- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹർഷാലിന് ഹാട്രിക്; ബാംഗ്ലൂരിന് മുന്നിൽ മൂക്കുകുത്തി മുംബൈ; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും തകർന്നടിഞ്ഞ് ബാറ്റിങ് നിര; തുടർച്ചയായ മൂന്നാം തോൽവി; കോലിക്കും സംഘത്തിനും 54 റൺസിന്റെ വമ്പൻ ജയം
ദുബായ്: ഹർഷാൽ പട്ടേലിന്റെ ഹാട്രിക് കരുത്തിൽ മുംബൈ ഇന്ത്യൻസിനെ മൂക്കുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 54 റൺസിനാണ് രോഹിത് ശർമ്മയുടെ ടീമിനെതിരെ വിരാട് കോലിയുടെ സംഘം തകർത്ത് വിട്ടത്. മികച്ച തുടക്കം ഓപ്പണർമാർ നൽകിയിട്ടും മുതലാക്കാനാകാതെ കൂടാരം കയറിയ മുംബൈയുടെ മധ്യനിരയാണ് കനത്ത തോൽവിയിലേക്ക് ടീമിനെ തള്ളിവിട്ടത്.
166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 18.1 ഓവറിൽ 111 റൺസെടുക്കാനേയായുള്ളൂ. ഹർഷാൽ നാലും ചഹൽ മൂന്നും മാക്സ്വെൽ രണ്ടും സിറാജ് ഒന്നും വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി 20 ഓവറിൽ ആറ് വിക്കറ്റിന് 165 റൺസെടുത്തു. ആർസിബിക്കായി നായകൻ വിരാട് കോലിയു, ഗ്ലെൻ മാക്സ്വെല്ലും അർധ സെഞ്ചുറി കണ്ടെത്തി. അവസാന രണ്ട് ഓവറിൽ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ആർസിബിയെ കൂറ്റൻ സ്‌കോറിൽ നിന്ന് തടുത്തത്.
ആർസിബിയുടെ ഇന്നിങ്സിൽ ബുമ്രയുടെ രണ്ടാം ഓവറിലെ നാലാം പന്തിൽ ദേവ്ദത്ത് പടിക്കൽ അക്കൗണ്ട് തുറക്കാതെ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ നായകൻ വിരാട് കോലിയും വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും തകർപ്പനടികളുമായി 68 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. രാഹുൽ എറിഞ്ഞ ഒൻപതാം ഓവറിൽ സൂര്യകുമാറിന്റെ കൈകളിൽ ഭരത് എത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഭരത് 24 പന്തിൽ രണ്ട് വീതം സിക്സറും ഫോറും സഹിതം 32 റൺസ് നേടി.
കോലിക്കൊപ്പം ചേർന്ന മാക്സ്വെൽ താളം കണ്ടെത്തിയതോടെ 13-ാം ഓവറിൽ ആർസിബി 100 കടന്നു. കോലി 40 പന്തിൽ ഫിഫ്റ്റി കണ്ടെത്തി. എന്നാൽ തൊട്ടുപിന്നാലെ കോലിയെ(42 പന്തിൽ 51) മിൽനെ പുറത്താക്കി. മൂന്ന് വീതം സിക്സറും ഫോറും കോലിയുടെ ഇന്നിങ്സിലുണ്ടായിരുന്നു. വൈകാതെ 33 പന്തിൽ മാക്സ്വെൽ ഫിഫ്റ്റി പൂർത്തിയാക്കി.
