- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിങ് വെടിക്കെട്ടുമായി നായകൻ കെ എൽ രാഹുൽ; തകർത്തടിച്ച് ദീപക് ഹൂഡയും ക്രിസ് ഗെയ്ലും; റൺമല തീർത്ത് പഞ്ചാബ് കിങ്സ്; രാജസ്ഥാൻ റോയൽസിന് 222 റൺസ് വിജയലക്ഷ്യം
മുംബൈ: ഐ.പി.എല്ലിൽ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റൺമല തീർത്ത് പഞ്ചാബ് കിങ്സ്. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് പഞ്ചാബ് ഉയർത്തിയത്
മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് രണ്ട് വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായി. ആദ്യഓവറിലെ മൂന്നാം പന്തിൽ ഓപ്പണർ ബെൻ സ്റ്റോക്‌സിനെ റിട്ടേൺ ക്യാച്ചിലൂടെ മുഹമ്മദ് ഷമി പുറത്താക്കി. നാലാം ഓവറിലെ രണ്ടാം പന്തിൽ മനൻ വോറയെ റിട്ടേൺ ക്യാച്ചിലൂടെ അർഷ്ദീപ് സിങ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. കൈവിട്ട ക്യാച്ചുകളും ബോളിങ്ങിലെ മൂർച്ചക്കുറവുമാണ് രാജസ്ഥാന് തിരിച്ചടിയായി. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു, ആകെ എട്ടു താരങ്ങളെയാണ് ബോളിങ്ങിൽ പരീക്ഷിച്ചത്. ഇതിൽ ആറു പേരും ഓവറിൽ ശരാശരി 10 റൺസിൽ കൂടുതൽ വഴങ്ങി.
കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്നു ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട പഞ്ചാബ് കിങ്‌സ് നായകൻ കെ.എൽ. രാഹുൽ, ദീപക് ഹൂഡ എന്നിവരുടെ തകർപ്പൻ അർദ്ധ സെഞ്ചുറികളാണ് ടീമിന് കരുത്തായത്.
ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്‌സും സഹിതം 91 റൺസെടുത്തു. വ്യക്തിഗത സ്‌കോർ 15ൽ നിൽക്കെ ശ്രേയസ് ഗോപാലിന്റെ പന്തിൽ രാഹുൽ നൽകിയ ക്യാച്ച് അവസരം ബെൻ സ്റ്റോക്‌സ് കൈവിട്ടിരുന്നു. ഒടുവിൽ രാഹുൽ തെവാത്തിയയുടെ തകർപ്പൻ ക്യാച്ചിലാണ് രാഹുൽ മടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്‌കോർ 22-ൽ എത്തിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാളിനെ (14) നഷ്ടമായി.
രണ്ടാം വിക്കറ്റിൽ ക്രിസ് ഗെയ്‌ലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രാഹുൽ ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റിൽ 43 പന്തുകൾ ക്രീസിൽനിന്ന രാഹുൽ ഗെയ്ൽ സഖ്യം അടിച്ചുകൂട്ടിയത് 67 റൺസാണ്. ഗെയ്ൽ 28 പന്തിൽ നാലു ഫോറും രണ്ടു സിക്‌സും സഹിതം 40 റൺസെടുത്തു.
പിന്നീട് മൂന്നാം വിക്കറ്റിൽ രാഹുൽ ദീപക് ഹൂഡ സഖ്യം 46 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 105 റൺസ്! ഹൂഡ വെറും 28 പന്തിൽനിന്ന് നാലു ഫോറും ആറു സിക്‌സും സഹിതം 64 റൺസെടുത്ത് പുറത്തായി. 20 പന്തിൽനിന്നാണ് ഹൂഡ അർധസെഞ്ചുറി പിന്നിട്ടത്. 28 പന്തുകൾ നേരിട്ട ഹൂഡ ആറു സിക്സും നാലു ഫോറുമടക്കം 64 റൺസെടുത്തു. ഹൂഡ പുറത്തായ ശേഷമെത്തിയ നിക്കോളാസ് പുരൻ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
16.25 കോടിയുടെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാനിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 45 റൺസ് വഴങ്ങിയ മുസ്താഫിസുർ റഹ്‌മാൻ, മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയ ശ്രേയസ് ഗോപാൽ, രണ്ട് ഓവറിൽ 25 റൺസ് വഴങ്ങിയ രാഹുൽ തെവാത്തിയ, ഒരു ഓവറിൽ 20 റൺസ് വഴങ്ങിയ ശിവം ദുബെ, ഒരു ഓവറിൽ 12 റൺസ് വഴങ്ങിയ ബെൻ സ്റ്റോക്‌സ് എന്നിവർ നിരാശപ്പെടുത്തി.
നേരത്തെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് വിജയിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഐപിഎലിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തും മുൻപ് കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് സഞ്ജു. 137 മത്സരങ്ങൾ കളിച്ച ശേഷം ടീമിനെ നയിക്കാൻ അവസരം ലഭിച്ച മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡാണ് ഇക്കാര്യത്തിൽ മുന്നിൽ.
111 മത്സരങ്ങൾക്കു ശേഷം ക്യാപ്റ്റൻ സ്ഥാനം ലഭിച്ച പഞ്ചാബിന്റെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രണ്ടാമതുണ്ട്. രാജസ്ഥാൻ, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി 107 മത്സരങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സഞ്ജുവിന് ആദ്യമായി നായകസ്ഥാനം ലഭിക്കുന്നത്.
സ്പോർട്സ് ഡെസ്ക്