- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ദ്രെ റസ്സലിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന് രാഹുൽ ചഹാറിന്റെ മറുപടി; അവസാന ഓവറിൽ തകർപ്പൻ ബൗളിങുമായി ബോൾട്ടും ബുംറയും; ജയത്തിലേക്ക് മുന്നേറിയ കൊൽക്കത്തയെ പിടിച്ചുകെട്ടിയ രോഹിത്തിന്റെ നായക മികവ്; പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന ജയവുമായി മുംബൈ ഇന്ത്യൻസ്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബൗളർമാരുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റൺസിന് കീഴടക്കിയ മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവസാന ഓവറുകളിലെ മുറുക്കമാർന്ന ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയ മുംബൈ, 10 റൺസിനാണ് ആദ്യ ജയം കുറിച്ചത്. ബാറ്റിങ്ങിലെ പോരായ്മ ബോളിങ്ങിലൂടെ പരിഹാരം കണ്ട മുംബൈ ഇന്ത്യൻസ് അവിസ്മരണീയ ജയമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.
ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ കൊൽക്കത്തയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 15 റൺസ്. എന്നാൽ, അവസാന ഓവറിൽ നാലു റൺസ് വിട്ടുകൊടുത്ത് ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കി ബോൾട്ട് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. ബോൾട്ട് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
അതേസമയം, നാല് ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത രാഹുൽ ചാഹറിന്റെ പ്രകടനമാണ് മുംബൈ വിജയത്തിലെ ഹൈലൈറ്റ്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 72 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്തയെ, തകർച്ചയിലേക്ക് തള്ളിവിട്ടത് ചാഹറാണ്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും നായകൻ രോഹിത്തിന്റെ പ്രതീക്ഷകൾ നടപ്പാക്കി.
ഒരു മികച്ച ഇന്നിങ്സിനുശേഷം ഗോൾഡൻ ഡക്കാകുന്ന 'പതിവ്' അവസാനിപ്പിച്ച് അർധസെഞ്ചുറി കുറിച്ച ഓപ്പണർ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 47 പന്തുകൾ നേരിട്ട റാണ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം റാണ അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 53 പന്തിൽനിന്ന് 72 റൺസടിച്ചാണ് ഇരുവരും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഗിൽ 24 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തു. ഇവർക്കുശേഷം കൊൽക്കത്ത നിരയിൽ ഒരാൾക്കുപോലും രണ്ടക്കം കാണാനായില്ല.
24 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 33 റൺസെടുത്ത ഗില്ലിനെ രാഹുൽ ചഹാർ പൊള്ളാർഡിന്റെ കൈയിലെത്തിച്ചു.
പിന്നാലെ വന്ന രാഹുൽ ത്രിപതിയെ മടക്കി ചഹാർ കൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമേകി. വെറും അഞ്ചുറൺസെടുത്ത താരത്തെ ചഹാർ ഡി കോക്കിന്റെ കൈയിലെത്തിച്ചു. രാഹുൽ മടങ്ങുമ്പോൾ 10.3 ഓവറിൽ 84 ന് രണ്ട് എന്ന നിലയിലായി കൊൽക്കത്ത. രാഹുലിന് പകരമെത്തിയ നായകൻ ഒയിൻ മോർഗനെ കൂട്ടുപിടിച്ച് നിതീഷ് റാണ 12.1 ഓവറിൽ കൊൽക്കത്ത സ്കോർ 100 കടത്തി. തൊട്ടുപിന്നാലെ താരം അർധസെഞ്ചുറി പൂർത്തിയാക്കി. 40 പന്തുകളിൽ നിന്നുമാണ് റാണ അർധശതകം പൂർത്തിയാക്കിയത്. താരത്തിന്റെ ഐ.പി.എല്ലിലെ 13-ാം അർധസെഞ്ചുറിയാണിത്.
സ്കോർ 104-ൽ നിൽക്കെ രാഹുൽ ചഹാർ വീണ്ടും കൊൽക്കത്തയ്ക്ക് തിരിച്ചടി നൽകി. കൊൽക്കത്ത നായകൻ ഒയിൻ മോർഗനെ പുറത്താക്കി രാഹുൽ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. വെറും ഏഴ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
അധികം വൈകാതെ ടീമിന്റെ കുന്തമുനയായ നിതീഷ് റാണയും പവലിയനിലേക്ക് മടങ്ങി. 47 പന്തുകളിൽ നിന്നും ആറ് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 57 റൺസെടുത്ത റാണയെ മടക്കി ചാഹർ നാലാം വിക്കറ്റ് സ്വന്തമാക്കി. ചാഹറിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ 9 റൺസെടുത്ത ഷാക്കിബ് അൽ ഹസ്സനെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ കൊൽക്കത്തയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. ഇതോടെ കൊൽക്കത്ത 122 ന് അഞ്ച് എന്ന നിലയിലായി.
