- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
61 പന്തിൽ 103 റൺസ്; സീസണിലെ രണ്ടാം സെഞ്ചുറിയുമായി ബട്ലർ; പിന്തുണച്ച് പടിക്കലും സഞ്ജുവും; റൺമല തീർത്ത് രാജസ്ഥാൻ; കൊൽക്കത്തയ്ക്ക് ജയിക്കാൻ 218 റൺസ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 218 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു.
തകർപ്പൻ ഫോമിൽ കളിക്കുന്ന ജോസ് ബട്ലറുടെ സെഞ്ച്വറി 103(61) ആണ് രാജസ്ഥാന് ഗംഭീര സ്‌കോർ സമ്മാനിച്ചത്. സീസണിൽ ബട്ലർ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്നത്തേത്. നേരത്തെ മുംബൈ ഇന്ത്യൻസിനെതിരെയും ബട്ലർ സെഞ്ച്വറി നേടിയിരുന്നു.
ഒന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കൽ 24(18) ബട്ലർ സഖ്യം 9.4 ഓവറിൽ 97 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും തകർത്തടിച്ചു. 19 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും അടിച്ച സഞ്ജു ബട്ലർക്കൊപ്പം 14ാം ഓവറിൽ ടീം സ്‌കോർ 150 കടത്തി. പിന്നീട് അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പുറത്തായത്.
19 പന്തിൽ രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 38 റൺസെടുത്ത സാംസണെ 16ാം ഓവറിൽ ആന്ദ്രെ റസ്സൽ ശിവം മാവിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അടുത്ത രണ്ട് ഓവറുകളിൽ സെഞ്ചുറി തികച്ച ബട്ലറെയും പിഞ്ച് ഹിറ്റർ റിയാൻ പരാഗിനെയും (മൂന്നു പന്തിൽ അഞ്ച്) രാജസ്ഥാനു നഷ്ടമായി.
ബൗണ്ടറി ലൈനിൽ, പാറ്റ് കമ്മിൻസും ശിവം മാവിയും ചേർന്നു നടത്തിയ കിടിലൻ ഫീൽഡിങ്ങിലൂടെയാണ് പരാഗ് പുറത്തായത്. 19ാം ഓവറിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കരുൺ നായരെയും (അഞ്ച് പന്തിൽ മൂന്ന്) നഷ്ടമായി. അവസാന ഓവറിൽ ഷിമ്രോൺ ഹെറ്റ്‌മെയർ (13 പന്തിൽ 26*) രണ്ടു സിക്‌സും ഒരു ഫോറും നേടി.ഷിംറോൺ ഹെറ്റ്മയർ 13 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്നു. രവിചന്ദ്രൻ അശ്വിൻ രണ്ട് റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി, പാറ്റ് കമ്മിൻസ് ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
2008ൽ ഇതേദിനത്തിൽ, ബെംഗളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎലിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ ബ്രണ്ടൻ മക്കല്ലവും സെഞ്ചുറി (73 പന്തിൽ 158*) നേടിയിരുന്നു. മക്കല്ലത്തിന്റെ സെഞ്ചുറിക്കരുത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 222 റൺസാണ് അടിച്ചെടുത്തത്. ചരിത്രത്തിന്റെ ആ തനിയാവർത്തനം പോലെ ഇന്നു മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ സെഞ്ചുറിയുമായി തിളങ്ങിയത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ. 61 പന്തിൽ അഞ്ച് സിക്‌സറുകളുടെയും ഒൻപത് ഫോറുകളുടെയും അകമ്പടിയോടെയാണ് ബട്ലർ 103 റൺസെടുത്തത്.
സ്പോർട്സ് ഡെസ്ക്