ദുബായ്: നാലാം കിരീടം ലക്ഷ്യമിട്ട് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്. മൂന്നാം കിരീടത്തിൽ മുത്തമിടാൻ ഒയിൻ മോർഗന്റെ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിന്നാലാം സീണിൽ കിരീടം തിരിച്ചുപിടിക്കാൻ മുൻ ചാമ്പ്യന്മാരുടെ നേർക്കുനേർ പോരാട്ടം. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഫൈനൽ.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ ഓർമകൾ ഈ സീസണിലെ മികച്ച പ്രകടനത്തോടെ ഇല്ലാതാക്കിയാണ് സൂപ്പർ കിങ്സിന്റെ ഫൈനൽ പ്രവേശനം. പോയന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ചെന്നൈ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്താണ് ഫൈനലിന് നേരിട്ട് ടിക്കറ്റെടുത്തത്.

മറുവശത്ത് യു.എ.ഇയിൽ നടന്ന രണ്ടാം പാദത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് കൊൽക്കത്ത പോയന്റ് പട്ടികയിലെ താഴേതട്ടിൽ നിന്നും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നത്. തുടർന്ന് എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെയും വീഴ്‌ത്തിയാണ് മോർഗനും സംഘവും ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

ധോനിക്ക് കീഴിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ടീമിന്റെ ഒമ്പതാം ഐപിഎൽ ഫൈനലാണിത്. 2010, 2011, 2018 സീസണുകളിൽ കിരീടം ചൂടിയപ്പോൾ 2008, 2012, 2013, 2015, 2019 സീസണുകളിൽ നടന്ന ഫൈനലുകളിൽ തോറ്റു. ഇതിൽ 2012-ലെ ഫൈനൽ തോൽവി കൊൽക്കത്തയോടായിരുന്നു. 2012, 2014 വർഷങ്ങളിൽ ഫൈനൽ കളിച്ച കൊൽക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.

മിന്നും ഫോമിലുള്ള ഓപ്പണർമാരും സ്ഥിരത പുലർത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ ഓപ്പണർമാരായ റിതുരാജ് ഗെയ്കവാദും ഫാഫ് ഡുപ്ലെസിയും ഇതുവരെ 1150 റൺസ് നേടി. കൊൽക്കത്തയുടെ ശുഭ്മാൻ ഗിൽ വെങ്കടേഷ് അയ്യർ ഓപ്പണിങ് സഖ്യം 747 റൺസ് നേടി.

ബാറ്റിങ്ങിൽ റോബിൻ ഉത്തപ്പയും ധോനിയും ഫോം വീണ്ടെടുത്തത് ചെന്നൈക്ക് ആശ്വാസമാണ്. ബ്രാവോ, ജഡേജ എന്നിവരും ഫോമിലാണ്.

മറുവശത്ത് വെങ്കടേഷ് അയ്യർ ടീമിലെത്തിയതോടെ ആകെ മാറ്റം വന്ന നിരയാണ് കൊൽക്കത്തയുടേത്. ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി എന്നിവരുടെ ഫോമും അവർക്ക് കരുത്താണ്. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ശിവം മാവി, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങിയ ബൗളിങ് നിര ഏതൊരു ബാറ്റിങ് നിരയേയും പിടിച്ചുകെട്ടാൻ കെൽപ്പുള്ളവരാണ്.

ഫിനിഷിംഗിൽ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ചെന്നൈയ്ക്ക് നേരിയ മേൽക്കൈ നൽകുന്നുണ്ട്. ആന്ദ്രേ റസൽ ശാരീരികക്ഷമത വീണ്ടെടുത്താൽ ആരെ ഒഴിവാക്കും എന്നുള്ളതാണ് കൊൽക്കത്തയുടെ തലവേദന. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ഷാക്കിബ് അൽ ഹസ്സൻ സ്പിൻ ത്രയത്തിന്റെ കെണിയിൽ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.

പേസ് ഡിപ്പാർട്മെന്റിൽ കൂടുതൽ വൈവിധ്യം ചെന്നൈക്കെങ്കിൽ ലോക്കി ഫെർഗ്യൂസന്റെ അതിവേഗ പന്തുകളിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ദുബായിലെ വിജയശതമാനത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഫൈനലിലെത്തിയ രണ്ട് വട്ടവും കൊൽക്കത്ത ചാംപ്യന്മാരായെങ്കിൽ ഒമ്പതാം ഫൈനലിൽ മൂന്നാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.

ഒറ്റനോട്ടത്തിൽ പിച്ചിലെ ചതിക്കുഴികൾ തിരിച്ചറിയുന്ന എം എസ് ധോണിയും നായകമികവു കൊണ്ട് മാത്രം ടീമിൽ തുടരുന്ന ഓയിൻ മോർഗനും കൊമ്പുകോർക്കുമ്പോൾ പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതം.