- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പണർമാർ തുടക്കത്തിൽ വീണപ്പോൾ മികച്ച കൂട്ടുകെട്ടുമായി മനീഷ് പാണ്ഡെ - ജോണി ബെയർസ്റ്റോ സഖ്യം; വിക്കറ്റു കാത്തുസൂക്ഷിച്ചപ്പോൾ റൺറേറ്റ് ഉയർത്താൻ മറന്നു; മികച്ച ബൗളിംഗുമായി പാറ്റ് കമ്മിൻസും സംഘവും; ഐപിഎല്ലിൽ സൺറൈസേഴ്‌സിനെ 10 റൺസിന് തകർത്ത കൊൽക്കത്തയ്ക്ക് വിജയത്തുടക്കം; തിങ്കളാഴ്ച രാജസ്ഥാനും പഞ്ചാബും നേർക്കുനേർ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തകർത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിൽ വിജയത്തുടക്കം. കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 പന്തിൽ നിന്ന് 3 സിക്സും 2 ഫോറുമടക്കം 61 റൺസെടുത്ത മനീഷ് പാണ്ഡെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായതോടെ വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിൽ അമിത ശ്രദ്ധ കൊടുത്തപ്പോൾ വിജയത്തിന് ആവശ്യമായ റൺറേറ്റ് കാത്തുസൂക്ഷിക്കാന് മറന്നതാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടിയായത്.
അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ കൊൽക്കത്ത ബോളർമാരും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ആന്ദ്രേ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ സൺറൈസേഴ്‌സിന് വിജയത്തിലേക്ക് 22 റൺസ് വേണമായിരുന്നെങ്കിലും നേടാനായത് 11 റൺസ് മാത്രം.
10 റൺസിനിടെ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ സൺറൈസേഴ്‌സിനെ, മൂന്നാം വിക്കറ്റിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മനീഷ് പാണ്ഡെ ജോണി ബെയർസ്റ്റോ സഖ്യം സംരക്ഷിച്ചെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇരുവരും 65 പന്തിൽ സ്‌കോർ ബോർഡിൽ എത്തിച്ചത് 92 റൺസ്.
ബെയർസ്റ്റോ 40 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 55 റൺസെടുത്തു. പാണ്ഡെ 44 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു.
വൃദ്ധിമാൻ സാഹ (ആറു പന്തിൽ ഏഴ്), ഡേവിഡ് വാർണർ (നാലു പന്തിൽ മൂന്ന്), മുഹമ്മദ് നബി (11 പന്തിൽ 14), വിജയ് ശങ്കർ (ആറു പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന മനീഷ് പാണ്ഡെയ്ക്ക് റൺനിരക്ക് ഉയർത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. അബ്ദുൽ സമദ് എട്ട് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
കൊൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. പാറ്റ് കമ്മിൻസ് നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ആന്ദ്രേ റസ്സൽ മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തിൽ 53 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റൺസെടുത്ത ഗില്ലിന്റെ കുറ്റി തെറിപ്പിച്ച് റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഗിൽ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയും സൺറൈസേഴ്സ് ബൗളർമാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റിൽ നിതിഷ് റാണയ്ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ പുറത്തായത്. 29 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം രാഹുൽ 53 റൺസെടുത്തു.
ഓപ്പണിങ് വിക്കറ്റിലും രണ്ടാം വിക്കറ്റിലും അർധസെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്താണ് കൊൽക്കത്ത ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ഓപ്പണിങ് വിക്കറ്റിൽ നിതീഷ് റാണ ശുഭ്മാൻ ഗിൽ സഖ്യം 42 പന്തിൽ 53 റൺസും രണ്ടാം വിക്കറ്റിൽ നിതീഷ് റാണ രാഹുൽ ത്രിപാഠി സഖ്യം 50 പന്തിൽ 93 റൺസും കൂട്ടിച്ചേർത്തു.
എന്നാൽ അവസാന ഓവറുകളിൽ പിടിമുറുക്കിയ ഹൈദരാബാദ് ബോളർമാർ കൊൽക്കത്തയെ ശ്വാസം മുട്ടിച്ചെങ്കിലും, ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ 16 റൺസടിച്ച ദിനേഷ് കാർത്തിക്ക് അവരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. കാർത്തിക് ഒൻപത് പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.
15 ഓവർ പൂർത്തിയാകുമ്പോൾ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്ത, അനായാസം 200 കടക്കുമെന്ന് ഉറപ്പിച്ചതാണ് ആരാധകർ. എന്നാൽ, 16, 17, 18, 19 ഓവറുകളിലായി അവർക്ക് നേടാനായത് 26 റൺസ് മാത്രം. നാലു വിക്കറ്റും നഷ്ടമാക്കി.
ശുഭ്മാൻ ഗിൽ 13 പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 15 റൺസെടുത്തു. കൊൽക്കത്ത ഏറെ പ്രതീക്ഷ വച്ച ആന്ദ്രേ റസ്സൽ, ക്യാപ്റ്റൻ ഒയിൻ മോർഗൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ പൂർണമായും നിരാശപ്പെടുത്തി. റസ്സലിന് നേടാനായത് അഞ്ച് പന്തിൽ അഞ്ച് റൺസ് മാത്രം. മോർഗൻ മൂന്നു പന്തിൽ രണ്ടു റൺസുമായി കൂടാരം കയറി. ഷാക്കിബ് അഞ്ച് പന്തിൽ മൂന്നു റൺസെടുത്തും പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക് ഒൻപത് പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.
എല്ലാവരും കനത്ത പ്രഹരമേറ്റു വാങ്ങിയപ്പോഴും മധ്യ ഓവറുകളിൽ കൊൽക്കത്തയെ പിടിച്ചുനിർത്തിയ അഫ്ഗാൻ താരം റാഷിദ് ഖാനാണ് സൺറൈസേഴ്‌സ് നിരയിലെ ബോളിങ് ഹീറോ. റാഷിദ് ഖാൻ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. മറ്റൊരു അഫ്ഗാൻ താരം മുഹമ്മദ് നബി നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ഉറച്ച പിന്തുണ നൽകി. ഭുവനേശ്വർ കുമാർ, ടി.നടരാജൻ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
സ്പോർട്സ് ഡെസ്ക്