- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരാട് കോലിക്കൊപ്പം കളിക്കണമെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ആഗ്രഹം പൂവണിയും; മലയാളി താരം 20 ലക്ഷം രൂപയ്ക്ക് ആർസിബിയിൽ; കൂട്ടിന് സച്ചിൻ ബേബിയും; വിഷ്ണു വിനോദ് ഡൽഹി കാപിറ്റൽസിൽ; ഐപിഎൽ താരലേലത്തിൽ റിച്ചാർഡ്സണിനും കൃഷ്ണപ്പ ഗൗതമിനും പൊന്നും വില
ചെന്നൈ: ഐപിഎൽ താരലേലത്തിൽ മലയാളികൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂർ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.
മലയാളി താരം വിഷ്ണു വിനോദിനെ ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് വിഷ്ണു ഡൽഹിയിലെത്തിയത്. കർണാടകതാരം കൃഷ്ണപ്പ ഗൗതത്തിന് ലോട്ടറിയടിച്ചു. 9.25 കോടിക്ക് താരം ചെന്നൈക്ക് വേണ്ടി കളിക്കും. തുടക്കത്തിൽ ഹൈദരാബാദും കൊൽക്കത്തയുമാണ് താരത്തിനായി രംഗത്തെത്തിയത്. എന്നാൽ അവസാനം ചെന്നൈ മുൻ പഞ്ചാബ് കിങ്‌സ് താരത്തെ റാഞ്ചുകയാരിരുന്നു.
തമിഴ്‌നാട് താരം ഷാറൂഖ് ഖാനും നേട്ടം സ്വന്തമാക്കി. 5.2 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് ഓൾറൗണ്ടർ കളിക്കുക. പിയൂഷ് ചൗളയെ 2.4 കോടിക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ഉമേഷ് യാദവ് ഡൽഹി കാപിറ്റൽസിനായി കളിക്കും. ചേതൻ സക്കാരിയ 1.20 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി.
ഓസ്ട്രേലിയൻ യുവ പേസർ ജേ റിച്ചാർഡ്സണിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 14 കോടി രൂപയ്ക്കാണ് റിച്ചാർഡ്സൺ പഞ്ചാബിന്റെ ജേഴ്സിയണിയുക. പഞ്ചാബിനൊപ്പം ഡൽഹി കാപിറ്റൽസ്, ആർസിബി എന്നിവരും റിച്ചാർഡ്സണിന് വേണ്ടി രംഗത്തുണ്ടായിരുന്നു. 1.5 കോടിയിലാണ് വിളി തുടങ്ങിയത്.
ചേതേശ്വർ പൂജാര 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സിലെത്തി.
കൂടാതെ 20 ലക്ഷം അടിസ്ഥാന വിലയുമായെത്തിയ ഓസ്‌ട്രേലിയൻ താരം റിലി മെറിഡിത്തിനായി 8 കോടി രൂപയാണ് പഞ്ചാബ് കിങ്‌സ് ചെലവിട്ടത്. കെ.സി. കരിയപ്പ 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. ജെ.സുചിതിനെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. എം.സിദ്ധാർഥ് 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി.
അതേസമയം ന്യൂസിലൻഡ് താരം ആഡം മിൽനെയെ 3.2 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ രംഗത്തുണ്ടായിരുന്നെങ്കിലും അധികം മുന്നോട്ട് പോയില്ല. ഇത്തവണ വിട്ടുകളഞ്ഞ നഥാൻ കൗൾട്ടർ നൈലിനെ മുംബൈ തിരിച്ചുകൊണ്ടുവന്നു. അഞ്ച് കോടിക്കാണ് താരം മുംബൈയിൽ തിരിച്ചെത്തിയത്. അതേസമയം സ്പിന്നർമാരായ ഹർഭജൻ സിങ്, ആദിൽ റഷീദ്, ഇഷ് സോഥി, മുജീബ് റഹ്‌മാൻ എന്നിവരിൽ ആരും താൽപര്യം പ്രകടിപ്പിച്ചില്ല.
കേരള ടീം നായകൻ സച്ചിൻ ബേബിയെ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിൻ ബേബി വീണ്ടും ബാംഗ്ലൂർ ടീമിലെത്തുന്നത്. 2013ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ സച്ചിൻ ബേബിക്ക് അരങ്ങേറ്റ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
2016ൽ ആദ്യമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെത്തിയ സച്ചിൻ ബേബി 2017ലും ബാംഗ്ലൂർ ടീമിൽ തുടർന്നു. 2016ൽ ബാംഗ്ലൂരിനായി 11 മത്സരങ്ങളിൽ അവസരം ലഭിച്ച സച്ചിൻ ബേബിക്ക് 2017ൽ പക്ഷെ മൂന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളു.
2018ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പമെത്തിയെങ്കിലും അന്തിമ ഇലവനിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കരിയറിൽ ഇതുവരെ 18 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സച്ചിൻ ബേബി 10 ഇന്നിങ്‌സിൽ 15.22 ശരാശരിയിൽ 137 റൺസടിച്ചു. 33 റൺസാണ് ഉയർന്ന സ്‌കോർ.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഐപിഎല്ലിൽ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അസ്ഹറുദ്ദീൻ നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കരുത്തരായ മുംബൈക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അസ്ഹറുദ്ദീൻ 54 പന്തിൽ 11 സിക്‌സും ഒമ്പത് ഫോറും അടക്കം 137 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎൽ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളാകും അസ്ഹറുദ്ദീനെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കിവീസ് താരം കൈൽ ജാമിസൺ 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തി. കഴിഞ്ഞ തവണ വൻ തുക നേടിയ പവൻ നേഗിയെ ആരും വാങ്ങിയില്ല. മാർട്ടിൻ ഗപ്ടിൽ, റൂവൻ പവൽ, കോറി ആൻഡേഴ്‌സൻ, ഡാരൻ ബ്രാവോ, ഷോൺ മാർഷ്, ഡിവോൺ കോൺവെ, റാസി വാൻഡർ ദസൻ എന്നിവരെ വാങ്ങാനാളില്ല.
സ്പോർട്സ് ഡെസ്ക്