അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 124 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാരാണ് പേരുകേട്ട പഞ്ചാബ് ബാറ്റിങ് നിരയെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി കരുതലോടെയാണ് ഓപ്പണർമാരായ കെ.എൽ.രാഹുലും മായങ്ക് അഗർവാളും കളിച്ചത്. ആദ്യ അഞ്ചോവറിൽ വെരും 29 റൺസ് മാത്രമാണ് ഇരുവർക്കും ചേർന്ന് നേടാനായത്.

തൊട്ടടുത്ത ഓവറിൽ നായകൻ രാഹുലിനെ മടക്കി പാറ്റ് കമ്മിൻസ് പഞ്ചാബിന്റെ ആദ്യ വിക്കറ്റെടുത്തു. 20 പന്തുകളിൽ നിന്നും 19 റൺസെടുത്ത താരത്തിന്റെ ഷോട്ട് സുനിൽ നരെയ്നിന്റെ കൈയിലൊതുങ്ങി.

പിന്നാലെ വന്ന ക്രിസ് ഗെയ്ൽ നേരിട്ട ആദ്യ പന്തിൽ തന്നെ ശിവം മാവിക്ക് വിക്കറ്റ് സമ്മാനിച്ചു. ഇതോടെ പഞ്ചാബ് 38 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. രണ്ട് വിക്കറ്റ് തുടരെ വീണതോടെ പഞ്ചാബ് സമ്മർദത്തിലായി. സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു.

ഗെയ്ലിന് പിന്നാലെ വന്ന ദീപക് ഹൂഡയ്ക്കും പിടിച്ചു നിൽക്കാനായില്ല. ഒരു റൺസ് മാത്രമെടുത്ത ദീപക് ഹൂഡയെ പ്രസിദ്ധ് കൃഷണ മടക്കി. ഇതോടെ പഞ്ചാബ് 42 ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

പിന്നീട് സ്‌കോർ ഉയർത്താൻ മായങ്ക് ശ്രമിച്ചെങ്കിലും സ്‌കോർ 60-ൽ നിൽക്കേ 34 പന്തുകളിൽ നിന്നും 31 റൺസെടുത്ത താരത്തെ സുനിൽ നരെയ്ൻ പുറത്താക്കി. പിന്നീട് ക്രീസിൽ നിക്കോളാസ് പൂരനും മോയിസ് ഹെന്റിക്കസും ഒത്തുചേർന്നു.

എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് നരെയ്ൻ വീണ്ടും പഞ്ചാബ് ബാറ്റിങ്ങിൽ വിള്ളൽ വീഴ്‌ത്തി. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ നരെയ്ൻ ക്ലീൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ 19 റൺസെടുത്ത പൂരനെ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയതോടെ പഞ്ചാബ് 79 ന് ആറ് വിക്കറ്റ് എന്ന ദാരുണമായ സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന ഷാരൂഖ് ഖാൻ 13 റൺസെടുത്തെങ്കിലും താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ഇതോടെ പഞ്ചാബ് സ്‌കോർ 95 ന് ഏഴ് എന്നായി. പിന്നാലെവന്ന രവി ബിഷ്ണോയിയെ മടക്കി പാറ്റ് കമ്മിൻസ് പഞ്ചാബിന്റെ എട്ടാം വിക്കറ്റ് പിഴുതു.

18-ാം ഓവറിലെ രണ്ടാം പന്തിലാണ് പഞ്ചാബ് സ്‌കോർ 100 കടന്നത്. അവസാന ഓവറുകളിൽ അടിച്ചു തകർത്ത ക്രിസ് ജോർഡനാണ് പഞ്ചാബിനെ മൂന്നക്കം കടക്കാൻ സഹായിച്ചത്. 18 പന്തുകളിൽ നിന്നും 30 റൺസെടുത്ത ജോർഡൻ അവസാന ഓവറിലെ നാലാം പന്തിലാണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്.

കൊൽക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ശിവം മാവി വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.