അബുദാബി: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 93 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ 92 റൺസ് മാത്രമേ നേടാനായുള്ളു. മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 56 റൺസ് എന്ന നിലയിലാണ്.

നാലോവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി മൂന്ന് ബാംഗ്ലൂർ വിക്കറ്റുകൾ വീഴ്‌ത്തിയ വരുൺ ചക്രവർത്തിയാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറിൽ ചുരുട്ടിക്കെട്ടിയത്. ആന്ദ്രെ റസലും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 22 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.

പന്തെടുത്ത എല്ലാ ബൗളർമാരും അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് കൊൽക്കത്ത നിരയിലെ സവിശേഷത. ക്യാപ്റ്റൻ വിരാട് കോലി 5(4) ആണ് ആദ്യം പുറത്തായത്. പ്രസീദ് കൃഷ്ണ കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കൽ 22(20), ശ്രീകർ ഭരത് 16(19), എ.ബി. ഡിവില്ലിയേഴ്‌സ് 0(1), ഗ്ലെൻ മാക്‌സ്വെൽ 10(17), വാണിന്ദു ഹസരംഗ 0(1) എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

മലയാളി താരം സച്ചിൻ ബേബി 7(17)യും നിരാശപ്പെടുത്തി. മാക്‌സ്വെൽ,ഹസരംഗ, സച്ചിൻ ബേബി എന്നിവരെയാണ് ചക്രവർത്തി പുറത്താക്കിയത്. ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്‌ത്തി. നാലോവറിൽ വിക്കറ്റൊന്നും നേടിയില്ലെങ്കിലും വെറും 20 റൺസ് മാത്രം വഴങ്ങി സുനിൽ നരെയ്‌നും കൊൽക്കത്ത ബൗളിങ്ങിൽ തിളങ്ങി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ക്യാപ്റ്റൻ വിരാട് കോലി നിറം മങ്ങി.കൊൽക്കത്തക്കെതിരായ പോരാട്ടത്തിൽ അഞ്ച് റൺസ് മാത്രമെടുത്ത കോലിയെ രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിന് മുന്നിൽ കുടുക്കി. പ്രസിദ്ധിനെതിരെ മനോഹരമായൊരു കവർ ഡ്രൈവ് ബൗണ്ടറി നേടിയശേഷം അടുത്ത പന്തിലാണ് കോലി വീണത്.

കോലി തുടക്കത്തിലെ മടങ്ങിയശേഷം മലയാളി താരം ദേവ്ദത്ത് പടിക്കലും അരങ്ങേറ്റക്കാരൻ ശ്രീകർ ഭരത്തും പവർപ്ലേയിൽ പിടിച്ചു നിന്നതോടെ ബാംഗ്ലൂർ കരകയറുമെന്ന് തോന്നിച്ചു. എന്നാൽ പവർപ്ലേയിലെ അവസാന പന്തിൽ ആന്ദ്രെ റസൽ പടിക്കലിനെ(22) ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചതോടെ ബാംഗ്ലൂരിന്റെ തകർച്ച തുടങ്ങി. പിന്നാലെ എ ബി ഡിവില്ലിയേഴ്സിനെ(0) നേരിട്ട ആദ്യ പന്തിൽ മനോഹരമായൊരു യോർക്കറിൽ ക്ലീൻ ബൗൾഡാക്കിയ റസൽ ബാംഗ്ലൂരിനെ ഞെട്ടിച്ചു.

റസലിന്റെ ഇരട്ടപ്രഹരത്തിന് പിന്നാലെ വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു. പിടിച്ചു നിൽക്കാൻ ശ്രമിച്ച ഗ്ലെൻ മാക്സ്വെല്ലിനെ(10) ക്ലീൻ ബൗൾഡാക്കിയ ചക്രവർത്തി തൊട്ടടുത്ത പന്തിൽ വനിൻഡു ഹസരങ്കയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക്ക് നഷ്ടമായെങ്കിലും അടുത്ത ഓവറിൽ സച്ചിൻ ബേബിയെയും(7) വീഴ്‌ത്തി വരുൺ കൊൽക്കത്തയുടെ ബൗളിങ് ചക്രവർത്തിയായി. കെയ്ൽ ജയ്മിസണെ(4) ചക്രവർത്തി റണ്ണൗട്ടാക്കിയപ്പോൾ ഹർഷൽ പട്ടേലിനെ(12) ലോക്കി ഫെർഗൂസൻ യോർക്കറിൽ മടക്കി.

ആദ്യ ഘട്ടത്തിൽ ഏഴ് കളികളിൽ അഞ്ച് ജയവുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. ഏഴ് കളികളിൽ രണ്ട് ജയം മാത്രമുള്ള കൊൽക്കത്തയാകട്ടെ ഏഴാം സ്ഥാനത്തും. നിലമെച്ചപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ തയ്യാറെടുത്താണ് കൊൽക്കത്ത പോരാട്ടത്തിന് ഇറങ്ങിയത്.