മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം. ചെന്നൈ സൂപ്പർ കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി കീഴടക്കിയത്. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 8 പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു.ഓപ്പണർമാരായ പൃഥ്വി ഷാ (38 പന്തിൽ 72), ശിഖർ ധവാൻ (54 പന്തിൽ 85) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഡൽഹിക്ക് മേൽക്കൈ നേടിക്കൊടുത്തത്.

189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ധവാനും ഷായും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് 13.3 ഓവറിൽ 138 റൺസ് അടിച്ചെടുത്തു. 38 പന്തിൽ നിന്ന് മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 72 റൺസെടുത്ത പൃഥ്വിയെ പുറത്താക്കി ഡ്വെയ്ൻ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ധവാൻ 54 പന്തിൽ നിന്ന് രണ്ടു സിക്സും 10 ഫോറുമടക്കം 85 റൺസെടുത്തു. മാർക്കസ് സ്റ്റോയ്നിസ് 14 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് 15 റൺസോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ഏറെ നാളുകൾക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ സുരേഷ് റെയ്‌ന അർധസെഞ്ചുറി നേടി. 36 പന്തുകൾ നേരിട്ട റെയ്‌ന 54 റൺസെടുത്തു പുറത്തായി.



മധ്യനിര താരങ്ങളുടെ മികവിലാണ് ചെന്നൈ മികച്ച സ്‌കോറിലേക്കെത്തിയത്. ചെന്നൈയ്ക്കായി മൊയീൻ അലി (24 പന്തിൽ 36), അംബാട്ടി റായുഡു (16 പന്തിൽ 23), രവീന്ദ്ര ജഡേജ (17 പന്തിൽ 26), സാം കറൻ (15 പന്തിൽ 34) എന്നിവരും തിളങ്ങി. മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്‌സിന് ബാറ്റിങ്ങിൽ ലഭിച്ചത്. ഓപ്പണർമാരായ രാജു ഗെയ്ക്വാദും (എട്ട് പന്തിൽ അഞ്ച്), ഫാഫ് ഡുപ്ലേസിയും (പൂജ്യം) തുടക്കത്തിൽതന്നെ പുറത്തായി.

മൊയീൻ അലി സുരേഷ് റെയ്‌ന കൂട്ടുകെട്ടാണ് ചെന്നൈയ്ക്കു രക്ഷയായത്. ഇരുവരും ചേർന്ന് ചെന്നൈ സ്‌കോർ 50 കടത്തി. മികച്ച രീതിയിൽ ബാറ്റു വീശിയ മൊയീൻ അലി ആർ. അശ്വിന്റെ പന്തിൽ ശിഖർ ധവാനു ക്യാച്ച് നൽകി പുറത്തായി. സ്‌കോർ 123ൽ നിൽക്കെ ആംബാട്ടി റായുഡുവിനെ ടോം കറൻ പുറത്താക്കി. മടങ്ങിവരവ് ഗംഭീരമാക്കിയ സുരേഷ് റെയ്‌ന 32 പന്തുകളിൽനിന്നാണ് 50 റൺസ് തികച്ചത്. അർധസെഞ്ചുറിക്കു പിന്നാലെ താരം റണ്ണൗട്ടായി.

രവീന്ദ്ര ജഡേജ നിലയുറപ്പിച്ചു കളിച്ചപ്പോൾ ക്യാപ്റ്റൻ എം.എസ്. ധോണി പൂജ്യത്തിനു പുറത്തായി. രണ്ട് പന്തുകൾ മാത്രം നേരിട്ട ധോണിയെ ആവേശ് ഖാൻ ബോൾഡാക്കി. അവസാന ഓവറുകളിൽ സാം കറനും ആഞ്ഞടിച്ചതോടെ ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന മികച്ച സ്‌കോറിലെത്തി. ഡൽഹിക്കായി ക്രിസ് വോക്‌സ്, ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അശ്വിനും ടോം കറനും ഓരോ വിക്കറ്റും ലഭിച്ചു.

ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും തകർത്തു കളിച്ചതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. ഫീൽഡിങ്ങിൽ തുടർച്ചയായി വരുത്തിയ പിഴവുകളും ചെന്നൈയ്ക്കു തിരിച്ചടിയായി. ഡൽഹി ഓപ്പണർമാരിൽ പൃഥ്വി ഷാ 27 പന്തുകളിൽനിന്നും ധവാൻ 35 പന്തുകളിൽനിന്നും അർധസെഞ്ചുറി തികച്ചു.

സ്‌കോർ 138 ൽ നിൽക്കെയാണ് ഡൽഹിക്ക് അവരുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ മൊയീൻ അലി ക്യാച്ചെടുത്തു പൃഥ്വി ഷായെ മടക്കുകയായിരുന്നു. ഡൽഹിയെ 150 കടത്തിയ ശേഷമാണ് ശിഖർ ധവാന്റെ മടക്കം. ഷാർദൂൽ താക്കൂറിന്റെ പന്തിൽ ധവാൻ എൽബി ആകുകയായിരുന്നു. 9 പന്തിൽ 14 റൺസെടുത്ത മാർകസ് സ്റ്റോയ്‌നിസിനെ സാം കറൻ ക്യാച്ചെടുത്തു പുറത്താക്കി. 18.4 ഓവറിൽ ഡൽഹി വിജയലക്ഷ്യം മറികടന്നു. ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് (12 പന്തിൽ 15), ഷിംറോൺ ഹെറ്റ്‌മെയർ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു.

ഞായറാഴ്ച ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും.