- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശ് ഖാനും അക്സറിനും മുന്നിൽ മൂക്കുകുത്തി മുംബൈ ബാറ്റിങ് നിര; 33 റൺസ് എടുത്ത സൂര്യകുമാർ ടോപ് സ്കോറർ; നൂറ് കടത്തിയത് പാണ്ഡ്യ ബ്രദേഴ്സ്; നിർണായക മത്സരത്തിൽ ഡൽഹിക്ക് 130 റൺസ് വിജയലക്ഷ്യം
ഷാർജ: ഷാർജയിലെ വേഗം കുറഞ്ഞ പിച്ചിൽ ഡൽഹി ബൗളർമാരുടെ കടന്നാക്രമണത്തിൽ തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 130 റൺസ് വിജയലക്ഷ്യം മാത്രമാണ് മുംബൈ ബാറ്റിങ് നിരയ്ക്ക് മുന്നോട്ടുവെയ്ക്കാനായത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. പേരുകേട്ട മുംബൈ ബാറ്റിങ് നിരയിലെ മറ്റാർക്കും തന്നെ സ്കോറിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല.
കണിശതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ മുംബൈയെ 129 റൺസിൽ ഒതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആവേശ് ഖാനും അക്സർ പട്ടേലുമാണ് മുംബൈയെ തകർത്തത്. നാല് ഓവറിൽ വെറും 15 റൺസ് മാത്രം മാത്രം വിട്ടുകൊടുത്താണ് ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അക്സർ പട്ടേൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത നോർക്യയും ഡൽഹിക്കായി തിളങ്ങി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് രണ്ടാം ഓവറിലെ തിരിച്ചടിയേറ്റു. ഏഴ് റൺസെടുത്ത ക്യാപ്റ്റന് രോഹിത് ശർമയെ തുടക്കത്തിലെ നഷ്ടമായതോടെ മുംബൈയുടെ സ്കോറിങ് മന്ദഗതിയിലായി. കൂടുതൽ വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും പവർ പ്ലേയിൽ മുംബൈക്ക് നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് മാത്രം. ഏഴാം ഓവറിൽ 19 റൺസുമായി ക്വിന്റൺ ഡിക്കോക്കും മടങ്ങി.
അശ്വിനെതിരെ രണ്ട് ബൗണ്ടറികളും റബാഡക്കെതിരെ സിക്സും നേടി സൂര്യകുമാർ യാദവ് ഒരറ്റത്ത് പോരാട്ടം തുടർന്നു. എന്നാൽ സൂര്യകുമാറിനെ (26 പന്തിൽ 33)വീഴ്ത്തി അക്സർ പട്ടേൽ രണ്ടാം പ്രഹരം ഏൽപ്പിച്ചതോടെ മുംബൈ കിതച്ചു. സൗരഭ് തിവാരിക്ക് 18 പന്തിൽ നേടാനായത് 15 റൺസ് മാത്രം. ഒമ്പത് പന്തിൽ ആറു റൺസെടുത്ത കിറോൺ പൊള്ളാർഡിനെ ആൻ റിച്ച് നോർക്യ ബൗൾഡാക്കിയതോടെ മുംബൈ പതറി. മുംബൈ 87-5ലേക്ക് കൂപ്പുകുത്തി.
അവസാന ഓവറുകളിൽ ആഞ്ഞടിക്കാനായില്ലെങ്കിലും ഹർദ്ദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ 100 കടത്തിയത്. മുംബൈ ഇന്നിങ്സിൽ ആകെ പിറന്നത് എട്ട് ബൗണ്ടറികളും രണ്ട് സിക്സുകളും മാത്രമാണ്. ആന്റിക്ക് നോർട്യയും ആവേശ് ഖാനും എറിഞ്ഞ പതിനഞ്ചാമത്തെയും പതിനാറാമത്തെയും ഓവറിൽ മുംബൈ നേടിയത് ഒരു റൺസ് മാത്രം.
പതിനെട്ടാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യയെ യോർക്കറിൽ ക്ലീൻ ബൗൾഡാക്കി ആവേശ് ഖാൻ മംബൈയുടെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു. അതേ ഓവറിൽ കോൾട്ടർനൈലിനെയും മടക്കി ആവേശ് ഖാൻ മുംബൈയുടെ ആവേശം തണുപ്പിച്ചു. അവസാന ഓവറിൽ അശ്വിനെതിരെ 13 റൺസ് നേടാനായാതാണ് മുംബൈയെ 129ൽ എത്തിച്ചത്. അവസാന പന്ത് സിക്സിന് പറത്തി ക്രുനാൽ പാണ്ഡ്യ(13)യാണ് വിജയലക്ഷ്യം 130 റൺസാക്കി ഉയർത്തിയത്.
സ്പോർട്സ് ഡെസ്ക്