- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ.പി.എൽ കലാശപ്പോരിൽ ടോസ് കൊൽക്കത്തയ്ക്ക്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു; ക്വാളിഫയറിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെ ഇരു ടീമുകളും; ക്രിക്കറ്റ് പൂരത്തിന്റെ കൊട്ടിക്കലാശത്തെ ആവേശത്തോടെ വരവേൽക്കാൻ ആരാധകർ
ദുബായ്: ഐ.പി.എൽ പതിന്നാലാം സീസണിലെ ഫൈനലിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. ഡൽഹിക്കെതിരെ ആദ്യ ക്വാളിഫയർ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊൽക്കത്ത ഫൈനലിനിറങ്ങുന്നത്. ഓൾ റൗണ്ടർ ആന്ദ്രെ റസൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അൽ ഹസൻ സ്ഥാനം നിലനിർത്തി.
ഡൽഹിക്കെതിരെ ഒന്നാം ക്വാളിഫയർ കളിച്ച ടീമിൽ ചെന്നൈ സൂപ്പർ കിങ്സും മാറ്റങ്ങളൊന്നും വരുത്തിയില്ല. മിന്നും ഫോമിലുള്ള ഓപ്പണർമാരും സ്ഥിരത പുലർത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റെയും പ്രത്യേകത. ഓപ്പണർമാരായ റുതുരാജ് ഗെയ്കവാദും ഫാഫ് ഡുപ്ലെസിയും നൽകുന്ന മിന്നുന്ന തുടക്കത്തിലാണ് ചെന്നൈയുടെ ബാറ്റിങ് പ്രതീക്ഷകൾ.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ ഓർമകൾ ഈ സീസണിലെ മികച്ച പ്രകടനത്തോടെ ഇല്ലാതാക്കിയാണ് സൂപ്പർ കിങ്സിന്റെ ഫൈനൽ പ്രവേശനം. പോയന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ചെന്നൈ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്താണ് ഫൈനലിന് നേരിട്ട് ടിക്കറ്റെടുത്തത്.
മറുവശത്ത് യു.എ.ഇയിൽ നടന്ന രണ്ടാം പാദത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് കൊൽക്കത്ത പോയന്റ് പട്ടികയിലെ താഴേതട്ടിൽ നിന്നും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നത്. തുടർന്ന് എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെയും വീഴ്ത്തിയാണ് മോർഗനും സംഘവും ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ധോനിക്ക് കീഴിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ടീമിന്റെ ഒമ്പതാം ഐപിഎൽ ഫൈനലാണിത്. 2010, 2011, 2018 സീസണുകളിൽ കിരീടം ചൂടിയപ്പോൾ 2008, 2012, 2013, 2015, 2019 സീസണുകളിൽ നടന്ന ഫൈനലുകളിൽ തോറ്റു. ഇതിൽ 2012-ലെ ഫൈനൽ തോൽവി കൊൽക്കത്തയോടായിരുന്നു. 2012, 2014 വർഷങ്ങളിൽ ഫൈനൽ കളിച്ച കൊൽക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.
ബാറ്റിങ്ങിൽ റോബിൻ ഉത്തപ്പയും ധോനിയും ഫോം വീണ്ടെടുത്തത് ചെന്നൈക്ക് ആശ്വാസമാണ്. ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസി എന്നിവരുടെ ഫോമാണ് ചെന്നൈയുടെ കരുത്ത്. ബ്രാവോ, ജഡേജ എന്നിവരും ഫോമിലാണ്.
മറുവശത്ത് വെങ്കടേഷ് അയ്യർ ടീമിലെത്തിയതോടെ ആകെ മാറ്റം വന്ന നിരയാണ് കൊൽക്കത്തയുടേത്. ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി എന്നിവരുടെ ഫോമും അവർക്ക് കരുത്താണ്. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ശിവം മാവി, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങിയ ബൗളിങ് നിര ഏതൊരു ബാറ്റിങ് നിരയേയും പിടിച്ചുകെട്ടാൻ കെൽപ്പുള്ളവരാണ്.
ഫിനിഷിംഗിൽ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ചെന്നൈയ്ക്ക് നേരിയ മേൽക്കൈ നൽകുന്നുണ്ട്. സ്പിന്നർമാരാണ് കൊൽക്കത്തയുടെ കരുത്ത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, സ്പിൻ ദ്വയത്തിന്റെ കെണിയിൽ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.
പേസ് ഡിപ്പാർട്മെന്റെൽ കൂടുതൽ വൈവിധ്യം ചെന്നൈക്കെങ്കിൽ ലോക്കി ഫെർഗ്യൂസന്റെ അതിവേഗ പന്തുകളിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ദുബായിലെ വിജയശതമാനത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഫൈനലിലെത്തിയ രണ്ട് വട്ടവും കൊൽക്കത്ത ചാംപ്യന്മാരായെങ്കിൽ ഒമ്പതാം ഫൈനലിൽ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്