- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീറോടെ പൊരുതി ധവാനും ഹെറ്റ്‌മെയറും; ചെന്നൈയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ഒന്നാമത്; 137 റൺസ് വിജയ ലക്ഷ്യം മറികടന്നത് രണ്ട് പന്ത് ശേഷിക്കെ; ചൊവ്വാഴ്ച മുംബൈ - രാജസ്ഥാൻ പോരാട്ടം
ദുബായ്: ഐപിഎല്ലിൽ 'മുൻനിര'ക്കാരുടെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ചെന്നൈയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി തലപ്പത്തെത്തിയത്. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു. സ്‌കോർ ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 136-6, ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 139-7.
39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച ഷിമ്രോൺ ഹെറ്റ്‌മെയർ 18 പന്തിൽ 28 റൺസുമായി ഡൽഹിയെ ജയത്തിലെത്തിച്ചു. ജയത്തോടെ 20 പോയന്റിമായാണ് ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്.
പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് ഡൽഹിക്ക് മിന്നൽ തുടക്കമാണ് നൽകിയത്. 2.3 ഓവറിൽ സ്‌കോർ 24ൽ നിൽക്കെ 12 പന്തിൽ 18 റൺസെടുത്ത പൃഥ്വി ഷായെ മടക്കി ദീപക് ചാഹറാണ് ഡൽഹിക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. ശ്രേയസ് അയ്യർ രണ്ട് റൺസുമായും ക്യാപ്റ്റൻ റിഷഭ് പന്ത് പതിനഞ്ച് റൺസുമായും മടങ്ങി.
സ്മിത്തിന് പകരം ടീമിലെത്തി അരങ്ങേറ്റം കുറിച്ച റിപാൽ പട്ടേലിനെ കൂട്ടുപിടിച്ച് ശിഖർ ധവാൻ ഡൽഹയി അനായാസം ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും 100 കടക്കും മുമ്പെ വീഴ്‌ത്തി ചെന്നൈ ഡൽഹിയെ വരിഞ്ഞുകെട്ടി. റിപാൽ 18 റൺസ് എടുത്തു. അശ്വിനും വേഗത്തിൽ മടങ്ങിയതോടെ ഹെറ്റ്‌മെയറും അക്‌സറും ടീമിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി.
അക്‌സർ പട്ടേലിനെ ഒരറ്റത്ത് നിർത്തി ഷിമ്രോൺ ഹെറ്റ്‌മെയർ തകർത്തടിച്ചതോടെ ഡൽഹിക്ക് വീണ്ടും പ്രതീക്ഷയായി. രണ്ട് ഫോറും ഒരു സിക്‌സും പറത്തി ഹെറ്റ്‌മെയർ 18 പന്തിൽ നേടിയ 28 റൺസ്
ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ആറ് റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഡൽഹി രണ്ട് റൺസെടുത്തു. അടുത്ത പന്ത് വൈഡായി. ഒരു റൺസ് ഓടിയതോ ജയത്തിലേക്ക് അഞ്ച് പന്തിൽ രണ്ട് റൺസായി ലക്ഷ്യം. അടുത്ത പന്തിൽ അക്‌സർ പട്ടേൽ പുറത്ത്. നാലാം പന്തിൽ റബാദ ബൗണ്ടറിയടിച്ച് ഡൽഹിയുടെ ജയം ആഘോഷിച്ചു. ചെന്നൈക്കായി ജഡേജയും ഷർദ്ദുൽ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്ൽ 136 റൺസെടുത്തത്. 43 പന്തിൽ 55 റൺസെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ഡൽഹിക്കായി അക്‌സർ പട്ടേൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
സീസണിൽ മികച്ച ഫോം തുടരുന്ന ചെന്നൈ ഓപ്പണർമാർ ഡൽഹിക്കെതിരെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. അക്‌സറിനെ സിക്‌സടിക്കാനുള്ള ഡൂപ്ലെസിയുടെ ശ്രമം ഡീപ് സ്‌ക്വയർ ലെഗ്ഗിൽ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങി. അഞ്ചാം ഓവറിൽ ഗെയ്ക്വാദിനെ(13) ഷോർട്ട് ബോളിൽ അശ്വിന്റെ കൈകളിലെത്തിച്ച റബാദ ചെന്നൈക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. ഫോമിലുള്ള ഓപ്പണർമാരെ നഷ്ടമായതോടെ ചെന്നൈയുടെ സ്‌കോറിങ് ഇഴഞ്ഞു നീങ്ങി.
സീസണിലാദ്യമായി പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ച റോബിൻ ഉത്തപ്പക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 19 പന്തിൽ 19 റൺസെടുത്ത ഉത്തപ്പയെ അശ്വിൻ സ്വന്തം ബൗളിംഗിൽ പിടികൂടിയപ്പോൾ മൊയീൻ അലിയെ(5) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് അക്‌സർ അരട്ടപ്രഹരമേൽപ്പിച്ചു.
62-4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത് ധോണി-അംബാട്ടി റായുഡു സഖ്യമാണ്. അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടയർത്തിയ ഇരുവരും ചേർന്ന് ചെന്നൈയെ 100 കടത്തി. ഇന്നിങ്‌സിലെ ആദ്യ സിക്‌സിനായി പതിനെട്ടാം ഓവർ വരെ കാത്തരിക്കേണ്ടിവന്നു ചെന്നൈക്ക്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റായുഡുവാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
40 പന്തിൽ അർധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നൽകി. ഒമ്പതാം ഓവറിൽ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറിയും ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നില്ല. അവസാന ഓവറിലെ ആദ്യ പന്തിൽ 26 പന്തിൽ 18 റൺസെടുത്ത ധോണിയെ ആവേശ് ഖാൻ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
ചൊവ്വാഴ്ച നടക്കുന്ന നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസിനെ നേരിടും. ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയിച്ചേ തീരു.
സ്പോർട്സ് ഡെസ്ക്