- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലയുടെ വിളയാട്ടവും ചെന്നൈയെ രക്ഷിച്ചില്ല; ധോണിയുടെ അർധ സെഞ്ചുറിക്ക് രഹാനെയുടെ മറുപടി; 132 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് കൊൽക്കത്ത; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് ജയം; നായകൻ ശ്രേയസിന് ജയത്തോടെ അരങ്ങേറ്റം
മുംബൈ: ഐപിഎല്ലിൽ പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്. ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 34 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റൺസെടുത്ത ഓപ്പണർ അജിങ്ക്യ രഹാനെയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ.
ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ ആധികാരിക ജയം കുറിക്കാൻ ശ്രേയസിനും സംഘത്തിനുമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒൻപതു പന്തും ആറു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. ഇതോടെ, കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈയോടേറ്റ തോൽവിക്കും പുത്തൻ താരനിരയുമായി കൊൽക്കത്ത പകരം വീട്ടി.
ബോളർമാർ മികവു കാട്ടിയതോടെ പരിചയസമ്പത്തുകൊണ്ട് രണ്ട് വെറ്ററൻ താരങ്ങളാണ് ബാറ്റുകൊണ്ട് കോട്ട കെട്ടിയത്. ചെന്നൈ സൂപ്പർ കിങ്‌സിനായി ആ റോൾ മുൻ നായകൻ മഹേന്ദ്രസിങ് ധോണി (50*) നിർവഹിച്ചെങ്കിൽ, കൊൽക്കത്ത ഇന്നിങ്‌സിൽ ഓപ്പണറായി എത്തിയ രഹാനെ ടോപ് സ്‌കോററായി. 34 പന്തുകൾ നേരിട്ട രഹാനെ ആറു ഫോറും ഒരു സിക്‌സും സഹിതം 44 റൺസെടുത്തു.
132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ അജിങ്ക്യ രഹാനെയും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് 38 പന്തിൽ നിന്ന് 43 റൺസ് കൂട്ടിച്ചേർത്തു. 16 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 16 റൺസെടുത്ത വെങ്കടേഷിനെ മടക്കി ഡ്വെയ്ൻ ബ്രാവോയാണ് ഈ കൂട്ടുകെട്ട് തകർത്തത്. തുടർന്ന് രണ്ടാം വിക്കറ്റിൽ നിതീഷ് റാണയെ കൂട്ടുപിടിച്ച് രഹാനെ സ്‌കോർ 76 വരെയെത്തിച്ചു.
17 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 21 റൺസെടുത്ത റാണയേയും ബ്രാവോയാണ് പുറത്താക്കിയത്. തുടർന്ന് നിലയുറപ്പിച്ചിരുന്ന രഹാനെയെ 12-ാം ഓവറിൽ മിച്ചൽ സാന്റ്നർ മടക്കിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ - സാം ബില്ലിങ്സ് സഖ്യം 36 റൺസ് ചേർത്തുകൊൽക്കത്തയെ 100 കടത്തി. 22 പന്തിൽ നിന്ന് 25 റൺസ് നേടിയ ബില്ലിങ്സ് 18-ാം ഓവറിൽ മടങ്ങിയെങ്കിലും ശ്രേയസ് അയ്യർ കൂടുതൽ നഷ്ടങ്ങളില്ലാതെ കൊൽക്കത്തയെ വിജയത്തിലെത്തിച്ചു. 19 പന്തുകൾ നേരിട്ട ശ്രേയസ് 20 റൺസോടെ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മിച്ചൽ സാന്റ്‌നർ നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന താരമായി ലസിത് മലിംഗയ്‌ക്കൊപ്പം ബ്രാവോയും മാറി. ഇരുവർക്കും നിലവിൽ 170 വിക്കറ്റ് വീതമുണ്ട്. ലസിത് മലിംഗ വിരമിച്ചതിനാൽ ബ്രാവോയ്ക്ക് ഇനി അനായാസം മുന്നിലെത്താം. അമിത് മിശ്ര (166), പിയൂഷ് ചൗള (157), ഹർഭജൻ സിങ് (150) എന്നിവരാണ് പിന്നിലുള്ളത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ എം.എസ് ധോനിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 38 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം ധോനി 50 റൺസോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ധോനിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മൂന്നാം പന്തിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ (0) നഷ്ടമായി. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഇത്തവണ ആദ്യ മത്സരത്തിൽ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. പിന്നാലെ നിലയുറപ്പിക്കാൻ പാടുപെട്ട സഹ ഓപ്പണർ ഡെവോൺ കോൺവെയുടെ (3) ഉഴമായിരുന്നു. അഞ്ചാം ഓവറിൽ ഉമേഷ് യാദവാണ് കോൺവെയെ മടക്കിയത്. ഋതുരാജിനെ പുറത്താക്കിയതും ഉമേഷ് തന്നെ.
തുടർന്ന് മികച്ച തുടക്കമിട്ട റോബിൻ ഉത്തപ്പയെ മടക്കി വരുൺ ചക്രവർത്തി ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 28 റൺസെടുത്ത ഉത്തപ്പയെ എട്ടാം ഓവറിൽ വരുണിന്റെ പന്തിൽ ഷെൽഡൻ ജാക്ക്സൺ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് അമ്പാട്ടി റായുഡു റണ്ണൗട്ടായതും ചെന്നൈക്ക് തിരിച്ചടിയായി. 17 പന്തിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 15 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം. പിന്നീടെത്തിയ ശിവം ദുബെയും (3) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ജഡേജ - ധോനി സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകൾ നേരിട്ട ജഡേജ 26 റൺസോടെ പുറത്താകാതെ നിന്നു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങിയത്. ഇതിഹാസ താരം എം.എസ് ധോനിയിൽ നിന്ന് ചെന്നൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത രവീന്ദ്ര ജഡേജയുടെ തുടക്കം തോൽവിയോടെയായി. മറുവശത്തുകൊൽക്കത്ത ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജയത്തോടെ ആഘോഷിക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു.
സ്പോർട്സ് ഡെസ്ക്