പിന്നീട് ക്രീസിലൊത്തുചേർന്ന ദിനേഷ് കാർത്തിക്-ആന്ദ്രെ റസ്സൽ സഖ്യം റൺസ് കണ്ടെത്താൻ വിഷമിച്ചതോടെ മുംബൈ ക്യാമ്പിൽ വിജയപ്രതീക്ഷയുണർന്നു. അവസാന രണ്ടോവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. 19-ാം ഓവർ എറിഞ്ഞ ബുംറ വെറും നാല് റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ 15 റൺസ് വേണ്ട അവസ്ഥ വന്നു.
അവസാന ഓവറിലെ മൂന്നാം പന്തിൽ റസ്സലിനെ പുറത്താക്കിയ ബോൾട്ട് അടുത്ത പന്തിൽ പാറ്റ് കമ്മിൻസിനെ പുറത്താക്കി മുംബൈയ്ക്ക് വിജയമുറപ്പിച്ചു. അവസാന രണ്ട് പന്തുകളിൽ 13 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തിൽ
മുംബൈയ്ക്ക് വേണ്ടി രാഹുൽ ചാഹർ നാലോവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ കൃത്യം 20 ഓവറിൽ 152 റൺസിന് ഓൾഔട്ടായി. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ, അവസാന അഞ്ച് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ അവർക്ക് നേടാനായത് 38 റൺസ് മാത്രം. ഈ ഏഴിൽ അഞ്ച് വിക്കറ്റുകളും 18, 20 ഓവറുകൾ ബോൾ ചെയ്ത ആന്ദ്രെ റസ്സൽ നേടി. രണ്ട് ഓവറിൽ 15 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സൽ, മുംബൈയ്ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും സ്വന്തം പേരിലാക്കി. പിന്തള്ളിയത് ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലിനെ! ഐപിഎൽ ചരിത്രത്തിൽ ഒരു കൊൽക്കത്ത താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഇതുതന്നെ.
സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടമായ മുംബൈയ്ക്ക്, രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സൂര്യകുമാർ യാദവ് രോഹിത് ശർമ സഖ്യമാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയിട്ടത്. 51 പന്തുകൾ ക്രീസിൽനിന്ന ഇരുവരും അടിച്ചെടുത്തത് 76 റൺസ്. ഇവർക്കൊഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനാകാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.
മുംബൈ ഇന്നിങ്സിലെ ഏക അർധസെഞ്ചുറി സ്വന്തമാക്കിയ സൂര്യകുമാർ യാദവ് 36 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ മൂന്നു ഫോറും ഒരേയൊരു സിക്സും സഹിതം 43 റൺസെടുത്തും പുറത്തായി. ഇവരൊഴികെ മുംബൈ നിരയിൽ രണ്ടക്കം കണ്ടത് 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, 11 റൺസെടുത്ത ക്രുണാൽ പാണ്ഡ്യ എന്നിവർ മാത്രം. 17 പന്തിൽ രണ്ടു ഫോറുകളോടെയാണ് ഹാർദിക് 15 റൺസെടുത്തത്. ക്രുണാൽ എട്ടു പന്തിൽ മൂന്നു ഫോറുകളോടെ 11 റൺസും നേടി.
മുംബൈ നിരയിൽ ഓപ്പണർ ക്വിന്റൻ ഡികോക്ക് (ആറു പന്തിൽ രണ്ട്), ഇഷാൻ കിഷൻ (മൂന്നു പന്തിൽ ഒന്ന്), കീറൺ പൊള്ളാർഡ് (എട്ടു പന്തിൽ അഞ്ച്), മാർക്കോ ജെൻസൻ (0), ജസ്പ്രീത് ബുമ്ര (0), രാഹുൽ ചാഹർ (ഏഴു പന്തിൽ എട്ട്) എന്നിവരെല്ലാം തീർത്തും നിരാശപ്പെടുത്തി.
കൊൽക്കത്തയ്ക്കായി ആന്ദ്രെ റസ്സൽ രണ്ട് ഓവറിൽ 15 വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. പാറ്റ് കമ്മിൻസ് നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. വരുൺ ചക്രവർത്തി നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഷാക്കിബ് അൽ ഹസൻ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്