- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവി മുന്നിൽ കണ്ടിട്ടും രണ്ടും കൽപ്പിച്ച് റാഷിദ് ഖാൻ; ദൗത്യം ഏറ്റെടുത്ത് കില്ലർ മില്ലറും; കൈവിട്ട കളി തിരിച്ചുപിടിച്ച വീരോചിത പോരാട്ടം; ഒരു പന്ത് ശേഷിക്കെ ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിച്ച് മില്ലർ; ചെന്നൈയ്ക്കെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം
മുംബൈ: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ത്രസിപ്പിക്കുന്ന ജയം. ഒരു പന്ത് ബാക്കിനിൽക്കെയാണു ഗുജറാത്ത് 170 വിജയലക്ഷ്യം മറികടന്നത്. സ്‌കോർ ചെന്നൈ: 20 ഓവറിൽ 169- 5; ഗുജറാത്ത് 19.5 ഓവറിൽ 170 - 7.
പൂണെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലർ (51 പന്തിൽ 94), റാഷിദ് ഖാൻ (21 പന്തിൽ 40) എന്നിവരാണ് ഗുജറാത്തിന്റെ വിജയശിൽപ്പികൾ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യം മറികടുന്നു. ജയത്തോടെ ഗുജറാത്തിന് ആറ് മത്സരങ്ങളിൽ 10 പോയിന്റായി. ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം. ഇത്രയും മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്.
വൃദ്ധിമാൻ സാഹ (18 പന്തിൽ 11), ശുഭ്മാൻ ഗിൽ (ഒരു പന്തിൽ 0), വിജയ് ശങ്കർ (2 പന്തിൽ 0), അഭിനവ് മനോഹർ (12 പന്തിൽ 2 ഫോർ അടക്കം 12) രാഹുൽ തെവാത്തിയ (14 പന്തിൽ 6) എന്നീ ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ ബാറ്റിങ് വെടിക്കെട്ടാണ് (51 പന്തിൽ 8 ഫോറും 6 സിക്‌സും അടക്കം 94 നോട്ടൗട്ട്) ഗുജറാത്തിനെ മത്സരത്തിൽ തിരികെ എത്തിച്ചത്.
8 ഓവറിൽ 48 റൺസ് എടുക്കുന്നതിനിടെ ഗുജറാത്തിനു 4 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. 13ാം ഓവറിൽ രാഹുൽ തെവാത്തിയ കൂടി പുറത്താതോടെ തോൽവി മുഖാമുഖം കണ്ട സമയത്ത് ക്യാപ്റ്റൻ റാഷിദ് ഖാൻ (21 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 40) മില്ലർക്കു കൂട്ടാളിയായെത്തിയതും മത്സരത്തിൽ നിർണായകമായി. ക്രിസ് ജോർദാന്റെ 18ാം ഓവറിൽ 3 സിക്‌സും ഒരു ഫോറും അടിച്ച റാഷിദ് ഖാൻ ഗുജറാത്ത് സാധ്യതകൾ സജീവമാക്കിയതിനു ശേഷമാണു 19ാം ഓവറിൽ പുറത്തായത്. മില്ലർ ക്രീസിൽ നിൽക്കെ അവസാന ഓവറിൽ 13 റൺസാണു ഗുജറാത്തിനു വേണ്ടിയിരുന്നത്.
ക്രിസ് ജോർദാനെത്തന്നെയാണു ജഡേജ 20ാം ഓവർ എറിയാൻ നിയോഗിച്ചത്. ആദ്യ 2 പന്തിലും റൺ നേടാനായില്ലെങ്കിലും മില്ലർ 3ാം പന്ത് സിക്‌സറടിച്ചു. 4ാം പന്തിൽ മില്ലർ പുറത്തായെങ്കിലും അരയ്ക്കു മുകളിൽ പന്ത് ഉയർത്തി എറിഞ്ഞതിനാൽ അംപയർ നോ ബോൾ വിളിച്ചു. ഫ്രീ ഹിറ്റിൽ മില്ലർ ഫോറടിച്ചു. ഇതോടെ ഗുജറാത്തി ജയത്തിന് അവസാന 2 പന്തിൽ വേണ്ടത് 2 റൺസ്. 5ാം പന്തിൽ ഡബിൾ ഓടിയെടുത്ത മില്ലർ ടീമിനെ ജയത്തിലുമെത്തിച്ചു.
മോശം തുടക്കമായിരുന്നു ഗുജറാത്തിന്. നാല് ഓവർ പൂർത്തിയാവും മുമ്പ് അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിൽ ശുഭ്മാൻ ഗില്ലിനെ മുകേഷ് റോബിൻ ഉത്തപ്പയുട കൈകളിലെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് ഗിൽ മടങ്ങുന്നത്. തൊട്ടടുത്ത ഓവറിൽ രണ്ട് വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. വിജയ് ശങ്കറെ (0) നേരിട്ട രണ്ടാം പന്തിൽ തന്നെ തീക്ഷ്ണ മടക്കി. എം എസ് ധോണിക്കായിരുന്നു ക്യാച്ച്. അതേ ഓവറിൽ അഭിനവ് മനോഹറെ (12) മൊയീൻ അലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ വൃദ്ധിമാൻ സാഹയും (11) പവലിയനിൽ തിരിച്ചെത്തി. ഇതോടെ നാലിന് 48 എന്ന നിലയിലായിരുന്നു ഗുജറാത്ത്. തെവാട്ടിയയും (6) മടങ്ങിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായിരുന്നു.
കേവലം 21 പന്തുകൾ മാത്രം നേരിട്ടാണ് റാഷിദ് ഖാൻ കളിയുടെ ഗതി മറ്റിയത്. ക്യാപ്റ്റൻ 40 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അഫ്ഗാൻ താരത്തിന്റെ ഇന്നിങ്സ്. ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ പുറത്തായെങ്കിലും ഗുജറാത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പന്തിൽ അൽസാരി ജോസഫ് മടങ്ങിയെങ്കിലും മില്ലർ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഡ്വെയ്ൻ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് നേടി.
നേരത്തെ, പൂണെയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അർധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 46 റൺസെടുത്ത അമ്പാട്ടി റായുഡു മികച്ച പിന്തുണ നൽകി. അൽസാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ റോബിൻ ഉത്തപ്പ (3), മൊയീൻ അലി (1) എന്നിവരെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാൽ ഒരറ്റത്ത് ഗെയ്കവാദ് പിടിച്ചുനിന്നതോടെ റൺസൊഴുകി.
റായുഡു പിന്തുണയും നൽകി. ഇരുവരും 92 റൺസാണ് കൂട്ടിചേർത്തത്. റായുഡുവിനെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് അൽസാരി ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടെ റിതുരാജ് യഷ് ദയാലിന് ക്യാച്ച് നൽകി. അഞ്ച് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിങ്സ്. അവസാനങ്ങളിൽ ശിവം ദുബെ (17 പന്തിൽ 19), രവീന്ദ്ര ജഡേജ (12 പന്തിൽ 22) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. മുഹമ്മദ് ഷമി, യഷ് ദയാൽ ഒരോ വിക്കറ്റ് വീഴ്‌ത്തി.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ റാഷിദ് ഖാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാൽ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്.
സ്പോർട്സ് ഡെസ്ക്