- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറു വർഷത്തെ ഇടവേള പിന്നിട്ട് ചേതേശ്വർ പൂജാര ഐ.പി.എല്ലിലേക്ക്; അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് ചെന്നൈ; ടീം അധികൃതരെ അഭിനന്ദിച്ച് മറ്റു ടീമുകളുടെ കൂട്ട കയ്യടി; കൗണ്ടി ക്രിക്കറ്റ് മോഹം താരം തൽക്കാലം മാറ്റിവച്ചേക്കും
ചെന്നൈ: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേതേശ്വർ പുജാര ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. 'പുതിയ കളികൾ പഠിക്കാനും, ചിലതൊക്കെ പഠിപ്പിക്കാനും'. ഓസ്ട്രേലിയൻ മണ്ണിൽ ആതിഥേയരുടെ പേസ് ആക്രമണത്തിന്റെ മുനയൊടിച്ച പുജാര സ്വന്തം മണ്ണിലെ ഇംഗ്ലീഷ് പരീക്ഷയും പിന്നാട്ടാണ് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നത്.
2014ൽ അവസാനമായി ഐപിഎലിൽ കളിച്ച പൂജാരയെ, ഇത്തവണ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ ചെന്നൈ സ്വന്തമാക്കിയത്. നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായി കളിച്ചിട്ടുള്ള പൂജാരയെ 2014-ന് ശേഷം ആരും തന്നെ ലേലത്തിൽ വാങ്ങിയിരുന്നില്ല.
താരലേലത്തിൽ ഒരു ടീം വാങ്ങിയ താരത്തിനായി മറ്റു ടീമുകളുടെ പ്രതിനിധികളെല്ലാം ഒത്തൊരുമിച്ച് കയ്യടിക്കുന്ന അപൂർവതയ്ക്കും വേദി സാക്ഷിയായി. പൂജാര ചെന്നൈ സൂപ്പർ കിങ്സിലേക്കെന്ന് ഉറപ്പിച്ചതിനു പിന്നാലെയാണ് മറ്റു ടീമുകളുടെ പ്രതിനിധികളെല്ലാം ചേർന്ന് കൂട്ടത്തോടെ കയ്യടിച്ച് അഭിവാദ്യമർപ്പിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
A round of applause ???????? at the @Vivo_India #IPLAuction as @cheteshwar1 is SOLD to @ChennaiIPL. pic.twitter.com/EmdHxdqdTJ
- IndianPremierLeague (@IPL) February 18, 2021
ഐപിഎലിൽ ഇതുവരെ 30 മത്സരങ്ങൾ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പൂജാര ഇത്തവണ ചെന്നൈയോടൊപ്പം ചേരുന്നത്. ഇതുവരെ 99.47 സ്ട്രൈക്ക് റേറ്റിൽ 390 റൺസാണ് ഐപിഎലിൽ പൂജാരയുടെ സമ്പാദ്യം. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. കരിയറിലാകെ 64 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര, 109.35 സ്ട്രൈക്ക് റേറ്റ് സഹിതം 1356 റൺസും നേടിയിട്ടുണ്ട്.
That moment when you realise you will have to bowl again to @cheteshwar1 in the nets @ChennaiIPL #IPLAuction #IPL2021 pic.twitter.com/hT2zzqn3Jq
- Wasim Jaffer (@WasimJaffer14) February 18, 2021
ഇപ്പോൾത്തന്നെ വയസ്സൻ പടയെന്ന് പേരുള്ള ചെന്നൈ സൂപ്പർ കിങ്സിലേക്കാണ് പൂജാരയുടെ വരവെന്നതും ശ്രദ്ധേയം. വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നയിക്കുന്ന ടീം കഴിഞ്ഞ സീസണിൽ ആദ്യമായി പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.
അതേസമയം, പൂജാരയുടെ കൗണ്ടി സാധ്യതകളെ ഐപിഎൽ കരാർ ബാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി പൂജാര കൗണ്ടി ടീമായ വാർവിക്ഷയറിനു കളിക്കാൻ പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ, ഐപിഎലിൽ അവസരം ലഭിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പൂജാര ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 'ഐപിഎലിന്റെ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. അവസരം കിട്ടിയാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്' - പൂജാര പറഞ്ഞു.
സ്പോർട്സ് ഡെസ്ക്