- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ പവർ പ്ലേയിൽ കിവീസ് പേസർമാർക്ക് മുന്നിൽ അടിതെറ്റി ചെന്നൈ; ഡുപ്ലസിസിയും മൊയീൻ അലിയും ഡക്ക്! രണ്ടക്കം കാണാതെ റെയ്നയും ധോണിയും; 24 റൺസിന് നാല് വിക്കറ്റ്
ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ് തകർച്ച. പവർപ്ലേ പൂർത്തിയാകുമ്പോൾ 24/4 എന്ന നിലയിൽ ചെന്നൈ മുൻനിര കൂപ്പുകുത്തി.
കിവീസ് പേസർമാരായ ട്രെൻഡ് ബോൾട്ട്, ആദം മിൽനെ എന്നിവരുടെ തകർപ്പൻ ബൗളിംഗാണ് ചെന്നൈയെ മുൻനിരയെ തകർത്തത്. ഒൻപതാം ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫാഫ് ഡുപ്ലസിസിനെ പുറത്താക്കി ചെന്നൈക്ക് മേൽ മുംബൈ മേൽക്കൈ നേടി. പിന്നാലെ മൊയീൻ അലിയും സുരേഷ് റെയ്നയും എം എസ് ധോണിയും പുറത്തായപ്പോൾ അമ്പാട്ടി റായുഡു റിട്ടയർഡ് ഹർട്ടായത് ചെന്നൈയുടെ തകർച്ച കൂട്ടി.
ബോൾട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തിൽ ഡുപ്ലസി ഡക്കായി. ഔട്ട്സൈഡ് എഡ്ജായ പന്തിൽ ബാക്ക്വേഡ് പോയിന്റിൽ മിൽനെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ടിട്ടും ഡുപ്ലസിക്ക് അക്കൗണ്ട് തുറക്കാനായില്ല. വൺഡൗണായി ക്രീസിലെത്തിയ മൊയീൻ അലിയെയും കാലുറപ്പിക്കാൻ മുംബൈ അനുവദിച്ചില്ല. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ മിൽനെയുടെ പന്തിൽ അലി(മൂന്ന് പന്തിൽ 0) സൗരഭിന്റെ കൈകളിൽ അവസാനിച്ചു. ഇതേ ഓവറിലെ അവസാന പന്തിൽ പരിക്കേറ്റ് അമ്പാട്ടി റായുഡു റിട്ടയർഡ് ഹർട്ടായി മടങ്ങി.
ഇതോടെ സുരേഷ് റെയ്ന ക്രീസിലെത്തുകയായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ വീണ്ടും പന്തെടുത്തപ്പോൾ ബോൾട്ട്, റെയ്നയെ ചഹാറിന് സമ്മാനിച്ചു. റെയ്നയുടെ ആയുസ് ആറ് പന്ത് മാത്രം. നാല് റൺസാണ് റെയ്ന നേടിയത്. ആറാമനായി ക്രീസിലെത്തിയ എം എസ് ധോണിക്കും അധികം ആയുസുണ്ടായില്ല. അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത താരത്തെ മിൽനെ പവർപ്ലേയിലെ അവസാന പന്തിൽ ബോൾട്ടിന്റെ കൈകളിൽ എത്തിച്ചു.
ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം രോഹിത് ശർമ്മയുടെ അഭാവത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്. മുംബൈക്കായി ഹർദിക് പാണ്ഡ്യയും കളിക്കുന്നില്ല. അന്മോൽപ്രീത് അരങ്ങേറ്റം കുറിച്ചു.
മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), അന്മോൽപ്രീത് സിങ്, കീറോൺ പൊള്ളാർഡ്(ക്യാപ്റ്റൻ), സൗരഭ് തിവാരി, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്പ്രീത് ബുമ്ര, ട്രെൻഡ് ബോൾട്ട്.
ചെന്നൈ സൂപ്പർ കിങ്സ്: ഫാഫ് ഡുപ്ലസിസ്, റുതുരാജ് ഗെയ്ക്വാദ്, മൊയീൻ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എം എസ് ധോണി(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ഷാർദ്ദുൽ ഠാക്കൂർ, ദീപക് ചഹാർ, ജോഷ് ഹേസൽവുഡ്.
സ്പോർട്സ് ഡെസ്ക്