- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പണർമാരുടെ മികവിൽ തുടക്കത്തിലെ കുതിപ്പ്; വിക്കറ്റുകൾ വീണപ്പോൾ അമിത പ്രതിരോധം; മുംബൈ ഇന്ത്യൻസിനെ 150 റൺസിൽ പിടിച്ചുകെട്ടി ഹൈദരാബാദ് ബോളർമാർ; തകർത്തടിച്ച് ബെയർസ്റ്റോ; ഹൈദരാബാദിന് മികച്ച തുടക്കം
ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയ്ക്ക് അത് മുതലാക്കാൻ സാധിച്ചില്ല. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സ് ഉൾപ്പെടെ നേടിയ 17 റൺസാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
40 റൺസെടുത്ത ക്വിന്റൺ ഡി കോക്കും 35 റൺസ് നേടിയ പൊള്ളാർഡും മാത്രമാണ് മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച സൺറൈസേഴ്സ് ബൗളർമാർ പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി. ഹൈദരാബാദിനു വേണ്ടി വിജയ് ശങ്കർ, മുജീബുർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും, ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി.
മുബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് വെറും 5.3 ഓവറിൽ ടീം സ്കോർ 50 കടത്തി. രോഹിത്തായിരുന്നു കൂടുതൽ അപകടകാരി. ബൗളർമാരെ അനായാസം ഇരുവരും നേരിട്ടു.
എന്നാൽ ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം വിജയ് ശങ്കറിനെ സൺറൈസേഴ്സ് നായകൻ വാർണർ പന്ത് ഏൽപ്പിച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ശങ്കർ അപകടകാരിയായ രോഹിത് ശർമയെ മടക്കി. 25 പന്തുകളിൽ നിന്നും 32 റൺസെടുത്ത രോഹിത്തിനെ ശങ്കർ വിരാട് സിങ്ങിന്റെ കൈയിലെത്തിച്ചു. രോഹിത് മടങ്ങുമ്പോൾ 6.3 ഓവറിൽ 55 ന് ഒരുവിക്കറ്റ് എന്ന നിലയിലായി മുംബൈ.
രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. നന്നായി തുടങ്ങിയെങ്കിലും 10 റൺസ് മാത്രമെടുത്ത സൂര്യകുമാറിനെ പുറത്താക്കി വിജയ് ശങ്കർ വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നൽകി. സ്കോർ 71-ൽ നിൽക്കേ വേഗം കുറഞ്ഞ പന്തിലാണ് ശങ്കർ സൂര്യകുമാറിനെ പുറത്താക്കിയത്.
രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈയുടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷൻ സ്കോർ ചെയ്യാൻ നന്നായി പാടുപെട്ടു. ഡി കോക്കിനും വേഗം നഷ്ടപ്പെട്ടു. സ്കോർ 98-ൽ നിൽക്കേ ഡി കോക്കിനെ മുജീബുർ റഹ്മാൻ പുറത്താക്കി. 39 പന്തുകളിൽ നിന്നും 40 റൺസെടുത്ത ഡി കോക്ക് പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി.
വൈകാതെ ഇഷാൻ കിഷനും പുറത്തായി. 12 റൺസെടുത്ത കിഷനെ മുജീബുർ റഹ്മാൻ പുറത്താക്കി. കിഷന് പകരം ഹാർദിക് പാണ്ഡ്യ പൊള്ളാർഡിന് കൂട്ടായി ക്രീസിലെത്തി. പക്ഷേ ഹാർദിക്കിനും സൺറൈസേഴ്സ് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും ഏഴ് റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് പുറത്താക്കി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത പൊള്ളാർഡാണ് ടീം സ്കോർ 150 കടത്തിയത്. 35 റൺസെടുത്ത പൊള്ളാർഡും മൂന്ന് റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയും പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്