- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റവും ഒടുവിൽ അർജുൻ ടെൻഡുൽക്കർ; മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ അരങ്ങേറും; താരലേലത്തിൽ ചരിത്രം കുറിച്ച് ക്രിസ് മോറിസ്; 16.25 കോടിയുമായി രാജസ്ഥാനിൽ; 14.25 കോടിയുമായി കിവീസ് പേസർ കൈൽ ജാമിസൺ; മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും സ്വപ്ന സാഫല്യം
ചെന്നൈ: ഐപിഎൽ പതിനാലാം സീസണിലേക്കുള്ള താരലേലം ചെന്നൈയിൽ സമാപിക്കുമ്പോൾ, ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ (2015ൽ ഡൽഹി ക്യാപിറ്റൽസ് - അന്ന് ഡൽഹി ഡൽഹി ഡെയർഡെവിൾസ്) റെക്കോർഡ് തകർത്താണ് മോറിസിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്.
75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനായി മുംബൈയാണ് വിളിച്ച് തുടങ്ങിയത്. താരത്തിനായുള്ള ലേലം മുറുകിയതോടെ മുംബൈയും ബാംഗ്ലൂരും 13 കോടി രൂപവരെ ഉയർത്തി. പഞ്ചാബ് കിങ്സും എത്തിയതോടെ ലേലത്തുക റെക്കോർഡ് പിന്നിട്ടു. ഒടുവിൽ ബാംഗ്ലൂർ റെക്കോർഡ് തുകയ്ക്ക് മോറിസിനെ സ്വന്തമാക്കുകയായിരുന്നു.
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയ കിവീസ് പേസർ കൈൽ ജാമിസണാണ് ഉയർന്ന രണ്ടാമത്തെ തുക നേടിയത്. 14.25 കോടിക്ക് ബാംഗ്ലൂർ തന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്‌സ്വെൽ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാർഡ്‌സൻ നാലാമതുമുണ്ട്.
9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ദേശീയ ജഴ്‌സിയണിയാത്ത താരങ്ങളിൽ ഉയർന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ഓസ്‌ട്രേലിയൻ താരം റിലീ മെറിഡിത്തും താരലേലത്തിലെ ആവേശസാന്നിധ്യമായി.
മോയിൻ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡൽഹിയും നഥാൻ കൂൾട്ടർനീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടിൽനിന്നുള്ള യുവതാരം ഷാരൂഖ് ഖാൻ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്‌സിലെത്തി.
ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി. മലയാളി താരങ്ങളിൽ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഇതേ തുകയ്ക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി. അതേസമയം, എസ്. മിഥുനെ ലേലത്തിൽ വാങ്ങാൻ ആരുമുണ്ടായില്ല.
ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറിനും ഐപിഎല്ലിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. മുംബൈ ഇന്ത്യൻസാണ് ഓൾറൗണ്ടറെ സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് അർജുൻ മുംബൈയിലെത്തിയത്. താരലേലത്തിൽ അവസാനത്തെ പേരായിരുന്നു അർജുന്റേത്. ശേഷം, ലേലം അവസാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അർജുൻ മുംബൈയുടെ സീനിയർ ടീമിൽ അരങ്ങേറിയത്. എന്നാൽ മികച്ച പ്രകടനം നടത്താനൊന്നും താരത്തിന് സാധിച്ചിരുന്നില്ല. പിന്നീട് പൊലീസ് ഇൻവിറ്റേഷൻ ഷീൽഡ് ക്രിക്കറ്റ് ടൂർണമെന്റിൽ എംഐജി ക്രിക്കറ്റിന് വേണ്ടിയും താരം കളിച്ചു. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് 21കാരൻ നടത്തിയത്. 31 പന്തിൽ 71 റൺസ് നേടിയ അർജുൻ 41 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.
2018ൽ ഇന്ത്യ അണ്ടർ 19 ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ അംഗമായിരുന്നു അർജുൻ. ഇടങ്കയ്യനായ അർജുൻ അടുത്തിടെ ഇംഗ്ലണ്ടിൽ പരിശീലനം നടത്തിയിരുന്നു. പാക് ഇതിഹാസം വസീം അക്രം താരത്തിന് നിർദ്ദേശങ്ങളും നൽകിയിരുന്നു.
രണ്ടാം ഘട്ടലേലത്തിൽ കരുൺ നായർ (കൊൽക്കത്ത), സൗരഭ് കുമാർ (പഞ്ചാബ്), കേദാർ ജാദവ് (ഹൈദരാബാദ്), സാം ബില്ലിങ്സ് (ഡൽഹി കാപിറ്റൽസ്), ഹർഭജൻ സിങ് (കൊൽക്കത്ത), മുജീബ് ഉർ റഹ്‌മാൻ (ഹൈദരാബാദ്) പവൻ നേഗി കൊൽക്കത്ത എന്നിവർ വിറ്റുപോയിരുന്നു.
164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾക്കായിരുന്നു അവസരമുണ്ടായിരുന്നത്. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെയാണ് നിലനിർത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തിരുന്നു.
സ്പോർട്സ് ഡെസ്ക്