കാസർകോട്: ഐ പി എൽ പതിനാലാം സീസണിന്റെ താരലേലത്തിൽ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി വാർത്ത ആഹ്ലാദത്തോടെയാണ് നാടും നഗരവും വരവേറ്റത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അസ്ഹറുദ്ദീൻ ആർസിബി ടീമിൽ ഇടം പിടിച്ചത്.

ഐപിഎല്ലിൽ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അസ്ഹറുദ്ദീൻ നേരത്ത വ്യക്തമാക്കിയിരുന്നു. മോഹിച്ചത് പോലെ താരത്തിന് ആർസിബിയിൽ ഇടം കണ്ടെത്താനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.

മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ലീഗ് മത്സരത്തിൽ കരുത്തരായ മുംബൈക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അസ്ഹറുദ്ദീൻ 54 പന്തിൽ 11 സിക്‌സും ഒമ്പത് ഫോറും അടക്കം 137 റൺസെടുത്ത് പുറത്താകാതെ നിന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ട്വന്റി 20 സെഞ്ച്വറിയായിരുന്നു അത്.

കാസർകോട് ജില്ലയിലെ കാസർകോട് നഗരസഭ പ്രദേശത്തെ തളങ്കര സ്വദേശിയാണ് അസ്ഹറുദ്ദീൻ. തളങ്കരയിലെ താസ് ക്ലബിൽ നിന്നാണ് ക്രികെറ്റിന്റെ ബാലപാഠങ്ങൾ ഉൾകൊണ്ട് അൺഡർ 13 ജില്ലാ ടീമിലേക്കും പിന്നീട് അൺഡർ 13, അൺഡർ 15 ടീമുകളുടെ ജില്ലാ ക്യാപ്റ്റനായും വളർന്നു. വൈകാതെ കെസിഎയുടെ അക്കാദമിയിൽ അവസരം കിട്ടി.

2013 ൽ അണ്ടർ 19 കേരള ടീമിലും രണ്ട് വർഷത്തിന് ശേഷം അണ്ടർ 23 ടീമിലേക്കും സീനിയർ ടീമിലേക്കും ഇടം ലഭിച്ചു. 2015 ലായിരുന്നു ആദ്യ രഞ്ജി മത്സരം. ഒടുവിൽ ഐപിഎലിൽ അസ്ഹറുദ്ദീൻ കളിക്കാൻ ഒരുങ്ങുമ്പോൾ കാസർകോട്ടെ കായിക പ്രേമികൾ ആഹ്ലാദത്തിലാണ്.