ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ചുറിയും ഷിമ്രോൻ ഹെറ്റ്മയറുടെ അതിവേഗ സ്‌കോറിംഗുമാണ് ഡൽഹിയെ മികച്ച സ്‌കോറിൽ എത്തിച്ചത്.

മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺസ് എടുത്ത് നിൽക്കെ ഫാഫ് ഡു പ്ലസിയെ ആന്റിച്ച് നോർജെ ബൗൾഡാക്കി.

ഡൽഹിക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണറായ പൃഥ്വി ഷാ നൽകിയത്. അനായാസം ബൗണ്ടറികൾ നേടി ഷാ ടീം സ്‌കോർ ഉയർത്തിയപ്പോൾ ശിഖർ ധവാൻ നിരാശപ്പെടുത്തി. വെറും ഏഴ് റൺസ് മാത്രമെടുത്ത ധവാനെ ഹെയ്സൽവുഡ് പുറത്താക്കി. ടീം സ്‌കോർ 36 ൽ നിൽക്കേ ഫോറടിക്കാനുള്ള ധവാന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പർ ധോനിയുടെ കൈയിലെത്തി.

ധവാന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. അയ്യരെ കാഴ്ചക്കാരനാക്കി ഷാ തകർത്തടിച്ചു. ഷായുടെ മികവിൽ വെറും 4.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ശാർദുൽ ഠാക്കൂറിന്റെ പന്തിൽ ഷായെ പുറത്താക്കാനുള്ള അവസരം ധോനി പാഴാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരെ പുറത്താക്കി ഹെയ്സൽവുഡ് ഡൽഹിക്ക് ഇരട്ടപ്രഹരമേകി. എട്ടുപന്തുകളിൽ നിന്ന് വെറും ഒരു റൺസ് മാത്രമെടുത്ത യുവതാരത്തെ ഹെയ്സൽവുഡ് ഋതുരാജ് ഗെയ്ക്വാദിന്റെ കൈയിലെത്തിച്ചു. രണ്ട് വിക്കറ്റ് വീണിട്ടും ഒരറ്റത്ത് നിന്ന് പൊരുതിയ പൃഥ്വി ഷാ 27 പന്തുകളിൽ നിന്ന് അർധശതകം നേടി.

അയ്യർക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ അക്ഷർ പട്ടേലിനും പിടിച്ചുനിൽക്കാനായില്ല. 10 റൺസ് മാത്രമെടുത്ത താരത്തെ മോയിൻ അലി പുറത്താക്കി. പിന്നാലെ അപകടകാരിയായ ഷായെയും മടക്കി ചെന്നൈ മത്സരത്തിൽ പിടിമുറുക്കി. ടീം സ്‌കോർ 80-ൽ നിൽക്കേ ഷായെ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ച് ജഡേജയാണ് ഡൽഹിയെ തകർച്ചയിലേക്ക് തള്ളിയിട്ടത്. 34 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് ഷാ ക്രീസ് വിട്ടത്. ഷാ പുറത്താകുമ്പോൾ ഡൽഹി സ്‌കോർ 80-4.

ക്രീസിലൊന്നിച്ച റിഷഭ് പന്തും-ഷിമ്രോൻ ഹെറ്റ്മയറും 14-ാം ഓവറിൽ ഡൽഹിയെ 100 കടത്തി. 15 ഓവർ പൂർത്തിയാകുമ്പോൾ 114 റൺസാണ് ഡൽഹിക്കുണ്ടായിരുന്നത്. 19-ാം ഓവറിലെ നാലാം പന്തിൽ ഹെറ്റ്മയറെ(24 പന്തിൽ 37) ജഡേജയുടെ കൈകളിൽ ബ്രാവോ എത്തിക്കുംവരെ ഈ കൂട്ടുകെട്ട് നീണ്ടു. ഹെറ്റ്മയർ-റിഷഭ് സഖ്യം 83 റൺസ് ചേർത്തു. അവസാന അഞ്ച് ഓവറിൽ 58 റൺസ് പിറന്നപ്പോൾ റിഷഭും(35 പന്തിൽ 51*), ടോം കറനും(0*) പുറത്താകാതെ നിന്നു.

തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. 2019ൽ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹി രണ്ടാം ക്വാളിഫയറിൽ പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിൽ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്തായ ടീമാണ്.

സീസണിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോഴും ജയം ഡൽഹിക്കൊപ്പമായിരുന്നു. എന്നാൽ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രം ചെന്നൈക്കൊപ്പമാണ്. ഡൽഹി-ചെന്നൈ പോരാട്ടത്തിൽ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോൾ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എലിമിനേറ്ററിലെ വിജയികളെയാണ് രണ്ടാം ക്വാളിഫയറിൽ അവർ നേരിടുക.