ഷാർജ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 139 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് പവർപ്ലേയിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്പിന്നർമാർക്ക് മുന്നിൽ അടിപതറിയതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസിലൊതുങ്ങി. 33 പന്തിൽ 39 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ നാലോവറിൽ 21 റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി.

ബാറ്റിങ് നിരയിലെ കരുത്തരായ വിരാട് കോലി, ശ്രീകർ ഭരത്, ഗ്ലെൻ മാക്സ്വെൽ, ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി സുനിൽ നരെയ്നാണ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്. പിന്തുണയുമായി വരുൺ ചക്രവർത്തിയും ഷാക്കിബ് അൽ ഹസനും ഒപ്പം ചേർന്നു.

ഷാക്കിബ് അൽ ഹസൻ എറിഞ്ഞ ആദ്യ ഓവർ മുതൽ ആത്മിവശ്വാസസത്തോടെയാണ് കോലിയും പടിക്കലും തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ കോലി രണ്ടാം ഓവർ എറിഞ്ഞ ശിവം മാവിയുടെ അവസാന രണ്ട് പന്തിലും ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി. പവർ പ്ലേയിൽ ബാംഗ്ലൂർ കുതിക്കുന്നതിനിടെ ദേവ്ദത്ത് പടിക്കലിനെ ബൗൾഡാക്കി ഫെർഗുസൻ ബാംഗ്ലൂരിന് ബ്രേക്കിട്ടു.

ഫെർഗൂസന്റെ പന്ത് ദേവ്ദത്തിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. 18 പന്തുകളിൽ നിന്ന് 21 റൺസാണ് താരം നേടിയത്. ദേവ്ദത്തിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രീകർ ഭരത് ക്രീസിലെത്തി. 5.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു.

ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം ബാംഗ്ലൂർ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. മത്സരത്തിനിടെ ഭരതിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്ക് പാഴാക്കി. എന്നാൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഭരത് സുനിൽ നരെയ്ന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളിൽ നിന്ന് വെറും ഒൻപത് റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

ആദ്യ അഞ്ചോവറിൽ 50 റൺസ് കണ്ടെത്താൻ സാധിച്ച ബാംഗ്ലൂരിന് പിന്നീടുള്ള അഞ്ചോവറിൽ വെറും 20 റൺസ് മാത്രമാണ് നേടാനായത്. ഭരതിനുപകരം വിശ്വസ്തനായ ഗ്ലെൻ മാക്സ്വെല്ലാണ് ക്രീസിലെത്തിയത്. മാക്സ്വെൽ വന്ന ശേഷം കോലി ആക്രമിച്ച് കളിച്ചു. പതിയേ സ്‌കോർ ഉയർന്നു.

പത്താം ഓവറിൽ കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ഹീറോ ശ്രീകർ ഭരതിനെ(9) പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ നരെയ്ൻ തന്റെ രണ്ടാം ഓവറിൽ ക്യാപ്റ്റൻ വിരാട് കോലിയെയും(33 പന്തിൽ 39), മൂന്നാം ഓവറിൽ എ ബി ഡിവില്ലിയേഴ്‌സിനെയും(11), നാലാം ഓവറിൽ ഗ്ലെൻ മാക്‌സ്വെല്ലിനെയും(13) വീഴ്‌ത്തി ബാംഗ്ലൂരിന് കടിഞ്ഞാണിട്ടു. 33 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 39 റൺസാണ് കോലി നേടിയത്. പത്താം ഓവറിൽ 70ൽ എത്തിയ ബാംഗ്ലൂർ 14ാം ഓവറിലാണ് 100 കടന്നത്.

അവസാന ആറോവോറിൽ 38 റൺസ് മാത്രമാണ് ബാംഗ്ലൂരിന് കൂട്ടിച്ചേർക്കാനായത്. അവസാന ഓവറിൽ 12 റൺസടിച്ച ഹർഷൽ പട്ടേലും ഡാൻ ക്രിസ്റ്റ്യനും ചേർന്നാണ് ബാംഗ്ലൂരിനെ ഷാർജയിലെ സ്ലോ പിച്ചിൽ പൊതുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. കൊൽക്കത്തക്കായി നരെയ്ൻ നാലു വിക്കറ്റെടുത്തപ്പോൾ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റെടുത്തു.