ചെന്നൈ: ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്ത കളിക്കാരിൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും. 21കാരനായ യുവതാരത്തിന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.

ഇടംകയ്യൻ പേസ് ബോളറായ അർജുൻ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ ടീമിനായി കളിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽനിന്നായി രണ്ടു വിക്കറ്റാണ് അർജുന്റെ സമ്പാദ്യം.

2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും 2020ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ അർജുൻ കളിച്ചിരുന്നില്ല. ഐപിഎൽ താരലേലത്തിനായി ആകെ 1097 കളിക്കാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്.ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങളും രജിസ്റ്റർ ചെയ്തവരിലുണ്ട്.

18നു ചെന്നൈയിലാണു ലേലം. 814 ഇന്ത്യൻ താരങ്ങളും 283 വിദേശതാരങ്ങളുമാണു രജിസ്റ്റർ ചെയ്തത്. ഇതിൽനിന്നു ബിസിസിഐ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നവരാണു ലേലത്തിനുണ്ടാവുക.

61 പേർ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎൽ അറിയിച്ചു. ഇതിൽ 22 പേർ വിദേശതാരങ്ങളായിരിക്കും. കിങ്‌സ് ഇലവൻ പഞ്ചാബാണു കൂടുതൽ തുകയുമായി ലേലത്തിനു വരുന്നത്: 53.2 കോടി രൂപ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർ ഏറ്റവും കുറവ്: 10.75 കോടി രൂപ വീതം.