മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഏതാണ്ട് 2500 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎൽ തൽക്കാലത്തേക്ക് നിർത്തിവച്ചെങ്കിലും, പൂർത്തിയാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഐപിഎലിലെ ശേഷിച്ച മത്സരങ്ങൾ നടത്തുന്നതും പരിഗണനയിലാണ്.

'ഐപിഎൽ 14ാം സീസൺ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ഏതാണ്ട് 2500 കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിക്കുക. ഇത് ഇപ്പോഴത്തെ നമ്മുടെ കണക്കുകൂട്ടലാണ്. ടൂർണമെന്റ് പൂർത്തിയാക്കണമെങ്കിൽ ഇനിയും ഒട്ടേറെ ക്രമീകരണങ്ങൾ ആവശ്യമാണ്. ട്വന്റി20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാൻ സമയം കിട്ടുമോയെന്ന് മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തിയാലേ പറയാനാകൂ. ഐപിഎൽ പൂർത്തിയാക്കാൻ നമ്മൾ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു' ഗാംഗുലി പറഞ്ഞു.

ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപായി സെപ്റ്റംബറിൽ ബ്രിട്ടനിലെ വിവിധ വേദികളിലായി ഐപിഎലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് അവസാനിക്കുന്നത് സെപ്റ്റംബർ 14നാണ്. അതിനാൽ സംഘാടനം എളുപ്പമാകുമെന്നാണു പ്രതീക്ഷ.

ഐപിഎലിനു വേദിയൊരുക്കാൻ തയാറാണെന്നു സറെ, വാർവിക്ഷർ, ലങ്കാഷർ തുടങ്ങിയ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുകൾ ഇംഗ്ലണ്ട് ബോർഡിനെ അറിയിച്ചു. സെപ്റ്റംബർ പകുതിക്കുശേഷമുള്ള സമയമാണ് പരിഗണിക്കുക. ട്വന്റി20 ലോകകപ്പ് വേദിയായി യുഎഇയും പരിഗണിക്കുന്നതിനാൽ അവിടെത്തന്നെ ഐപിഎലിന്റെ ബാക്കി നടത്തുന്നതു വേദികളുടെ 'ഫ്രഷ്‌നസ്' നഷ്ടപ്പെടുത്തുമെന്ന വാദവും കൗണ്ടി ക്ലബ്ബുകൾ മുന്നോട്ടുവയ്ക്കുന്നു.

പ്ലേ ഓഫും ഫൈനലുമടക്കം 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതേസമയം, മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം ബിസിസിഐ നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തമായി.

നാല് ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾ നിർത്തിവച്ചത്. കൊൽക്കത്ത, ചെന്നൈ ടീമുകളിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ എല്ലാ മത്സരങ്ങളും മുംബൈയിൽ നടത്താൻ ബിസിസിഐ ശ്രമിച്ചിരുന്നു. വിദേശ താരങ്ങൾ ഉൾപ്പടെയുള്ളവർ ആശങ്ക ഉയർത്തിയതോടെ ഇതിൽ നിന്ന് പിന്മാറി.

സെപ്റ്റംബർ ആകുമ്പോഴേക്കും കോവിഡ് നിയന്ത്രണവിധേയമാവുമെന്നും ലോകകപ്പിനായി ഒരുക്കുന്ന വേദികളിൽ ചിലത് ഐപിഎല്ലിനായി ഉപയോഗിക്കാമെന്നും ബിസിസിഐ പ്രതീക്ഷിക്കുന്നു. വിദേശതാരങ്ങളുടെ ലഭ്യത കൂടി പരിഗണിച്ചേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ യുഎഇയിൽ നടത്താനുള്ള സാധ്യതയും ബിസിസിഐ നോക്കുന്നുണ്ട്.

ഇതേസമയം, കഴിഞ്ഞ സീസണിലെപ്പോലെ ഈ വർഷത്തെ എല്ലാ മത്സരങ്ങളും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണ സമിതിയുടെ നിർദേശത്തോട് ബിസിസിഐ മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തമായി. കോവിഡ് രണ്ടാംതരംഗം ശക്തിപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തണമെന്നുമാണ് ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐപിഎൽ ഭരണസമിതി ആവശ്യപ്പെട്ടത്.

നാല് ടീം ഫ്രാഞ്ചൈസികൾക്കും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ ബയോ ബബിൾ സംവിധാനം സുരക്ഷിതമാണെന്നും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തിയാൽ മതിയെന്നും ബിസിസിഐ തീരുമാനിക്കുകയായിരുന്നു.