ല. നാല് ജയങ്ങളുമായി മുംബൈയുടെ തൊട്ടുമുകളിലാണ് കെകെആറിന്റെ സ്ഥാനം.

സീസണിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്. എന്നാൽ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അസ്തമിച്ചിരുന്നു. അതിനാൽ ജയങ്ങളുമായി സീസൺ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു. മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോൾ ഇരുവരും 74 റൺസ് ചേർത്തിരുന്നു. ഗുജറാത്തിനെതിരെ 21 പന്തിൽ പുറത്താകാതെ 44 റൺസെടുത്ത ടിം ഡേവിഡ് സ്ഥാനം നിലനിർത്തും.

കൊൽത്തയാവട്ടെ അവസാന കളിയിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 75 റൺസിന് ദയനീയമായി തോറ്റു. 176 റൺസ് പിന്തുടർന്ന കെകെആർ 14.3 ഓവറിൽ വെറും 101ൽ പുറത്താവുകയായിരുന്നു. 19 പന്തിൽ 45 റൺസെടുത്ത ആന്ദ്രേ റസലും 12 പന്തിൽ 22 റൺസെടുത്ത സുനിൽ നരെയ്നും മാത്രമാണ് പൊരുതി നോക്കിയത്. മികച്ച തുടക്കം കിട്ടിയ ശേഷം തോൽവികളുമായി പ്രതിസന്ധിയിലാവുകയായിരുന്നു ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴേസ്.

വിൻഡീസ് ഓൾറൗണ്ടർ കെയ്‌റോൺ പൊള്ളാർഡിന്റെ മോശം ഫോം മുംബൈ ഇന്ത്യൻസിന് ബാധ്യതയാവുകയാണ്. 10 കളിയിൽ ടീമിലുണ്ടായിട്ടും ഒരിക്കൽ പോലും 30 കടക്കാൻ പൊള്ളാർഡിനായില്ല. ബൗളിംഗിലും മൂർച്ചയില്ലാത്ത പൊള്ളാർഡിനെയാണ് ഇക്കുറി ഇതുവരെ ആരാധകർ കണ്ടത്. പൊള്ളാർഡ് 10 കളിയിൽ നേടിയത് 129 റൺസെങ്കിൽ സ്‌ട്രൈക്ക് റേറ്റ് 109.32 മാത്രമാണ്. 12 വർഷത്തിനിടയിലെ ഏറ്റവും നിരാശാജനമായ പ്രകടനമാണ് പൊള്ളാർഡിൽ നിന്ന് പുറത്തുവന്നത്.