- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തല' പൂജ്യത്തിന് വീണിട്ടും സൂപ്പറായി ചെന്നൈ; അർധ സെഞ്ചുറിയുമായി ഐപിഎല്ലിൽ മടങ്ങിവരവ് ആഘോഷിച്ച് സുരേഷ് റെയ്ന; സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിക്ക് 189 റൺസ് വിജയലക്ഷ്യം; ഡൽഹിക്ക് മികച്ച തുടക്കം
മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ കിങ്സ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. 36 പന്തിൽ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 54 റൺസെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നാല് ഓവറിൽ ഡൽഹി വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസ് എന്ന നിലയിലാണ്
മധ്യനിര താരങ്ങളുടെ മികവിലാണ് ചെന്നൈ മികച്ച സ്കോറിലേക്കെത്തിയത്. ചെന്നൈയ്ക്കായി മൊയീൻ അലി (24 പന്തിൽ 36), അംബാട്ടി റായുഡു (16 പന്തിൽ 23), രവീന്ദ്ര ജഡേജ (17 പന്തിൽ 26), സാം കറൻ (15 പന്തിൽ 34) എന്നിവരും തിളങ്ങി. മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്ങിൽ ലഭിച്ചത്.
പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പ്രതീക്ഷിച്ച ആരാധകരെ എം എസ് ധോണി നിരാശപ്പെടുത്തി. രണ്ട് പന്തുകൾ മാത്രം നേരിട്ട ധോണിയെ ആവേശ് ഖാൻ ബോൾഡാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഏഴു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസ് (0), റുതുരാജ് ഗെയ്ക്വാദ് (5) എന്നിവരെ ചെന്നൈക്ക് നഷ്ടമായി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച മോയിൻ അലി - സുരേഷ് റെയ്ന സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും 53 റൺസ് ചെന്നൈ സ്കോറിലേക്ക് ചേർത്തു. 24 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 36 റൺസെടുത്ത അലിയെ പുറത്താക്കി അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ നാലാം വിക്കറ്റിൽ ഒന്നിച്ച റെയ്ന - അമ്പാട്ടി റായുഡു സഖ്യവും അർധ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 63 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 16 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 23 റൺസെടുത്ത റായുഡുവിനെ ടോം കറനാണ് മടക്കിയത്.
പിന്നാലെ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകിൽ റെയ്ന റണ്ണൗട്ടായി. തുടർന്നെത്തിയ ക്യാപ്റ്റൻ എം.എസ് ധോനിക്ക് (0) രണ്ടു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
അവസാന ഓവറുകളിൽ സാം കറനും ആഞ്ഞടിച്ചതോടെ ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന മികച്ച സ്കോറിലെത്തി. രവീന്ദ്ര ജഡേജ 17 പന്തിൽ നിന്ന് 26 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഡൽഹിക്കായി ക്രിസ് വോക്സ്, ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ടോം കറനും ഓരോ വിക്കറ്റും ലഭിച്ചു.
സ്പോർട്സ് ഡെസ്ക്