19, 20 ഓവറുകളിൽ ബുമ്രയും ബോൾട്ടും മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 19-ാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര അടുത്ത പന്തുകളിൽ മാക്സ്വെല്ലിനെയും(37 പന്തിൽ 56) എബിഡിയെയും(6 പന്തിൽ 11) പറഞ്ഞയച്ചു. അവസാന ഓവറിൽ ബോൾട്ട് ഷഹ്ബാസ് അഹമ്മദിനെ(3 പന്തിൽ 1) മടക്കി. ഡാനിയേൽ ക്രിസ്റ്റ്യനും(1), കെയ്ൽ ജാമീസണും(2) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമ്മയും ക്വിന്റൺ ഡികോക്കും മുംബൈ ഇന്ത്യൻസിന് നൽകിയത്. പവർപ്ലേയിൽ ഇരുവരും 56 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കോലിക്ക് ബ്രേക്ക് ത്രൂ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഏഴാം ഓവറിൽ പന്തേൽപിച്ച നായകന്റെ പ്രതീക്ഷ ചഹൽ കാത്തു. സിക്സറിന് ശ്രമിച്ച ഡികോക്ക്(23 പന്തിൽ 24) മാക്സ്വെല്ലിന്റെ കൈകളിൽ ഭദ്രമായി.
മാക്സ്വെൽ എറിഞ്ഞ 10-ാം ഓവറിൽ ഇഷാൻ കിഷന്റെ ഷോട്ടിൽ ബോൾ തട്ടി കൈക്ക് പരിക്കേറ്റതിന് രണ്ട് പന്തുകൾക്കപ്പുറം ഹിറ്റ്മാൻ പുറത്തായി. സിക്സറിന് ശ്രമിച്ച് ബൗണ്ടറിലൈനിൽ പടിക്കലിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം രോഹിത് 43 റൺസ് നേടി. ചഹലിന്റെ തൊട്ടടുത്ത ഓവറിൽ കിഷനും(12 പന്തിൽ 9) വിക്കറ്റ് നഷ്ടമാക്കി.
അഞ്ചാമനായി സ്ഥാനക്കയറ്റം കിട്ടിയിട്ട് മുതലാക്കാൻ ക്രുനാൽ പാണ്ഡ്യക്കായില്ല. മാക്സ്വെല്ലിന്റെ 14-ാം ഓവറിൽ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച ക്രുനാലിന്റെ(11 പന്തിൽ 5) വിക്കറ്റ് തെറിച്ചു. സൂര്യകുമാർ യാദവായിരുന്നു അലക്ഷ്യ ഷോട്ടിന്റെ അടുത്ത ഇര. വൈഡ് ലൈനിന് പുറത്ത് സിറാജ് എറിഞ്ഞ സ്ലോ ബോളിൽ ബാറ്റുവെച്ച സൂര്യകുമാർ(9 പന്തിൽ 8) ഷോർട് തേഡ് മാനിൽ ചഹലിന്റെ കൈകളിലെത്തി.
വെടിക്കെട്ട് വീരന്മാരായ കീറോൺ പൊള്ളാർഡിന്റെയും ഹർദിക് പാണ്ഡ്യയുടേയും ഊഴമായിരുന്നു അടുത്തത്. 16 ഓവറിൽ 105 റൺസാണ് മുംബൈക്കുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഹർദിക്കിനെ(6 പന്തിൽ 3) കോലിയുടെ കൈകളിൽ ഹർഷാലെത്തിച്ചു. തൊട്ടടുത്ത പന്തിൽ പൊള്ളാർഡ്(10 പന്തിൽ 7) ബൗൾഡ്. മൂന്നാം പന്തിൽ രാഹുൽ ചഹാറിനെ(0) എൽബിയിൽ കുടുക്കി ഹർഷാൽ ഹാട്രിക് തികച്ചു. മുംബൈ 110-8.
ചഹലിന്റെ പതിനെട്ടാം ഓവറിൽ ജസ്പ്രീത് ബുമ്രയും(6 പന്തിൽ 5), ഹർഷാലിന്റെ 19-ാം ഓവറിലെ ആദ്യ പന്തിൽ മിൽനെയും(0) മടങ്ങിയതോടെ മുംബൈ കനത്ത തോൽവി വഴങ്ങുകയായിരുന്നു. ഹർഷാൽ 3.1 ഓവറിൽ 17 റൺസിന് നാലും ചഹൽ നാല് ഓവറിൽ 11ന് മൂന്നും മാക്സ്വെൽ 23ന് രണ്ടും സിറാജ് മൂന്ന് ഓവറിൽ 15ന് ഒന്നും വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്